പി.ഡി.എഫ് ലിങ്ക്
കഥ
എ.കെ അനിൽകുമാർ
പുതിയ എഴുത്തുകാരിൽ പേരും പെരുമയും നേടിയ കവിയായിരുന്നു അയാൾ. ഒരു കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ സജീവമാണ് കവി. കൃത്യം അയ്യായിരം ഫ്രണ്ട്സുകൾ. ഫോളോവേഴ്സുമുണ്ട് മുപ്പതിനായിരത്തോളം. എന്നിട്ടും തന്റെ ഏക കവിതാസമാഹാരത്തിന്റെ ആദ്യപതിപ്പുപോലും മുഴുവൻ വിറ്റഴിഞ്ഞിട്ടില്ല എന്ന ചിന്ത അയാളെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു. പ്രമുഖ വാരികകളിൽ അയാളുടെ കവിതകൾ പ്രാധാന്യത്തോടെ അച്ചടിച്ചുവരാറുണ്ട്. വാരികകൾ പുറത്തിറങ്ങുന്നതിന്റെ തലേദിവസം തന്നെ അയാൾ ഫേസ്ബുക്കിൽ പോസ്റ്റിടും. ‘നാളത്തെ വാരികയിൽ എന്റെ കവിതയുണ്ട് കെട്ടോ...’
ആ പോസ്റ്റിട്ട് ഒരു മണിക്കൂറിനകം കമന്റ് ബോക്സ് ‘അഭിനന്ദനങ്ങൾ’, ‘ആശംസകൾ’, ‘കൺഗ്രാറ്റ്സ് ’ തുടങ്ങിയ പദാവലികളാൽ സമ്പന്നമാകും. അതു കാണുമ്പോൾ അയാളുടെ മനം മരുഭൂമിയിൽ വീണ മഴത്തുള്ളികൾ കണക്കെ കുളിർക്കും.
പിറ്റേന്ന് അതിരാവിലെത്തന്നെ ഫേസ്ബുക്കിൽ മറ്റൊരു പോസ്റ്റ്. ‘ഇന്നിറങ്ങുന്ന വാരികയിൽ എന്റെ കവിത. എല്ലാരും വായിക്കണേ....’
അതിനു കിട്ടുന്ന കമന്റുകളിൽ തൊണ്ണൂറു ശതമാനവും ആവശ്യപ്പെടുന്നത് ഒന്നുതന്നെയാണ്; ‘അതിന്റെ പി.ഡി.എഫ് ലിങ്ക് തരുവോ...’
‘ഇൻബോക്സിൽ വരൂ...’ അയാൾ വർധിത ആഹ്ലാദത്തോടെ മറുപടിയും കൊടുക്കും.
പക്ഷേ, വായനാകുതുകികളായ മുപ്പതിനായിരത്തോളം പേർ ഫേസ്ബുക്കിലൂടെ തന്നെ പിന്തുടർന്നിട്ടും തന്റെ ആദ്യ കവിതാസമാഹാരം എന്തുകൊണ്ട് ആയിരം കോപ്പികൾ പോലും വിറ്റഴിയുന്നില്ല എന്നത് അയാൾക്കിതുവരെയും പിടികിട്ടാത്ത സമസ്യയായിരുന്നു, ഇനി തന്റെ കവിതാസമാഹാരം പുറത്തിറങ്ങിയത് ആരാധകർ അറിയാഞ്ഞിട്ടാണോ എന്നത്. അയാൾ ചിന്താമഗ്നനായി.
അടുത്തദിവസം രാവിലെത്തന്നെ തന്റെ പുസ്തകത്തെക്കുറിച്ച് പോസ്റ്റിട്ടു, കവർചിത്രം സഹിതം. അതിനും കിട്ടി, നൂറുകണക്കിനു ലൈക്കുകൾ. പുതുമഴപോലെ കമന്റ് ബോക്സ് നിറഞ്ഞു.
അടുത്തദിവസം തന്നെ അയാൾ പുസ്തക ഡീലറെ വിളിച്ചു. പക്ഷേ, ഒരു കോപ്പിപോലും ഈയടുത്ത കാലത്ത് വിറ്റുപോയിട്ടില്ല എന്നവർ അത്യധികം ഖേദത്തോടെ അറിയിച്ചു.
അയാൾ കൂടുതൽ വിഷണ്ണനായി. ആദ്യ കവിതാസമാഹാരം ഒരു മൂന്നു പതിപ്പെങ്കിലും വിറ്റുപോയാലേ അയാളുടെ അടുത്ത പുസ്തകത്തെ കുറിച്ച് ചിന്തിക്കാൻപോലും പറ്റൂ എന്നാണ് പ്രസാധകർ പറഞ്ഞിരിക്കുന്നത്. വാരികകളിലും പിന്നെ ഫേസ്ബുക്കിൽ ഓരോ മണിക്കൂർ ഇടവിട്ടും പ്രസിദ്ധീകരിക്കുന്ന കവിതകൾ എല്ലാംകൂടി കൂട്ടിവച്ചാൽതന്നെ പത്തു സമാഹാരങ്ങൾ ഇറക്കാൻ വേണ്ടത് ഇപ്പോൾതന്നെ സ്റ്റോക്കുണ്ടുതാനും.
കവി വീണ്ടും പോസ്റ്റിട്ടു. ‘എന്റെ കവിതാസമാഹാരം വായിക്കാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കൂ.. പുസ്തകം വി.പി.പി ആയി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും....’
അതിനു കിട്ടിയ മറുപടി കമന്റുകൾ അയാളെ സ്നേഹത്തോടെ കെട്ടിവരിഞ്ഞു. ‘പുസ്തകത്തിന്റെ പി.ഡി.എഫ് ലിങ്ക് ഉണ്ടെങ്കിൽ തരാവോ....’
പി.ഡി.എഫ് ലിങ്കുകളുടെ പ്രസക്തിയെക്കുറിച്ച് അന്നാദ്യമായി അയാൾ ബോധവാനായി. തന്റെ പുസ്തകത്തിന്റെ അച്ചടിച്ച കോപ്പികൾ അയാൾ ഒരു മൂലയിൽ വാരിയിട്ടു. പിന്നെ കംപ്യൂട്ടറിൽ തന്റെ പുസ്തകത്തിന്റെ പി.ഡി.എഫ് ലിങ്കുകൾ തിരഞ്ഞു. ഒടുവിൽ കംപ്യൂട്ടറിന്റെ ജാലകങ്ങൾ മലർക്കെ തുറന്ന് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അയാൾ നാലുകാലുകളിൽ ആ പി.ഡി.എഫ് ലിങ്കുകൾക്കുള്ളിലേക്ക് ഇഴഞ്ഞിഴഞ്ഞ് മറഞ്ഞു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."