മാർക്ക് മടങ്ങി; ഓട്ടോക്കാരന്റെ ഖബറും കണ്ട്
ജലീൽ അരൂക്കുറ്റി
എട്ടായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള ആസ്ത്രേലിയയിലെ ക്വീൻസ്ലാൻഡിൽനിന്ന് കൊച്ചിയിലേക്ക് വിമാനം കയറുമ്പോൾ മാർക്ക് ക്ലവറിനുണ്ടായിരുന്നത്, കൊച്ചിക്കാരനായ ഓട്ടോ ഡ്രൈവർ ബിജുവിന്റെ കുടുംബത്തെ കാണണമെന്ന ലക്ഷ്യം മാത്രമായിരുന്നു. ഡ്രൈവറെന്നതിനപ്പുറം ഇരുവർക്കുമിടയിൽ വളർന്നിരുന്നത് അകലങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും അകറ്റാൻ കഴിയാത്ത സ്നേഹബന്ധമായിരുന്നു. കേരളത്തിലേക്കുള്ള ആദ്യ സന്ദർശനത്തിനിടെ മുറിയൻ ഇംഗ്ലീഷിലൂടെ ബിജു, മാർക്ക് ക്ലവറിന്റെ മനസിൽ അതിരുകൾ ഭേദിച്ച് കുടിയേറി. സുഹൃത്ത് കെവിനൊപ്പം കേരളത്തെ അറിഞ്ഞതും അനുഭവിച്ചതും ബിജുവിലൂടെയാണ്. അതിനിടെ, 13 വർഷം മുമ്പ് കേരളം നൽകിയ പ്രിയസുഹൃത്ത് മണ്ണിലേക്ക് മടങ്ങി.
കേരളത്തിലെ സൗഹൃദം ബിജുവിന്റെ വിയോഗത്തോടെ ഇല്ലാതായെങ്കിലും അവന്റെ വേരുകളൂന്നിയ കുടുംബത്തെ കാണാനാണ് ഒടുവിൽ മാർക്ക് കേരളത്തിലേക്ക് തിരിച്ചത്. പക്ഷേ, അവർ ഇപ്പോൾ താമസിക്കുന്ന വീടിന്റെ മേൽവിലാസം പോലും അറിയുമായിരുന്നില്ല. ആകെയുള്ളത് 20 വർഷം മുമ്പ് തനിക്കൊപ്പം നിൽക്കുന്ന കുടുംബചിത്രം മാത്രം. ഫ്രെയിം ചെയ്തു സൂക്ഷിക്കുന്ന ആ ചിത്രവുമായാണ് കൊച്ചി മഹാനഗരത്തിലെ പഴയ ഓട്ടോക്കാരന്റെ കുടുംബത്തെ തിരക്കി മാർക്ക് സഞ്ചാരം തുടങ്ങിയത്.
23 വർഷം മുമ്പാണ് മാർക്ക് ക്ലവറും സുഹൃത്ത് കെവിനും ആദ്യമായി കേരളത്തിലെത്തുന്നത്. യാദൃച്ഛികമായി മുന്നിലെത്തിയ യുവാവിന്റെ ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ചു. അവരെ താമസസ്ഥലത്തേക്ക് എത്തിക്കുന്നതിനിടയിൽ മുറി ഇംഗ്ലീഷ് വച്ച് ഓട്ടോഡ്രൈവർ പരിചയപ്പെട്ടു. നിഷ്കളങ്ക സംസാരം മാർക്കിനെയും സുഹൃത്തിനെയും ആകർഷിച്ചു. താമസിക്കുന്ന ഹോട്ടലിനു മുന്നിൽ പറഞ്ഞ സമയത്തു തന്നെ യുവാവ് ഓട്ടോയുമായി അടുത്തദിവസം എത്തി. അവിടെനിന്ന് അസാധാരണ സൗഹൃദത്തിന്റെ യാത്ര ആരംഭിക്കുകയായി. വൈക്കം ചെമ്പിൽ പുളിമൂട്ടിൽ പരേതനായ ജമാലിന്റെയും ബീവിയുടെയും മകനായ പി.ജെ ബിജുവെന്ന സാധാരണക്കാരനായ ഓട്ടോ തൊഴിലാളിയും ആസ്ത്രേലിയൻ പൗരനായ മാർക്കും തമ്മിലുള്ള അതിരുകളില്ലാത്ത സ്നേഹമസൃണമായ ജീവിതത്തിന്റെ ദീർഘയാത്ര.
മാർക്കും സുഹൃത്ത് കെവിനും പിന്നീട് കൊച്ചിയിലെത്തുമ്പോഴെല്ലാം ബിജുവിനെ മുൻകൂട്ടി അറിയിക്കും. 2000ത്തിലും 2002ലും 2007ലും അവർ കേരളത്തിലെത്തി ബിജുവിന്റെ ഓട്ടോയിൽ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചാണ് മടങ്ങിയത്. ഓരോ വരവും സൗഹൃദത്തിന്റെ ആഴം വർധിപ്പിച്ചു. ബിജുവിന്റെ കുടുംബത്തിലും ബന്ധുക്കളുടെ വീടുകളിലും മാർക്കും കെവിനും സന്ദർശനം നടത്തി. എല്ലാവരുമായും സ്നേഹം പങ്കുവച്ചാണ് ഇരുവരും മടങ്ങിയത്. 2009 മെയ് ഒന്നിന് ബിജു ഹൃദയാഘാതത്താൽ മരണപ്പെട്ടു. ഈ വിവരം സുഹൃത്ത് വഴിയാണ് മാർക്ക് അറിയുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയായിരുന്നു. പക്ഷേ, കേരളത്തിലെ പ്രിയപ്പെട്ട ഓട്ടോക്കാരനെ അവർക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രിയ സ്നേഹിതന്റെ ഖബറിടത്തിൽ
എല്ലാ മെയ് ഒന്നിനും ചർച്ചിൽ മെഴുകുതിരികൾ കത്തിച്ച് ബിജുവിന്റെ ഓർമപുതുക്കിവന്ന 65കാരനായ മാർക്ക്, സുഹൃത്തിന്റെ അനാഥ കുടുംബത്തെ തേടി ഈ മാസം 16നു വീണ്ടും കൊച്ചിയിലെത്തി. നിരവധി തവണ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചിട്ടുള്ള മാർക്കിന് ഇത്തവണ ബിജുവിന്റെ കുടുംബത്തെ കണ്ടെത്തുക മാത്രമായിരുന്നു ലക്ഷ്യം. കൊച്ചിയിലെത്തിയ മാർക്ക്, തന്റെ കൈയിലെ 20 വർഷം മുമ്പുള്ള ഫോട്ടോ കാണിച്ച് ഓട്ടോറിക്ഷക്കാർക്കിടയിൽ അലഞ്ഞു. ബിജുവും കുടുംബവും 16 വർഷം മുമ്പ് താമസിച്ചിരുന്ന വൈക്കം ചെമ്പിലെത്തി. അവിടെനിന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിജുവിന്റെ ഭാര്യയും കുട്ടികളും താമസിക്കുന്ന കാഞ്ഞിരമുറ്റത്തേക്ക്.
ഭാര്യ ഷാഹിനയെയും മക്കളായ യാസിമിനെയും യാസറിനെയും കണ്ടെത്തിയ മാർക്ക്, കൊച്ചി പള്ളുരുത്തിയിൽ താമസിക്കുന്ന ബിജുവിന്റെ മാതാവ് ബീവിയുടെയും സഹോദരൻ ജുനൈദിന്റെയും അരികിലെത്തി. ബിജുവിനെ മറവു ചെയ്തപള്ളുരുത്തി തങ്ങൾനഗറിലെ ജമാഅത്ത് പള്ളി ഖബർസ്ഥാനിലുമെത്തി. കുറച്ചുനേരം ഖബറിനരികെ മൗനമായി നിന്നു. തന്റെ സുഹൃത്തുമായുള്ള ജീവിതയാത്രയുടെ ഒാർമപുതുക്കി. പിന്നെ ബിജുവിന്റെ സഹോദരിയുടെ വീട്ടിലേക്കു പോയി. ബിജുവിന്റെ പിതാവ് ജമാൽ, അമ്മാവൻ അബുൽഹസൻ, അമ്മായി ബുഷ്റ എന്നിവരുടെ ഖബറിടങ്ങളും മട്ടാഞ്ചേരിയിലെ പള്ളികളിലെത്തി സന്ദർശിച്ചു. ഇവരെല്ലാം മാർക്കിന്, ബിജുവഴി പ്രിയപ്പെട്ടവരായി മാറിയിരുന്നു. തൊട്ടടുത്ത ദിവസം ബിജുവിന്റെ മകൻ യാസറിനെയും സഹോദരന്റെ മക്കളെയുംകൂട്ടി ആലപ്പുഴയിൽ ബോട്ടുയാത്ര. പ്രിയസുഹൃത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവിനായി സഹായം കൈമാറിയശേഷം ഇനിയും വരാമെന്ന ഉറപ്പു നൽകിയാണ് മാർക്ക് യാത്രതിരിച്ചത്.
സ്നേഹം പകർന്ന ബിജു
കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക ബിജുവിന്റെ നിഷ്കളങ്കമായ മുഖവും ജനങ്ങളുടെ കുടുംബ ബന്ധവുമാണെന്ന് മാർക്ക് സുപ്രഭാതത്തോട് പറഞ്ഞു. ആസ്ത്രേലിയൻ ജനതയുടെ ജീവിതത്തിൽ വിവാഹവും കുടുംബ ബന്ധങ്ങളും സാധാരണമല്ല. ലിവിങ്ടുഗതർ ലൈഫാണ്. പിതാവ്, മാതാവ്, മക്കൾ എന്നതിനപ്പുറം കുടുംബമില്ല. മക്കളും സഹോദരങ്ങളും വലുതായിക്കഴിഞ്ഞാൽ പിന്നെ ആ ബന്ധവും നിലച്ചു. അവിവാഹിതനായ തനിക്കു ബിജുവിന്റെ കുടുംബത്തിലൂടെ കേരളത്തിന്റെ കുടുംബബന്ധങ്ങളുടെ പ്രസക്തി തിരിച്ചറിയാൻ കഴിയുന്നു. എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്നു ചോദിച്ചാൽ, അങ്ങനെ തോന്നിയില്ല, ഒറ്റയാനായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചതെന്നായിരുന്നു മറുപടി. കേരളത്തിലെ ജനങ്ങൾ കുടുംബത്തിനു നൽകുന്ന പ്രാധാന്യം തന്നെ വളരെ ആകർഷണമാണ്. ഹോളണ്ടുകാരായ പിതാവ് ഹാൻകും മാതാവ് ആഗ്നസും ആസ്ത്രേലിയയിലേക്ക് കുടിയേറിയവരാണ്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമാണ് കുടുംബത്തിലുണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിൽ വലിയ ബന്ധമിെല്ലന്നത് നിരാശ ഉണ്ടാക്കുന്നതാണ്. പക്ഷേ, അവിടത്തെ രീതി അങ്ങനെയായതിനാൽ പരിഭവം പറഞ്ഞിട്ടു കാര്യമില്ല- മാർക്ക് പറഞ്ഞു.
ഹോട്ടൽ മേഖലയിൽ 25 വർഷമായി പ്രവർത്തിച്ചിരുന്ന മാർക്ക് ഇപ്പോൾ ഹോട്ടലുകളും വീടുകളും വാടകയ്ക്കു നൽകിയ ശേഷം ലോകം ചുറ്റുകയാണ്. നല്ലൊരു ഗിറ്റാറിസ്റ്റ് കൂടിയായ അദ്ദേഹം സുഹൃത്തായ കെവിനുമായിട്ടാണ് കൂടുതൽ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ളത്. ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചു. കേരളത്തിലെത്തുന്നത് ഇത് അഞ്ചാം തവണ. കൊച്ചിയിൽനിന്ന് തിരികെ ആസ്ത്രേലിയയിലെ ഏകസഹോദരി സോമിയയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തോടെയാണ് മാർക്കിന്റെ മടക്കയാത്ര.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."