സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു ബൈക്കിലും ഓട്ടോയിലുമിടിച്ചു
കൊണ്ടോട്ടി:നീറാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.30നാണ് എടവണ്ണപ്പാറ റോഡില്‍ നീറാട് ഇറക്കത്തില്‍ വെച്ച് മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടത്.
ബസിലിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ വീണതോടെ ബസ് നിയന്ത്രണ വിധേയമാക്കാനുളള ശ്രമത്തിലാണു റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചത്.പിന്നീട് നീറാട് അങ്ങാടിയും കഴിഞ്ഞു റോഡിന്റെ വശത്തെ പറമ്പില്‍ കയറിയാണ് ബസ് നിന്നത്. ബസിന്റെ നിയന്ത്രണം വിട്ടുളള വരവ് കണ്ട് റോഡിലുള്ളവരും കച്ചവടക്കാരും ഭയന്നു. പലരും ഓടി മാറി. എടവണ്ണപ്പാറ റോഡില്‍ നീറാട് ഇറക്കം ഇറങ്ങുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പാടെ തകര്‍ന്നു.
ബസില്‍ കുട്ടികളില്ലാഞ്ഞതും എതിരെ വലിയ വാഹനങ്ങളെത്താതിരുന്നതും വന്‍ അപകടം ഒഴിവാക്കി.സ്‌കൂള്‍ സമയമല്ലാത്തതും അപകടത്തിന്റെ തീവ്രത കുറച്ചു. വേങ്ങര കണ്ണമംഗലം മേപ്പാട്ടുപാറ പുള്ളാട്ട് വീട്ടില്‍ മുസ്തഫ(51)യാണ് അപകടത്തില്‍ മരിച്ചത്.
അതിനിടെ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി.സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിഷന്‍ എന്നിവ പരിശോധിക്കുമെന്നു കൊണ്ടോട്ടി സി.ഐ പി.കെ സന്തോഷ് പറഞ്ഞു. ഇതുമായി സ്‌കൂള്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ തേടും.സ്‌കൂള്‍ ബസിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോടും വിവരങ്ങള്‍ തേടും. അപകടത്തില്‍ പരുക്കേറ്റ ബസ് ഡ്രൈവര്‍ വേലായുധന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."