'തിരുമനസ്സും രാജ്ഞിയും പുറത്ത്'; ദേവസ്വം ബോര്‍ഡിന്റെ വിവാദ നോട്ടിസ് പിന്‍വലിച്ചു
ദേവസ്വം ബോര്‍ഡിന്റെ വിവാദ നോട്ടിസ് പിന്‍വലിച്ചു
തിരുവനന്തപുരം: ക്ഷേത്രപ്രവേശനം സംബന്ധിച്ച നോട്ടിസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. നോട്ടിസ് വിവാദമായതോടെയാണ് തീരുമാനം. അതേസമയം പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
സംസ്ഥാന സാംസ്‌കാരിക പുരാവസ്തു വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്ഷേത്ര പ്രവേശനവിളംബര അനുസ്മരണ ദിനാചരണച്ചടങ്ങിന്റെ നോട്ടീസാണ് വിവാജത്തിലായത്. ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഡയറക്ടര്‍ ബി. മസൂദനന്‍ നായരുടെ പേരില്‍ പുറത്തിറക്കിയിരിക്കുന്ന നോട്ടീസ് ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്പുരാട്ടിയെയും ഗൗരി ലക്ഷ്മി തമ്പുരാട്ടിയെയും ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രേവേശന വിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതന ധര്‍മം ഹിന്ദുക്കളെ ഉത്‌ബോധിപ്പിക്കുക എന്ന രാജകല്പനയുടെ സ്മാരകമാണെന്നും പോസ്റ്ററില്‍ പറയുന്നു.
ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ എച്ച്.എച്ച്. പൂയം തിരുനാള്‍ ഗൗരീപാര്‍വ്വതീഭായി തമ്പുരാട്ടിയുംഎച്ച്.എച്ച്. അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
'ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബരദിവസം' എന്ന് പറഞ്ഞാണ് നോട്ടീസ് ആരംഭിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലാണ് ഈ പരാമര്‍ശം നടത്തിയിട്ടുള്ളത് എന്നാണ് പ്രധാന ആക്ഷേപം. തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ നിരന്തരം സമരം ചെയ്തും രക്ത സാക്ഷിത്വം വഹിച്ചും നേടിയെടുത്ത ക്ഷേത്ര പ്രവേശ അനുമതിയെ മഹാരാജാവിന്റെ ദയ എന്ന തരത്തിലാണ് നോട്ടീസില്‍ കൊടുത്തിട്ടുള്ളതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."