മികച്ച സംരംഭകര്‍ക്കിടയിലേക്ക് യുവ വ്യവസായി ശംസുദ്ധീന്‍
പി.എം അഹമ്മദ്
ശംസുദ്ധീന്‍ ഇന്ന് വളരെയേറെ തിരക്കിലാണ്. തന്റെ കമ്പനിയെ രാജ്യത്തെ ഉന്നത നിലവാരത്തിലേക്കെത്തിക്കുക എന്ന പരിശ്രമത്തിലാണിദ്ദേഹം. അതിനുള്ള ലക്ഷ്യബോധവും ആത്മവിശ്വാസവുമുണ്ട്. അല്ലെങ്കില്‍ ശംസുദ്ധീന്‍ ഇന്ന് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക് ഉല്‍പന്നങ്ങളിലൊന്നായ 'ഹ്യുമാക്‌സ്' ഇലക്ട്രിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അധിപനാവുമായിരുന്നില്ല. കേരളത്തിലെ കൂടുതല്‍ വിറ്റുവരവുള്ള ഒന്നാം നിര സംരംഭകരുടെ പട്ടികയിലേക്ക് കുതികുതിച്ചുകൊണ്ടിരിക്കുകയാണ് എം.ബി.എ ബിരുദധാരിയായ ഈ മുപ്പത്തിമൂന്നുകാരന്‍.
മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ പാലപ്പെട്ടിപ്പാറ കൂട്ടക്കടവന്‍ മൊയ്തീന്‍കുട്ടി- ആസ്യ ദമ്പതികളുടെ മകനാണ്. ഒരു സാധാരണ കുടുംബത്തിലാണ് ശംസുദ്ധീന്റെ ജനനം. പെരുവള്ളൂര്‍ ഗവ. ഹൈസ്‌കൂളിലായിരുന്നു പഠനം. ഹൈസ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ ഒഴിവു വേളകളില്‍ ശംസുദ്ധീന്‍ നാട്ടിലെ സുഹൃത്തും ഇലക്ട്രീഷ്യനുമായ സജീഷിനോടൊത്ത് വയറിങ് ജോലിക്ക് പോയ്‌ക്കൊണ്ടിരുന്നു. മൂന്നു ദിവസം കൂടുമ്പോള്‍ അഞ്ഞൂറ് രൂപയായിരുന്നു കൂലി. ഈ ജോലിയിലെ പരിചയമാണ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ മേഖലയില്‍ ഷംസുദ്ധീന് മുതല്‍ക്കൂട്ടായി മാറിയത്.
ആശയമുദിച്ചത്
ഗള്‍ഫില്‍ നിന്ന്
നാട്ടുമ്പുറത്തെ സ്‌കൂളിലെ ഒരു ശരാശരി വിദ്യാര്‍ഥിക്ക് പഠനകാലത്ത് കാര്യമായി സ്വപ്‌നങ്ങളോ ലക്ഷ്യബോധമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാട്ടുനടപ്പ് പോലെ ഗള്‍ഫില്‍ പോകണം, കുറച്ച് പണം സമ്പാദിക്കണം. അത്രമാത്രം. അങ്ങനെയാണ് പ്ലസ് ടു കഴിഞ്ഞതോടെ സഊദിയില്‍ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുക്കലേക്ക് പുറപ്പെട്ടത്. ഒരുവര്‍ഷം കഫ്ത്തീരിയയില്‍ ജോലിചെയ്തു. തുടര്‍ന്ന് കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നേഷണല്‍ എയര്‍പോര്‍ട്ടില്‍ ഇലക്ട്രിക് വിഭാഗത്തില്‍ ജോലി ലഭിച്ചപ്പോള്‍ അങ്ങോട്ടുമാറി. ലോകോത്തര ബ്രാന്റുകളുടെ വ്യത്യസ്തമായ ബള്‍ബുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങള്‍... എല്ലാം ശംസുദ്ധീന്‍ ആദ്യമായി കാണുകയായിരുന്നു. വളരെ വിസ്മയകരമായ കാഴ്ച. അവയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും ക്വളിറ്റിയിലും അത്ഭുതം കൂറി. ഇവിടെനിന്ന് ഉദിച്ച ആശയമാണ് പില്‍ക്കാലത്ത് 'ഹ്യുമാക്‌സ് ഇലക്ട്രിക്കല്‍സ് ഇന്ത്യ'യുടെ പിറവി. ഒരു സാധാരണക്കാരന്റെ ഗള്‍ഫ് ജീവിതത്തിന്റെ ദുരനുഭവങ്ങളും നാടും കൂടും വിട്ട് അവരനുഭവിക്കുന്ന നെഞ്ചിലെ നെരിപ്പോടും ശംസുദ്ധീന്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. അത് മനസിനെ വല്ലാതെ പൊള്ളിച്ചു. മറ്റുള്ളവരുടെ ജോലി ചെയ്യുക എന്നതില്‍നിന്നു മാറി മറ്റുള്ളവരെക്കൊണ്ട് എങ്ങനെ ജോലി ചെയ്യിപ്പിക്കാം എന്നതിലേക്കാണ് ശംസുദ്ധീന്റെ ചിന്ത വഴിമാറിയത്. അതിന് കൃത്യമായ പ്ലാനിങ് ഉണ്ടാവണം. എന്തിനുമേതിനും പ്രാഥമികം വിദ്യാഭ്യാസം തന്നെ. എയര്‍പോര്‍ട്ടില്‍ രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം നാട്ടിലേക്ക് മടങ്ങി.
വീണ്ടും പഠിക്കാനിറങ്ങുന്നു
പഠനം തുടരാന്‍തന്നെ തീരുമാനിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. ബിരുദവും പിന്നീട് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐ.ഐ.എം) നിന്ന് എം.ബി.എയും കരസ്ഥമാക്കി. പഠനത്തിനിടെ ഓരോ ബാച്ച് കഴിയുമ്പോഴും കോളജില്‍ നടത്തിയിരുന്ന ബിസിനസ് രംഗത്തെ ഉന്നതരുടെ മോട്ടിവേഷന്‍ ക്ലാസുകളും അനുഭവങ്ങളും പ്രസംഗങ്ങളുമെല്ലാം മനസിനെ വളരെയധികം സ്വാധീനിച്ചു. അത് ഓരോ ഘട്ടത്തിലും കൂടുതല്‍ ധൈര്യവും പ്രോത്സാഹനവും നല്‍കി. പഠനം കഴിഞ്ഞതോടെ നാട്ടില്‍ ഒരു പ്രമുഖ കമ്പനിയുടെ പാല്‍ വിതരണത്തിനെടുത്ത് കച്ചവടം തുടങ്ങി. എന്നാല്‍ ലാഭം കുറഞ്ഞ ഈ കച്ചവടം തന്റെ ജീവിതത്തിന് മുതല്‍ക്കൂട്ടാവില്ല എന്ന് ബോധ്യപ്പെട്ടതോടെ ആറുമാസം കൊണ്ടുതന്നെ ഈ രംഗത്തുനിന്നും മാറി. ഇതോടെയാണ് സ്വന്തമായ ഉല്‍പ്പന്നത്തെക്കുറിച്ച് ആലോചിച്ചത്. അങ്ങനെ ഇലക്ട്രോണിക് മേഖലയിലേക്ക് വഴിമാറി.
വാടകവീട്ടില്‍ തുടങ്ങി
കിന്‍ഫ്ര പാര്‍ക്കിലേക്ക്...
2014ല്‍ വെന്നിയൂര്‍ കാച്ചടിക്ക് സമീപം ഒരുവീട് വാടകയ്‌ക്കെടുത്ത് 'ഹ്യുമാക്‌സ് ഇലക്ട്രിക്കല്‍'സിന് തുടക്കം കുറിക്കുയായിരുന്നു. ഉല്‍പന്നം കാഴ്ചയിലും ഗുണമേന്മയിലും യാതൊരു കുറവും ഉണ്ടാവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു ശംസുദ്ധീന്. ബള്‍ബുകളും, ഫ്‌ളൂറസന്റ് ലാംപുകളടക്കം പ്രോഡക്ട് പുറത്തിറക്കിയശേഷം നിരീക്ഷിക്കുകയായിരുന്നു ആദ്യപടി. അതനുസരിച്ച് മാര്‍ക്കറ്റിലിറങ്ങി തന്റെ പ്രൊഡക്ടിന്റെ ഗുണനിലവാരം പരിശോധിച്ചു. കച്ചവടക്കാരില്‍നിന്നും ജനങ്ങള്‍ക്കിടയില്‍നിന്നും ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോസിറ്റിവ് ആയി എടുത്തു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു. 2016ഓടെ തന്റെ ഉല്‍പ്പന്നം കുറ്റമറ്റതാക്കി മാര്‍ക്കറ്റില്‍ പൂര്‍ണമായും ഇടംപിടിച്ച ശേഷമാണ് ശംസുദ്ധീന്‍ കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ടിയല്‍ പാര്‍ക്കില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിച്ചത്.
ക്രമേണ ഹ്യുമാക്‌സ് ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളിലേക്ക് ഉയരുകയായിരുന്നു. ശംസുദ്ധീന്റെ ലക്ഷ്യബോധം, കഠിനാധ്വാനം, പോസിറ്റിവിറ്റി തുടങ്ങിയ ഘടകങ്ങളാണ് ഹ്യുമാക്‌സിന്റെ ബ്രാന്റിങ് വിജയത്തിനു പിന്നില്‍. എല്‍.ഇ.ഡി, സോളാര്‍ തുടങ്ങിയ സാങ്കേതിക വിദ്യയില്‍ കാലത്തിനു മുന്‍പേ സഞ്ചരിക്കുകയാണിന്ന് ശംസുദ്ധീന്‍. ലൈറ്റുകളില്‍ നിന്ന് മറ്റു ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളിലേക്കും ഹ്യുമാക്‌സിന്റെ പ്രോഡക്റ്റുകള്‍ വളര്‍ന്നിട്ടുണ്ട്. ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കും മാര്‍ക്കറ്റ് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം. കുറഞ്ഞസമയം കൊണ്ടുതന്നെ തന്റെ പരിശ്രമം വിജയത്തിലെത്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ശംസുദ്ധീന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."