വടക്കുകിഴക്കിലെ യു.പി
കെ.എ സലിം
വംശീയതയെ അടിസ്ഥാനമാക്കിയുള്ള അസം ദേശീയതയിലേക്ക് ഹിന്ദുത്വം കൂടി ചേര്‍ത്തുവച്ചാണ് ഹിമന്ദ ബിശ്വ ശര്‍മ്മ ഭരണം തുടങ്ങിയത്. മുഖ്യമന്ത്രിയാകും മുമ്പ് അസമിലെ ബംഗ്ലാദേശ് ഹിന്ദു കുടിയേറ്റക്കാരെ പുറത്താക്കുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന ഭാരത് സേവാശ്രം സംഘത്തിന്റെ അനുഭാവിയായിരുന്നു ഹിമന്ദ. മുസ്‌ലിംകളായ കുടിയേറ്റക്കാരെ മാത്രമാണ് പുറത്താക്കേണ്ടെതെന്ന നിലപാടാണ് ഹിമന്ദയ്ക്കുള്ളത്. ഇക്കാര്യം ഹിമന്ദ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. യു.പിയില്‍ യോഗി ചെയ്തതെല്ലാം അസമിലും നടപ്പാക്കിയാണ് ഹിമന്ദ ഭരണം തുടങ്ങിയത്. നിരവധി പേരെ വ്യാജ ഏറ്റുമുട്ടലുകളില്‍ വധിച്ചു. ഗോവധ നിരോധന നിയമം നടപ്പാക്കി. ഇതോടൊപ്പമാണ് മുസ്‌ലിംകളെ കണ്ടെത്തി കുടിയൊഴിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ദാരങ് ജില്ലയിലെ തന്നെ സില്‍ചാറില്‍ 49 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.
ധോല്‍പൂര്‍ ക്ഷേത്രത്തിനടുത്താണ് കുടിയേറ്റ കേന്ദ്രമെന്നും അതിനാല്‍ ഒഴിയണമെന്നും ജൂണ്‍ ആറിന് നോട്ടിസ് കിട്ടുന്നു. ജൂണ്‍ ഏഴിന് കാലത്ത് അധികാരികള്‍ എത്തുന്നത് ജെ.സി.ബിയുമായിട്ടാണ്. ആളുകളെ വീടുകളില്‍ നിന്ന് ഒന്നുമെടുക്കാന്‍ പോലും സമ്മതിക്കാതെ ഇടിച്ചുനിരത്തി. ഇതിന് നേതൃത്വം നല്‍കിയതും ദാരങ് എസ്.പി ഹിമന്ദയുടെ സഹോദരന്‍ സുശാന്ത ബിശ്വ ശര്‍മ്മയാണ്. വീടുകളില്‍ നിന്ന് പണവും മരുന്നുകളും രേഖകളും എടുക്കാന്‍ പോലും പൊലിസ് സമ്മതിച്ചില്ല. 1980കളിലാണ് ഗ്രാമീണര്‍ അവിടെ താമസമാക്കുന്നത്. കൂട്ടത്തില്‍ മൂന്ന് ഹിന്ദു കുടുംബങ്ങളുമുണ്ടായിരുന്നു. അവരാണ് മുസ്‌ലിംകളുടെ സഹായത്തോടെ കാലങ്ങള്‍ക്ക് ശേഷം അവിടെ ക്ഷേത്രം നിര്‍മിക്കുന്നത്. ഇതില്‍ രണ്ടു കുടുംബങ്ങള്‍ 2000ത്തില്‍ മറ്റൊരിടത്തേക്ക് താമസം മാറ്റി. ബാക്കിയായ കര്‍ണദാസും കുടുംബവുമായിരുന്നു ക്ഷേത്രം പരിപാലിച്ചിരുന്നത്. 2016ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം കാര്യങ്ങള്‍ മാറി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു കമ്മിറ്റി ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ മുസ്‌ലിംകളെ അവിടെ നിന്ന് ഒഴിപ്പിക്കണമെന്നായി.
2016 നവംബറിലും 2021 ജനുവരിയിലും സര്‍ക്കാര്‍ അവരെ ഒഴിപ്പിച്ചെങ്കിലും പിന്നാലെ ഗ്രാമീണര്‍ തിരിച്ചെത്തി. ഹിമന്ദ മുഖ്യമന്ത്രിയായ ശേഷമാണ് ജൂണ്‍ ഏഴിലെ ക്രൂരമായ കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. പിന്നാലെ ധോല്‍പൂരിലെ ഹോജായിലില്‍ 74 കുടുംബങ്ങളെ ഇതേ രീതിയില്‍ ഒഴിപ്പിച്ചു. 1980കള്‍ മുതലാണ് ധോല്‍പൂര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഭൂരഹിതരുടെ കാര്യമായ കുടിയേറ്റമുണ്ടാകുന്നത്. കൃഷിയെ മാത്രം ഉപജീവനമാര്‍ഗമാക്കിയ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ് കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. അസമിലെ 15 ജില്ലകളില്‍ ഇത്തരത്തില്‍ കുടിയേറ്റമുണ്ടെന്നാണ് ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എച്ച്.ആര്‍ ബ്രഹ്മയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി 2017ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്ങനെയാണ് അസമില്‍ മാത്രം ഇത്രയധികം ഭൂരഹിതരുണ്ടാകുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ കണക്കില്‍ത്തന്നെ ഉത്തരമുണ്ട്.
കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ വെള്ളപ്പൊക്കം കാരണം ഭൂമി എന്നന്നേക്കുമായി നഷ്ടപ്പെട്ടത് അഞ്ചു ലക്ഷം പേര്‍ക്കാണെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രസിദ്ധീകരിച്ച അസം സര്‍ക്കാര്‍ കണക്ക് പറയുന്നു. ഈ കാലത്തിനിടയില്‍ 4,000 ചതുരശ്ര കിലോമീറ്ററാണ് ബ്രഹ്മപുത്ര നദി കവര്‍ന്നെടുത്തത്. അതായത് ആകെ അസം ഭൂമിയുടെ 7.5 ശതമാനം. എന്നിട്ടും ഇവരെ പുനരധിവസിപ്പിക്കാന്‍ ഒരു പദ്ധതിയും തയാറാക്കിയില്ല. ഇവരാകട്ടെ പുതിയ കൃഷിഭൂമി തേടി പലയിടങ്ങളിലേക്ക് പലായനം ചെയ്യും. കൃഷി ചെയ്യുന്ന ഭൂമിയുടെ അരികില്‍ താമസമാക്കും. ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരാണെന്നാരോപിച്ച് പൊലിസ് പിടിച്ചുകൊണ്ടു പോകും. രേഖയെല്ലാം നഷ്ടപ്പെട്ടതിനാല്‍ പലരും ഡീ വോട്ടര്‍മാരായി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് പോകും. മറ്റു ചിലര്‍ ശല്യമില്ലാത്ത മറ്റൊരിടത്തേക്ക് പലായനം തുടരും. ബ്രഹ്മപുത്ര നിറഞ്ഞൊഴുകുമ്പോള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ മാത്രമല്ല, 2012ലെ കൊക്‌റാജന്‍ കലാപത്തില്‍ ഓടിപ്പോരേണ്ടിവന്ന നിരവധി പേരും ഇങ്ങനെ കുടിയേറ്റ കേന്ദ്രങ്ങളുണ്ടാക്കാറുണ്ട്.
അതോടൊപ്പം അസമിനെ തീറ്റിപ്പോറ്റുന്നതും ഇതേ ഭൂരഹിതരാണെന്നതാണ് മറ്റൊരു വസ്തുത. അസമില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറികളും ധാന്യങ്ങളും കൃഷി ചെയ്യുന്നത് ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരാണ്. 2016 മുതല്‍ ബി.ജെ.പി ഇതിനെ തെരഞ്ഞെടുപ്പ് വിഷയമായി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി 2017ല്‍ സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് തന്നെ കാസിരംഗ, മായിനോര്‍, ദാരംഗ് ജില്ലകളില്‍ നിന്ന് നിരവധി കുടിയൊഴിപ്പിക്കലുണ്ടായി. എന്നാല്‍ ഭൂരിഭാഗം കുടിയൊഴിപ്പിക്കലുകളിലും അവരുടെ പക്കല്‍ ഭൂമി വാങ്ങിയതിന് രേഖകളുണ്ടായിരുന്നുവെന്നതാണ് വസ്തുത. ആധാര്‍കാര്‍ഡും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും ഇതേ വിലാസത്തിലേതായുണ്ട്. ധോല്‍പൂരിലെ ഇപ്പോഴത്തെ കുടിയൊഴിപ്പിക്കലിലും അവരുടെ കൈയില്‍ ഇത്തരത്തിലുള്ള രേഖകളുണ്ട്. പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടത് ഇതേ വിലാസം അംഗീകരിച്ചാണ്.
രണ്ടുപേരെ വെടിവച്ചു കൊല്ലുകയും വീടുകളും കൃഷിയിടങ്ങളും തകര്‍ക്കുകയും കത്തിക്കുകയും ചെയ്ത് 48 മണിക്കൂറിനകം ധോല്‍പൂര്‍ മൂന്നിലെ ഭൂമി തദ്ദേശീയരായ ഹിന്ദുക്കള്‍ക്ക് പശുക്കളെ വളര്‍ത്തുന്ന ഗോരുഖുതി ഫാമിങ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ കൈമാറ്റം ചെയ്തു. ഇതേ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രദേശത്തെ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പദം ഹസാരിക പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമി നഷ്ടപ്പെട്ട മുസ്‌ലിംകള്‍ക്കായി പുനരധിവാസ പദ്ധതിയൊന്നുമില്ലെങ്കിലും ഹിന്ദു കുടിയേറ്റ പദ്ധതികള്‍ നിരന്തരം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ജോനായി മേഖലയില്‍ ഇത്തരത്തിലൊരു കുടിയേറ്റ കേന്ദ്രം പണിയാന്‍ കാബിനറ്റ് അംഗീകാരം നല്‍കിയത് രണ്ടു നിരപരാധികളെ വെടിവച്ചു കൊന്ന് രണ്ടാഴ്ച പോലും തികയുന്നതിന് മുമ്പാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."