'ബലൂണിനേയും സൂചിയേയും അത് പിടിക്കുന്ന കൈകളേയും ബഹുമാനിക്കുന്നു' വി.ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ എം.കെ രാഘവന്‍
കോഴിക്കോട്: ശശി തരൂരിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ എം.പിയും. ശശി തരൂര്‍ എം.പിയുടെ മലബാര്‍ സന്ദര്‍ശനത്തില്‍ യാതൊരു വിഭാഗീയപ്രവര്‍ത്തനവുമില്ലെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. തങ്ങള്‍ എല്ലാവരേയും ബഹുമാനിക്കുന്നവരാണ്. കുത്തിയാല്‍ പൊട്ടുന്ന ബലൂണിനേയും സൂചിയേയും അത് പിടിക്കുന്ന കൈകളേയും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം വി.ഡി. സതീശന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി. ആരേയും എതിര്‍ക്കാനും നിരാകരിക്കാനും തങ്ങളില്ല. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. നേതൃത്വം വിളിച്ചാല്‍ സംസാരിക്കാന്‍ തയ്യാറാണ്. മാന്യമായ രാഷ്ട്രീയമാണ് തങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താന്‍ തരൂരിനൊപ്പം നിലയുറപ്പിച്ചതെന്നും എം.കെ. രാഘവന്‍ പറഞ്ഞു. ശശി തരൂരിനൊപ്പം തലശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയില്‍ ശശി തരൂര്‍ എം.പിയെ വിലക്കിയതിനെതിരെ കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. പരിപാടി വിലക്കിയതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി. പ്രസിഡന്റിനും പരാതി നല്‍കുമെന്ന നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ എം.കെ. രാഘവന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."