കാപ്പന്റെ അന്യായ അറസ്റ്റിന് ഒരുവര്‍ഷം; കുടുംബത്തിനാശ്വാസം അഞ്ചുമിനിറ്റിലെ ഫോണ്‍ വിളി മാത്രം
കോഴിക്കോട്: മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് യു.എ.പി.എ ചുമത്തി മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിട്ട് ഒരുവര്‍ഷം. ഹാഥറസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പന്‍, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതീഖുര്‍റഹ്മാന്‍, മസൂദ് അഹമ്മദ്, ഡ്രൈവര്‍ ആലം എന്നിവരെ യു.പി പൊലിസ് അറസ്റ്റുചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം സെക്രട്ടറിയുമായിരുന്നു.
സിദ്ദീഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യു.പി പൊലിസ് സമര്‍പ്പിച്ചത്. കാപ്പന്‍ എഴുതിയ 36 ലേഖനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ലേഖനങ്ങളിലൊന്ന് 2019 ഡിസംബറില്‍ ആരംഭിച്ച വിവാദ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെക്കുറിച്ചാണ്. ഡല്‍ഹി പൊലീസ് പ്രതിഷേധം കൈകാര്യം ചെയ്ത രീതിയെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. അറസ്റ്റിനുശേഷം യു.പി പൊലിസിന്റെ വേട്ട തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ജാമ്യാപേക്ഷ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കുടുംബം പറയുന്നു.
ഇതുവരെ ചാര്‍ജ് ഷീറ്റിന്റെ കോപ്പി പോലും ലഭിച്ചിട്ടില്ലെന്നു അഭിഭാഷകനും കുടുംബവും അറിയിച്ചു. വിവിധ കാരണങ്ങള്‍ പറഞ്ഞ് ജാമ്യം വൈകിപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കണമെങ്കില്‍ ചാര്‍ജ് ഷീറ്റ് ലഭിക്കണം. കുറ്റപത്രം ഏകപക്ഷീയമാണെന്ന് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസും കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത് ഒരു വര്‍ഷമായിട്ടും കുറ്റപത്രത്തിന്റെ കോപ്പി ഇതുവരെ അഭിഭാഷകന് നല്‍കിയിട്ടില്ല.
ഡല്‍ഹിയില്‍ യു.എ.പി.എ കേസില്‍ അറസ്റ്റിലായ രണ്ടു പ്രഫസര്‍മാരുടെ ഭാര്യമാരെ ഇന്റര്‍വ്യൂ ചെയ്തു, ഗുജറാത്തില്‍ അറസ്റ്റിലായ സഞ്ജയ് ഭട്ടിന്റെ ഭാര്യയെ ഫോണില്‍ ഇന്റര്‍വ്യൂ ചെയ്തു എന്നീ കുറ്റങ്ങള്‍ മതി അഞ്ചു വര്‍ഷത്തോളം പുറത്തിറക്കാതിരിക്കാന്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി കാപ്പന്‍ പറഞ്ഞതായും ഭാര്യ റൈഹാനത്ത് പറയുന്നു.
ഒരു വര്‍ഷത്തെ ജയില്‍വാസത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദീഖ് കാപ്പന് പരോള്‍ ലഭിച്ചത്. പരോള്‍ കഴിഞ്ഞ് മടങ്ങിയതിന് ശേഷമായിരുന്നു മാതാവിന്റെ മരണം. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ഫോണ്‍ വിളിമാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്വാസം. സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടില്‍ 100 കോടി രൂപയെത്തിയെന്നായിരുന്നു പൊലിസിന്റെ ആദ്യ വാദം. എന്നാല്‍ അക്കൗണ്ടില്‍ അത്രയും പണം എത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പിടികൂടിയ സമയത്ത് സിദ്ദിഖിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 25000 രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്നാണ് പൊലിസ് പറയുന്നത്.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ 25000 രൂപ ഉണ്ടാകുന്നത് യു.എ.പി.എ ചുമത്തന്‍ പറ്റിയ കുറ്റമാണോ എന്നും റൈഹാനത്ത് ചോദിക്കുന്നു. രോഗിയായ മാതാവ് മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കാപ്പന്‍ ജയിലിലായതോടെ ഭാര്യയും മൂന്നുകുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാതെ നട്ടം തിരിയുകയാണ്. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും അത് പാലിക്കാന്‍ ഇതു വരെ യു.പി സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രമേഹ രോഗിയായ സിദ്ദിഖ് ശാരീകമായി ഒട്ടോറേ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."