അപ്പോള്‍ ക്ഷേത്രങ്ങളിലെ ഭജനയും ഡി.ജെ പാര്‍ട്ടികളുമോ? ബാങ്ക് വിളിക്കെതിരായ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി
അഹമ്മദാബാദ്: പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് ശബ്ദമലിനീകരണത്തിനിടയാക്കില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം വിലക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ നേതാവ് ശക്തിസിങ് സാല സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് അനിരുദ്ധ പി. മായി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
ഹരജിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച കോടതി, ക്ഷേത്രങ്ങളിലും മറ്റും വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നത് എന്തുകൊണ്ട് അലോസരമാകുന്നില്ലെന്നും ഇതില്‍ പരാതിയില്ലെയെന്നും ചോദിച്ചു. ബാങ്ക് വിളി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും കുട്ടികളില്‍ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബജ്റംഗ്ദള്‍ നേതാവ് ഹരജി സമര്‍പ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ത്ത കോടതി ക്ഷേത്രങ്ങളിലെ താലപ്പൊലിയും പ്രഭാത ആരതിയും പോലുള്ളവ ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ലെ എന്നും ചോദിച്ചു. ഇത്തരം ചടങ്ങുകള്‍ക്കിടയിലുണ്ടാകുന്ന ശബ്ദം ക്ഷേത്രമതിലിനുള്ളില്‍ മാത്രമാണോ കേള്‍ക്കുന്നതെന്നും കോടതി ആരാഞ്ഞു.
വര്‍ഷങ്ങളായി തുടരുന്നതാണ് ബാങ്ക് വിളി. അതാവട്ടെ 5 മുതല്‍ 10 മിനുട്ടുവരെയാണ്. ഇതു കാരണം ശബ്ദമലിനീകരണം ഉണ്ടാകുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അപ്പോള്‍ ക്ഷേത്രങ്ങളിലെ ഭജനയും ഡി.ജെ പാര്‍ട്ടികളുമോ? ബാങ്ക് വിളിക്കെതിരായ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."