ഗ്രൗണ്ടില്‍ വച്ച് കൊറിയന്‍ താരവുമായി വാക്കേറ്റമുണ്ടായെന്ന് സ്ഥിരീകരിച്ച് ക്രിസ്റ്റിയാനോ
ദോഹ: കഴിഞ്ഞ വെള്ളിയാഴ്ച 2-1ന് തോറ്റ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിനിടെ ദക്ഷിണ കൊറിയന്‍ താരവുമായി വാക്കേറ്റമുണ്ടായെന്ന് സ്ഥിരീകരിച്ച് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കളിയുടെ 65ാം മിനിറ്റിലായിരുന്നു സംഭവം. തിരിച്ചുവിളിച്ചപ്പോള്‍ വേഗത്തില്‍ ഗ്രൗണ്ടിവിടാത്തതിനെ ചൊല്ലിയാണ് സംസാരമുണ്ടായതെന്ന് ക്രിസ്റ്റിയാനോ പറഞ്ഞു.
തിരിച്ചുവിളിച്ചപ്പോള്‍ അലോസരത്തോടെയാണ് ക്രിസ്റ്റിയാനോ നടന്നുനീങ്ങിയിരുന്നത്. സബ്സ്റ്റിറ്റിയൂഷനു വേണ്ടി തന്റെ നമ്പര്‍ ഉയര്‍ന്നപ്പോള്‍ മെല്ലെ നടക്കുന്നത് കണ്ടാണ് കൊറിയന്‍ താരം ഇടപെട്ടത്. കൊറിയന്‍ താരം തന്നോട് കൂടുതല്‍ വേഗത്തില്‍ പോകാന്‍ പറയുകയായിരുന്നുവെന്നും അതുപറയാന്‍ അയാള്‍ക്ക് അധികാരമില്ലാത്തതിനാല്‍ മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നും ക്രിസ്റ്റിയാനോ വിശദീകരിച്ചു. വേണ്ടത്ര വേഗത്തില്‍ പോയില്ലെങ്കില്‍, അത് പറയേണ്ടത് റഫറിയാണ്. വിവാദമാക്കേണ്ടതില്ലെന്നും അത് ആ നിമിഷത്തിന്റെ ചൂടില്‍ സംഭവിച്ചതാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.
കൊറിയന്‍ താരത്തിന്റെ നടപടിയെ വിമര്‍ശിച്ച് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് രംഗത്തെത്തിയിരുന്നു. പുറത്തുപോകാന്‍ പറഞ്ഞ് ക്രിസ്റ്റ്യാനോയെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇതോടെയാണ് അദ്ദേഹം ദേഷ്യപ്പെട്ടതെന്നും സംഭവത്തിന് താന്‍ ദൃക്സാക്ഷിയാണെന്നും കോച്ച് പറഞ്ഞു.
ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തോടെ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. വിജയത്തോടെ കൊറിയയും അവസാന 16ല്‍ ഇടംപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."