സിട്രോൺ സി3യും ഇലക്ട്രിക്കിലേക്ക്
വീൽ
വിനീഷ്
15 മുതൽ 20 ലക്ഷം രൂപയ്ക്കടുത്തുവരെയാകും സാമാന്യം ഭേദപ്പെട്ട ഇലക്ട്രിക് കാറിന്. ഇതിന് മാറ്റവുമായിട്ടായിരുന്നു ടാറ്റ ടിയാഗോ ഇലക്ട്രിക് അവതരിപ്പിച്ചത്. 9-12 ലക്ഷം റേഞ്ചിൽ ടിയാഗോ അടുത്ത ജനുവരിയോടെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ ഏറെയാണ്. ഇതിനിടയിലിതാ മറ്റൊരു സന്തോഷ വാർത്ത കൂടി. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിൻ്റെ സി 3 മോഡലിനും ഇലക്ട്രിക് പതിപ്പ് എത്തുന്നു. e-C3 എന്നറിയപ്പെടുന്ന കാർ അടുത്തവർഷം ആദ്യം പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് മോഡൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ഇതിൽ സ്ഥിരീകരണം വന്നത്. പെട്രോൾ മോഡൽ സി3 ഇന്ത്യയിൽ പുറത്തിറക്കി ആറ് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. പ്രീമിയം എസ്.യു.വിയായ സി-5 എയർ ക്രോസിന് ശേഷമായിരുന്നു സിട്രോൺ സി3 പെട്രോൾ മോഡൽ ഇവിടെ അവതരിപ്പിച്ചിരുന്നത്.കേരളത്തിലടക്കം കൂടുതൽ ഡീലർഷിപ്പുകൾ കമ്പനി ആരംഭിക്കുന്നതേയുള്ളൂ.
10-12 ലക്ഷം റേഞ്ചിലായിരിക്കും നാലു മീറ്ററിൽ താഴെയുള്ള കോംപാക്ട് എസ്.യു.വിയായ സി3യുടെ ഇലക്ട്രിക് മോഡലിന് വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ മോഡലിന് 5.88 ലക്ഷം മുതൽ 8.15 ലക്ഷം വരെയുണ്ട്. e-C3യ്ക്ക് 30.2kWh ശേഷിയുള്ള ബാറ്ററിയാണുള്ളത്. ടാറ്റാ ടിയാഗോയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലുണ്ടിത്.
ടിയാഗോയുടെ ഉയർന്ന മോഡൽ 24kWh ബാറ്ററിയുമായാണ് എത്തുന്നത്. ഏകദേശം 315 കി.മീ റേഞ്ചും ഉണ്ട് . അതേസമയം ടാറ്റ നെക്സോണ്‍ ഇ.വി മാക്സ് 40.5kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 437km ആണ് നെക്സോണിന്റെ ARAI അംഗീകരിച്ച റേഞ്ച്. ഫുൾ ചാർജിൽ ടിയാഗോയ്ക്കും നെക്സോണിനും ഇടയിലുള്ള റേഞ്ച് e-C3യ്ക്ക് പ്രതീക്ഷിക്കാം. സിട്രോൺ eC3-യുടെ ഇലക്ട്രിക് മോട്ടോറിന് 63kW (86 bhp) പവറും 143 Nm ടോർക്കുമാണുള്ളത്. 74 bhpയുടേതാണ് ടിയാഗോ ഇ.വിയുടെ മോട്ടോർ.
എന്നാൽ 1.2 ലിറ്റർ ടര്‍ബോ പെട്രോള്‍ എൻജിനുമായി എത്തുന്ന സിട്രോണ്‍ C3 110 bhp കരുത്തും 190 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. പെട്രോൾ മോഡലുമായി താരതമ്യം ചെയ്താൽ eC3യ്ക്ക് പവർ കുറവാണെന്ന് പറയേണ്ടി വരും. മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തെ വീൽ അർച്ചിന്‍ മുകളിലായാണ് ചാർജിങ് പോർട്ട് സ്ഥിതി ചെയ്യുന്നത്. ഇത് മാത്രമാണ് പെട്രോൾ മോഡലിൽ നിന്ന് ആകെയുള്ള വ്യത്യാസം. ഇൻ്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഇല്ലാതെയായിരിക്കും സി3 എത്തുകയെന്നാണ് അറിയുന്നത്. സിട്രണിന്റെ ഇലക്ട്രിക് മോഡലും ടിയാഗോ ഇ.വിയും എത്തുന്നതോടെ മുമ്പില്ലാത്ത വിധം ഇന്ത്യയിലെ ഇ.വി മാർക്കറ്റ് ‘ഹൈവോൾട്ടേജി’ൽ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."