ലേഖിംപൂര്‍ ഖേരി കര്‍ഷകക്കുരുതി മരണം 9 ആയി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. നാലു കര്‍ഷകരും നാലു ബി.ജെ.പി പ്രവര്‍ത്തകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.
ഇതില്‍ ഒരാള്‍ അജയ് മിശ്രയുടെ സഹായിയും ഡ്രൈവറുമാണ്. കല്ലേറിലാണ് ഇയാള്‍ക്ക് പരുക്കേറ്റത്. യുവമോര്‍ച്ച അംഗമായ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചാണ് രണ്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടത്. കര്‍ഷകരായ സുഖ്വിന്ദര് സിങ് (20), സത്നാം സിങ് (20), ഹരിസിങ് (35), സുബ്ബ സിങ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കാണാതായ പ്രാദേശിക മാധ്യമപ്രവര്ത്തകന് രമണ്‍ കശ്യപിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. നിഗാസന്‍ മേഖലയിലെ ജേണലിസ്റ്റാണ് രമണ്‍. കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് കാണാതായത്. ഇന്നലെ രാവിലെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെയും രണ്ട് കമ്പനി കേന്ദ്ര സേനയെയും പ്രദേശത്ത് നിയോഗിച്ചു.
ഒക്ടോബര്‍ ആറുവരെ സേന ലേഖിംപൂരില്‍ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."