HOME
DETAILS

'പാറക്കടവി'ല്‍ ഊളിയിടുമ്പോള്‍

  
backup
September 19 2021 | 03:09 AM

4653-5635623


കെഇഎന്‍


പണ്ട് പണ്ട് പണ്ട്.... ഇങ്ങനെയാണ് കുട്ടിക്കാലത്ത് ഞങ്ങള്‍ക്കൊക്കെയും പലരും കഥ പറഞ്ഞുതന്നിരുന്നത്. അന്ന് രാജാവും രാജ്ഞിയുമില്ലാത്ത കഥകള്‍ നന്നേ കുറവായിരുന്നു. രാജാവ് എന്ന വാക്ക് കേള്‍ക്കുമ്പംതന്നെ അത്ഭുതംകൊണ്ട് വാപൊളിച്ച് പോവുമായിരുന്നു. അന്നൊക്കെ രാജാവിന് രാജ്യത്തേക്കാളും മറ്റെന്തിനേക്കാളും വലിപ്പമായിരുന്നു. അങ്ങനെയിരിക്കെയാണ് കഥ പഞ്ഞ് പറഞ്ഞ് മടുത്ത ആരോ കഥ നിര്‍ത്താന്‍ വേറൊരു കഥയുണ്ടാക്കിയത്! ഇനിയുമിനിയും കഥ വേറെ കഥ, പുതിയ കഥ എന്ന് കുട്ടികള്‍!
ഉള്ളില്‍ ഇവരുടെ കഥപ്പൂതി നിക്കണം എന്ന് കരുതി അയാള്‍ ഒരു കഥ പറഞ്ഞുതുടങ്ങി. ഒരു രാജാവിന് നാല് മക്കള്‍. കൈയ്യും കാലും ഇളക്കി കണ്ണുരുട്ടി അയാള്‍ പറഞ്ഞു. ഇതൊക്കെ എത്ര കേട്ട്ക്ക്ണ് എന്ന മട്ടില്‍ കുട്ടികള്‍. അയാള്‍ ആദ്യമൊന്നമ്പരന്നു. ഈ കുട്ടികള്‍ക്കൊക്കെയും എന്തുപറ്റി? മുമ്പൊക്കെ പണ്ട്, പണ്ട് എന്നോ മുമ്പൊരിക്കല്‍ എന്നോ രാജാവ് എന്നോ കേള്‍ക്കുന്ന മാത്രയില്‍ കുട്ടികള്‍ കൗതുകം പൂണ്ടിരുന്നു! ആ കാലമൊക്കെയും കഴിഞ്ഞുപോയോ? എന്നാലും തന്റെ ഈ കഥവച്ച് കുട്ടികളെ ഒന്ന് പൂട്ടണമെന്ന് മനസിലുറപ്പിച്ച് അയാള്‍ പറഞ്ഞുതുടങ്ങി.


രാജാവിന്റെ ആദ്യ മോന്റെ പേര് 'ക'. അതിലെന്തിരിക്കുന്നു എന്നൊരു നോട്ടത്തോടെ കുട്ടികള്‍! രണ്ടാമത്തേതിന്റെത് 'ഥ'. കുട്ടികളില്‍ കാര്യമായ ഒരു ആകാംക്ഷയും ഉണ്ടായില്ല. മൂന്നാമത്തേതിന്റേത് 'മ'. അയാള്‍ ചുറ്റും നോക്കി. കുട്ടികളൊക്കെ ഉറങ്ങുന്നതുപോലെ. എവിടെയോ എന്തോ പിശകുണ്ട്. എന്നിട്ടും അയാള്‍ നാലാമത്തെ കുട്ടിയുടെ പേരും പറഞ്ഞു 'തി'. കഴിഞ്ഞോ എന്ന പരിഹാസത്തോടെ കുട്ടികള്‍. 'ഇല്ല' അയാള്‍ പറഞ്ഞു. ഇനിയാണ് ശരിക്കും കഥ. കുട്ടികളും ഉഷാറായി. രാജാവിന് അഞ്ചാമത്തൊരു കുഞ്ഞുകൂടി ജനിച്ചു. അതിനും വേണമൊരു പേര്. ഓ ഇത്രേയുള്ളൂ. അത് വല്ല 'ച' എന്നോ മറ്റോ ആയിരിക്കും. അവര്‍ വീണ്ടും മുഷിഞ്ഞു. അയാള്‍ പറഞ്ഞു. ആ കുട്ടിക്ക് പേരിടേണ്ടത് നിങ്ങളാണ്. 'ഞങ്ങളോ, രാജാവിന്റെ മകള്‍ക്കോ, അവരത്ഭുതപ്പെട്ടു. അതെ നിങ്ങള്‍ തന്നെ. പക്ഷേ, ഒരു കാര്യമുണ്ട്. എന്താ?- അവരൊന്നിച്ച് ഒരു കോറസ് പോലെ ചോദിച്ചു. രാജാവിന്റെ മകളല്ലേ. നിങ്ങള്‍ക്ക് തോന്നിയപോലൊരു പേര് വിളിച്ചാ പോരാ. രാജാവിന്റെ ആദ്യത്തെ നാല് മക്കളുടെ പേര് ചേര്‍ത്തുവേണം നിങ്ങളാ കുട്ടിക്കൊരു പേരിടാന്‍. അയാള്‍ ഉള്ളില്‍ ചിരിച്ചു. 'ക'യും 'ഥ'യും 'മ'യും 'തി'യും ചേര്‍ത്തവര്‍ കഥമതി എന്ന് അഞ്ചാം കുട്ടിക്ക് പേരിടുമെന്ന പ്രതീക്ഷയില്‍! അതോടെയീ കഥ പറച്ചില്‍ സൊല്ല് ഒഴിയുമെന്നും!


എന്നാലവര്‍ ഒന്നിച്ചു പറഞ്ഞത് 'ഥകതിക' എന്നായിരുന്നു. അയാള്‍ വിരണ്ടുപോയി. ഒരു വിസ്മയമായി ആ കഥ വളര്‍ന്നു. പിന്നെയയാള്‍ പോയത് യോഗിയുടെ ഉത്തര്‍പ്രദേശിലേക്കായിരുന്നു. അവിടെയും കുട്ടികളോട് ഇതേകഥ പറഞ്ഞു: 'കഥമതി' എന്നു പറയുന്നതിനുപകരം വല്ല 'തികകഥ' എന്നോ മറ്റോ പറഞ്ഞവര്‍ തന്നെ കേരളത്തിലെന്നപോലെ പൊളിക്കുമോ? പക്ഷേ, ഒന്നുമുണ്ടായില്ല. അവരൊക്കെയും പേരുകളെക്കുറിച്ചുള്ള പേടിയിലായിരുന്നു. അവരൊന്നും പറഞ്ഞില്ല. അങ്ങനെ കഥയവിടെ ആരുടെയോ പേരില്ലാത്തൊരു അഞ്ചാം കുട്ടിയായി അലയുന്നു. അനാഥമായ ആ കുട്ടിയുടെ അലച്ചിലും, 'പതിവുകള്‍' പൊളിക്കുന്ന 'ഥകതിക' കേരള വിസ്മയവുമാണ് പാറക്കടവിന്റെ കഥകളില്‍ പരസ്പരം കൈ കൊടുക്കുന്നത്.
ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തു തപസ് ചെയ്യുമ്പോള്‍ ഒരു കലാ സൃഷ്ടിയുണ്ടാവുന്നു. കവിതയാണോ കഥയാണോ നോവലാണോ ദൈവമേ, എനിക്കറിയില്ലല്ലോ. നിങ്ങള്‍ക്കെന്തും വിളിക്കാം. കഥയില്ലായ്മ എന്നുപോലും (മീസാന്‍ കല്ലുകളുടെ കാവല്‍ എന്ന സ്വന്തം നോവലിന്റെ ആമുഖത്തില്‍ പി.കെ പാറക്കടവ്)


പാറക്കടവിനെക്കുറിച്ചെഴുതാനുള്ള പെട്ടെന്നുള്ള പ്രചോദനമായത് ആ എഴുത്തിലെ വീറും വിസ്മയവും മാത്രമല്ല, അതെത്രയോ കാലമായി നമുക്കൊക്കൊപ്പമുണ്ടല്ലോ!
കൊവിഡ് കാലത്ത് ഒരഞ്ചാറ് മാസം മുമ്പ് 'കൂട്' എന്ന ഞങ്ങളുടെ വീട്ടില്‍ യാദൃച്ഛികമായി 'പാറക്കടവിസം' പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു. യുവ സാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയനായ സുനില്‍ സി.ഇ 'മൈക്രോ കഥകള്‍ക്ക് ഒരു മൈക്രോ പഠന പുസ്തകം' എന്ന പേരില്‍ പാറക്കടവിനെക്കുറിച്ച് എഴുതിയ പാറക്കടവിസം എന്ന ചെറിയ പുസ്തകത്തിന്റെ പ്രകാശനം നടന്നത് ഞങ്ങളുടെ കൂട്ടില്‍ വച്ചായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ടവര്‍ കെ.പി രാമനുണ്ണി, പി.കെ പോക്കര്‍ തുടങ്ങിയവര്‍, തിരുവനന്തപുരത്ത് നിന്നെത്തിയ പ്രിയ സുനില്‍ സി.ഇയും സുഹൃത്തുക്കളും, പാറക്കടവും ജീവിതസഖി സെബുന്നിസയും പിന്നെ ഞങ്ങളൊക്കെയും! ആ ഒത്തുചേരല്‍ തന്നെ ഹൃദ്യമായൊരു കവിതയായി. ഔപചാരികതകളൊക്കെയും എവിടേക്കോ ഒലിച്ചുപോയി. സര്‍ഗസ്പര്‍ശം കോരിത്തരിപ്പുമായി എവിടെനിന്നൊക്കെയോ ഇരച്ചുവന്നു.


വലിയൊരു പ്രബുദ്ധ സദസിലെന്നപോലെ ആ കൊച്ചുസദസില്‍ കെ.പി രാമനുണ്ണി ഉള്ളിളക്കുംവിധം സംസാരിച്ചു. സൗഹൃദങ്ങള്‍ എവിടനിന്നൊക്കെയോ സുഗന്ധം കൊണ്ടുവന്നു. മൗനത്തിലൊരു പൂവെന്നപോലെ പാറക്കടവ് ഒന്നും പറയാതെ കേള്‍വികളില്‍ വിടര്‍ന്നു. ആ വേദിയില്‍വച്ചു തന്നെ സുനിലിന്റെ പുസ്തകം തുറന്നു. ആഹ്ലാദങ്ങള്‍ക്കിടയില്‍ ആ പുസ്തകത്തിന്റെ ആമുഖത്തിലെ ഹാരിസ് മാനന്തവാടിയുടെ കഥ മനസില്‍ ഒരു വിങ്ങലായി.
''ഒരിടത്ത് ഒരാള്‍ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു''.


പാറക്കടവിന്റെ കഥകളില്‍ പുളകങ്ങള്‍ക്കൊപ്പം ഇതുപോലുള്ള എത്രയെത്രയോ പിടച്ചിലുകള്‍ വന്‍മരമായി വളര്‍ന്നിരുന്നുവല്ലോ എന്ന് പെട്ടെന്ന് ഓര്‍മയില്‍ തെളിഞ്ഞു. പ്രഭാഷണങ്ങള്‍ക്കിടയില്‍ കയറിയിറങ്ങിപ്പോയ പാറക്കടവ് കഥകളുടെ പേരുകള്‍ പറയുക പ്രയാസം. ജീര്‍ണകാലത്തോട് കലഹിച്ച് ജ്വലിച്ചുനില്‍ക്കുന്നയെത്രയെത്ര കഥകള്‍!
എന്തിനോടും ഏതിനോടും തല്‍സമയം പ്രതികരിക്കുന്ന ഈയെഴുത്ത് പ്രതിഭയുടെ നിഘണ്ടുവില്‍ കാത്തിരിപ്പെന്നൊരു വാക്കില്ല. 'എട് വടി കൊട് അടി' എന്ന മട്ടിലുള്ള ഉടനുടനെഴുത്തിന്റെ ഇടിവെട്ടാണ് പാറക്കടവിന്റെ പല കഥകളും. ചിലത് തീനാളം കൊതിക്കുന്ന കതീനക്കണ്ണുപോലെ. പലതും തീ ചുഴ്ന്നുടല്‍ കത്തുന്നൊരു ബാല' പോലെയും!


ന്യൂനപക്ഷങ്ങളും ദലിതരും സ്ത്രീകളുമടക്കം, പുറമ്പോക്കിലേക്ക് നിരന്തരം വലിച്ചെറിയപ്പെടുന്ന വലിയ മനുഷ്യരുടെ ചെറുത്തുനില്‍പിന്റെ ചെറിയതെങ്കിലും വലിയ ലോകമാണ് പാറക്കടവ് കഥകളില്‍ ആവിഷ്‌കൃതമാവുന്നത്. 'ചെമ്മേ, ചെഞ്ചമേകളില്‍; ചുറ്റിക്കറങ്ങാതെ, ഹന്തകളില്‍' നിന്നൊരു പട്ടും പ്രതീക്ഷിക്കാതെ, തമ്പുരാനിസങ്ങള്‍ക്കു മുമ്പില്‍ തലകുനിക്കാതെ, പിന്‍മാറ്റങ്ങളില്‍ പുളകിതമാവാതെ, എത്രയോ കാലമായി പാറക്കടവ് എഴുതിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളുടെ വളവുകളില്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ പാറക്കടവിനെ കണ്ടുമുട്ടും. ബാബരി പൊളിച്ചത്, പൗരത്വ നിഷേധശ്രമം നടത്തുന്നത്, ഗുജറാത്ത് വംശഹത്യ, കശ്മീര്‍, കോര്‍പറേറ്റ് ക്രൂരത തുടങ്ങി 'പൊള്ളുന്ന പലതില്‍' നിന്നും സൗകര്യപൂര്‍വം ചിലരൊക്കെയും വഴിമാറിപ്പോവുമ്പോള്‍, ഒരു പൊരുതലായി അതിനെതിരെ പാറക്കടവ് മുഷ്ടിചുരുട്ടും.


'കഥ, കഥയൊഴിച്ച്, മറ്റെന്തുമാണ്' സുല്‍ത്താന്‍ പറഞ്ഞു. 'ഒരു കഥയുമില്ലാത്ത വര്‍ത്തമാനം പറയല്ലേ' ഷഹന്‍സാദ ഇടഞ്ഞു. ഒരു നാടിന്റെ ചരിത്രം പരിശോധിക്കാന്‍ അക്കാലത്തിറങ്ങിയ കഥാപുസ്തകങ്ങള്‍ വായിച്ചാല്‍ മതി.... സുല്‍ത്താന്‍ പറഞ്ഞു'.

പാറക്കടവിന്റെ കഥയെക്കുറിച്ചുള്ള സ്വപ്‌നങ്ങളെയാണ് അദ്ദേഹത്തിന്റെ കഥ സത്യമാക്കി തിരുത്തിയെഴുതിക്കൊണ്ടേയിരിക്കുന്നത്. ചെറുതെങ്കിലും ഉള്‍വലിഞ്ഞ ഇടിവെട്ട് വാക്കുകളില്‍ ഇടറാത്ത ചുവടുവയ്പ്പിന്റെ മുദ്രകളാണ് നിറയുന്നത്. ഫലസ്തീന്‍ വിമോചന സമരത്തെപ്പോലുള്ള സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്‌നങ്ങളെപ്പോലും അത്ഭുതാവഹമായ കൈയൊതുക്കത്തോടെ അവതരിപ്പിക്കുന്ന 'ഇടിമിന്നലുകളുടെ പ്രണയം' എന്ന പാറക്കടവ് നോവലിന്റെ നാടകാവിഷ്‌കാരം കുറ്റ്യാടിയില്‍ വമ്പിച്ചൊരു സദസിനു മുമ്പില്‍ അവതരിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴുള്ള ആഹ്ലാദവും അഭിമാനവും ഇപ്പോഴും അവിസ്മരണീയമായി തുടരുന്നു. കവിതയും സ്‌നേഹവും ഫലസ്തീനീ പോരാളികളോടുള്ള ഐക്യദാര്‍ഢ്യവും അസ്വസ്ഥപ്രദേശങ്ങളിലെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും വിസ്മയകരമായ കയ്യൊതുക്കവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ലഘുനോവല്‍ രാഷ്ട്രീയ വിഷയങ്ങള്‍ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിന് ഒരു മികച്ച ഉദാഹരണമാണെന്ന്, നോവലിന്റെ ആമുഖ്യത്തില്‍ സച്ചിദാനന്ദന്‍ മാഷ് എഴുതിയത് നൂറുവട്ടം സത്യം. 'വീര്‍പ്പിച്ച ബലൂണ്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാം. വീര്‍പ്പിച്ച മുഖങ്ങള്‍ ഇഷ്ടമുള്ളവരുടേതാണെങ്കില്‍ കണ്ടിരിക്കാം. വീര്‍പ്പിച്ച കഥകള്‍- ദൈവമേ എങ്ങനെയാണ് സഹിക്കുക' എന്ന് 'ഇരട്ടി മിഠായികള്‍' എന്ന കഥയില്‍ പി.കെ!


'തൊടുമ്പോള്‍ വാടിപ്പോകാതെ തൊട്ടാവാടിയെ പിടിച്ചുനിര്‍ത്താനാവുമോ' എന്ന ചോദ്യത്തില്‍നിന്നു പിറന്ന, പെട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള ശമനമാവണം പാറക്കടവിന് കഥ!.
'ഒറുമ്പും ഒരുറുമ്പല്ല, സ്വയമറിഞ്ഞാല്‍! ഒരാനയും ഒരാനയല്ല, സ്വയമറിയാതിരുന്നാല്‍' എന്ന 'ജ്ഞാന'ത്തിലാണ് പാറക്കടവ് കഥകളൊക്കെയും വിനയപ്പെടുന്നത്.


നിലപാടുകളില്‍ 'പാറ'യുടെ ദാര്‍ഢ്യവും ബന്ധങ്ങളില്‍ ഒരു 'കടവി'ന്റെ തുറവിയും ആര്‍ദ്രതകളും ഒരഹമ്മതിയുമില്ലാതെ ഒത്തുചേരുമ്പോഴാണ്, മലയാള സാഹിത്യത്തില്‍ ഒരു പാറക്കടവുണ്ടാവുന്നത്. പാറകളെപ്പോലും കസ്തൂരിപൂശുന്ന സര്‍ഗവസന്തത്തിന്റെ ആ പാറയില്‍ ഇരിക്കാതെയും, സൗഹൃദത്തിന്റെ കുളിര് പകരുന്ന ആ കടവില്‍ കുളിക്കാതെയും മലയാളിക്ക് ഒരു സാഹിത്യജീവിതം ഇനി അസാധ്യമാണ്. അത്രമേല്‍ പാറക്കടവ് ഇന്ന് നമ്മളില്‍ ഒരു മുല്ലവള്ളിപോലെയും മറ്റു ചിലപ്പോള്‍ ഒരു മുള്ളു പോലെയും പടര്‍ന്നിരിക്കുന്നു.
ഉള്ള ഇസങ്ങള്‍ പോരാഞ്ഞിട്ട് ഇനിയൊരു 'പാറക്കടവിസമോ' അതെന്ത് കുന്താണ്? രോഷാകുലനായ സുഹൃത്തിനോട് സൗമ്യമായി ഞാന്‍ പറഞ്ഞു. അനീതിക്കെതിരെ തിരിച്ചുവച്ച ഏത് കുന്തത്തിനും നല്‍കാവുന്നൊരു പേരാണത്. ചിരിക്കും കരച്ചിലിനുമിടയില്‍ കുതറുന്ന പ്രതിഷേധമായും, അടങ്ങിക്കിടക്കാന്‍ കൂട്ടാക്കാത്ത ആക്ഷേപഹാസ്യത്തിന്റെ വീര്യമായും, അപ്രതീക്ഷിത സമരമുഖം തുറക്കുന്നൊരു 'വാക്കേറാ'യും, ബഹളങ്ങളെ അപ്രസക്തമാക്കുന്ന മൗനമഹത്വമായും ചിലപ്പോഴാ കഥകള്‍ മാറും!. മറ്റു ചിലപ്പോഴത് മറവിയുടെ പൊടിപടലങ്ങളെ ഒഴുക്കുന്ന ജീവിതമഴയായും, കാലമരവിപ്പിനെ പ്രതിരോധിക്കുന്ന കനലായും രൂപംകൊള്ളും. 'ഒന്നെന്ന്' പറയുന്നത്, മനുഷ്യരെ ഒന്നുമല്ലാതാക്കുന്ന ചുരുക്കലല്ലെന്നും എല്ലാമാക്കുന്ന വിസ്തൃതിയാണെന്നും പലപ്പോഴുമത് നമ്മെ പിടിച്ചിരുത്തി പഠിപ്പിക്കും. ഉപേക്ഷിക്കപ്പെട്ടവര്‍ക്കും മറവിയിലേക്ക് മറിച്ചിടപ്പെട്ടവര്‍ക്കും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുമൊപ്പം മേല്‍ക്കോയ്മകള്‍ക്കെതിരെ ഉണര്‍വ്വിന്റെ ഉറവിടങ്ങളിലൊന്നായി കുതറുന്നൊരു കരുത്തിനെയാണ് ഇന്ന് നാം 'പാറക്കടവിസം' എന്ന് വിളിക്കേണ്ടത്.
'ആദ്യം എഴുതിയത് ''വിസ'' എന്ന പേരില്‍ വളരെ ചെറിയ ഒരു കഥ. കഥ അച്ചടിച്ചുവന്നത് ചന്ദ്രിക ആഴ്ചപതിപ്പില്‍. ഒരാള്‍ മരിക്കുന്നു. മരിച്ചവീട്ടില്‍ ചന്ദനത്തിരിയുടെ ഗന്ധം. ഖുര്‍ആന്റെ ഈണം. റോത്ത്മാന്‍ സിഗരറ്റിന്റെ പുകച്ചുരുളുകള്‍. പെര്‍ഫ്യൂമിന്റെ ഗന്ധം. കള്ളിക്കുപ്പായമിട്ട നാട്ടുകാര്‍ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. അവിടെ പോസ്റ്റുമാന്‍ അച്ചുതന്‍ കയറിവരുന്നു. മയ്യിത്ത് കട്ടിലില്‍നിന്ന് മരിച്ചയാള്‍ ചാടിയെണീറ്റ് ചോദിക്കുന്നു: ''എന്റെ വിസ വന്നോ?'' നിര്‍ദോഷമായ ഈ കഥ നാട്ടില്‍ അക്കാലത്ത് ഒരുപാട് കോളിളക്കങ്ങള്‍ ഉണ്ടാക്കി. ഞാനൊരു ഗ്രാമത്തിന്റെ പേര് പറഞ്ഞിരുന്നു. ബഹളം. കഥയെഴുതിയതിന് വിദ്യാര്‍ഥിയായ എന്നോട് ചോദിക്കാന്‍ വന്നു ചിലര്‍. എനിക്കും കുടുംബപരമായും സൗഹൃദവലയത്തിലും നല്ല പിന്തുണ കിട്ടിയതിനാല്‍ കഥക്കേസ് ഒടുവില്‍ ഒത്തുതീര്‍ന്നു. പില്‍ക്കാലത്ത് ആലോചിക്കുമ്പോള്‍ തോന്നിയതിങ്ങനെ: ഒരു ചെറിയ കഥ ഗ്രാമത്തെ ഇളക്കിമറിച്ചെങ്കില്‍ ചെറിയ കഥയാണ് വലിയ കഥ. അതുകൊണ്ട് ഞാനിപ്പോഴും ചെറുതില്‍ ചെറുതായ മിന്നല്‍ക്കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നു'. ഇത് എഴുത്തനുഭവത്തെക്കുറിച്ചുള്ള പാറക്കടവിന്റെ സ്വന്തം സാക്ഷ്യം.


'ഒരു വാക്കുപൊട്ടിച്ചുനോക്കുമ്പോള്‍ തീ. മറ്റൊരു വാക്കില്‍ നിലാവ്. മൂന്നാമത്തെ വാക്കില്‍ മഞ്ഞ്. അപ്പോള്‍ ഞാന്‍ പറയും ദൈവമേ, ഇതൊരു കൊച്ചുകഥയാണല്ലോ. എന്നോട് സുഹൃത്ത് ചോദിച്ചു: ഈ ഇത്തിരി വരികളില്‍ എന്ത് കഥയാണുള്ളത്? ഞാന്‍ പറഞ്ഞു: പൊട്ടിച്ചുനോക്കൂ. അവര്‍ പൊട്ടിച്ചുനോക്കി. അതില്‍നിന്ന് തെറിച്ചുവീണത് ജീവിതം'. (പി.കെ പാക്കടവ്)


വെറുപ്പ് വ്യാപിക്കുന്നതിനൊപ്പം ശ്വസിക്കാനുള്ള വായുവും മലിനമാവുന്ന ഒരു കാലത്തിന്റെ നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത്. ശുദ്ധ ഓക്‌സിജന്‍ ശ്വസിക്കാന്‍ വേണ്ടി വേവലാതികള്‍... മുപ്പത് കൊല്ലം മുമ്പ് വായു ഇത്രമേല്‍ മലിനമാവാതിരുന്നൊരു കാലത്ത്, 'മൗനത്തിന്റെ നിലവിളി'യെന്ന കഥസമാഹാരത്തില്‍, 'വരദാനം' എന്ന പേരില്‍ പാറക്കടവൊരു കഥയെഴുതി. വരാനിരിക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ചുള്ള പ്രവചനംപോലെ. ഇന്നത് അന്നത്തേക്കാള്‍ പ്രസക്തം.
'ഒരു കാലടിയൊച്ച. പിന്നെ ഒരലര്‍ച്ചപോലെ കോളിങ് ബെല്ലിന്റെ ശബ്ദം. വാതില്‍പ്പൊളി തുറന്നുനോക്കിയപ്പോള്‍, അയാള്‍ തന്നെ. കടലാസ് നീട്ടി അയാള്‍ പറഞ്ഞു: നിങ്ങള്‍ ശ്വസിച്ച വായുവിന്റെ ബില്ല്'.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago