കുഴലില്‍ കുരുങ്ങി സുരേന്ദ്രന്‍ പുറത്തേക്ക്; തലമാറ്റാന്‍ ബി.ജെ.പി
അന്‍സാര്‍ മുഹമ്മദ്
കൊച്ചി: കുഴലില്‍ കുരുങ്ങി മുഖം നഷ്ടപ്പെട്ട കേരളത്തിലെ ബി.ജെ.പി ഘടകത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രനേതൃത്വം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് കെ.സുരേന്ദ്രനെ മാറ്റും.
എം.ടി രമേശിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ഇതിന് ആര്‍.എസ്.എസിന്റെ പിന്തുണയുമുണ്ട്. കഴിഞ്ഞതവണ രമേശിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെട്ട് സുരേന്ദ്രനെ അധ്യക്ഷനാക്കുകയായിരുന്നു. സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം പരിഗണിച്ചുവെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്ന് അറിയിച്ചു. സുരേഷ് ഗോപിയെ കേരളത്തിന്റെ പ്രധാന ചുമതല നല്‍കി അധ്യക്ഷ സ്ഥാനത്തിന് മുകളില്‍ നിയമിക്കാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്.
ഇരു ഗ്രൂപ്പുകള്‍ക്കും പ്രിയങ്കരനായ ആര്‍.എസ്.എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരിയുടെ പേര് ആദ്യം പരിഗണിച്ചുവെങ്കിലും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് തില്ലങ്കേരിക്ക് സ്വീകാര്യതയില്ലെന്നതാണ് പോരായ്മ. ഇതേ തുടര്‍ന്നാണ് എം.ടി രമേശിനെ അധ്യക്ഷനാക്കണമെന്ന നിലപാട് ആര്‍.എസ്.എസ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പഠിക്കാന്‍ സംസ്ഥാനമാകെ സഞ്ചരിച്ച അഞ്ചു ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം ബൂത്തുതലം മുതല്‍ ജില്ലാതലം വരെ പല ഘടകങ്ങളിലെയും പ്രവര്‍ത്തകരെ കണ്ട് സംസാരിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലാണ്. ഇത് അനുസരിച്ചാണ് ബി.ജെ.പിയിലെ മാറ്റത്തിന് ഒരുങ്ങുന്നത്. ബൂത്ത് തലം മുതല്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരുമെന്നുമാണ് സൂചന.
അതേസമയം മുന്‍ പൊലിസ് മേധാവി സെന്‍കുമാറിനെയും സംഘ്പരിവാര്‍ പ്രസ്ഥാനത്തിന്റെ തലപ്പത്ത് കൊണ്ടുവരാനും നീക്കം ആരംഭിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനാക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."