ഡിംപിളിനു വേണ്ടി ഹാജരായത് 2 അഭിഭാഷകര്‍; കോടതിയില്‍ വാക്കുതര്‍ക്കം; ചന്തയല്ലെന്ന് മജിസ്ട്രേറ്റ്
കൊച്ചി: മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്, നിധിന് മേഘനാഥന്, സുദീപ്, രാജസ്ഥാന് സ്വദേശി ഡിംപിള്‍ ലാമ്പ എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജ്സ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച് അഫ്സലും ആളൂരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
ഇതേത്തുടര്‍ന്ന് ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്ട്രേറ്റ് ഡിംപിളിനോട് ചോദിച്ചു. അഫ്സലിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് ഡിംപിള്‍ മജിസ്ട്രേറ്റിനോട് പറഞ്ഞു. തുടര്‍ന്ന് കോടതിക്കുള്ളില്‍ ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് ഇരുവരോടും പറഞ്ഞു.
കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പാസ് വേര്‍ഡ് ലോക്കുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. നാലാംപ്രതി ഡിംപിളിന്റെ ഫോണും കണ്ടെടുക്കാനുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് 26-ാം തീയതി വരെ നാലുപ്രതികളെയും കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."