കണ്ടല ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; റെയ്ഡ് തുടരുന്നു
കണ്ടല ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; റെയ്ഡ് തുടരുന്നു
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്‍.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇ.ഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ ഉള്‍പ്പെടെയുള്ള ഇടപാട് രേഖകള്‍ ഇ.ഡി സംഘം പരിശോധിച്ചു.
ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ നടത്തിയ പരിശോധക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്.
ഇതിനിടെ, ബാങ്കിലെ പരിശോധന തുടരുകയാണ്.കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സര്‍വീസ് സഹകരണ ക്രമക്കേടിലും ഇ.ഡി ഇടപെടലുണ്ടായത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്. ഇതിനിടെ, ഭാസുരാംഗനെ പുറത്താക്കണമെന്നാവശ്യം സി.പി.ഐയില്‍ മുറുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."