'ഇവിടെ ഭയങ്കര ചൂടല്ലേ' ഫലസ്തീനികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവില്‍ ഇരുത്തിയതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍
'ഇവിടെ ഭയങ്കര ചൂടല്ലേ' ഫലസ്തീനികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവില്‍ ഇരുത്തിയതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍
ഗസ്സ: ഗസ്സയില്‍ തുടരുന്ന കൂട്ടക്കുരുതിക്കിടെ ഫലസ്തീന്‍ ബന്ദികളെ പൊതുവിടത്തില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇരുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ തങ്ങളുടെ ഹീനപ്രവൃത്തിയെ ന്യായീകരിച്ച് ഇസ്‌റാഈല്‍. മിഡില്‍ ഈസ്റ്റിലെ വലിയ ചൂട് കാരണമാണ് ബന്ദികളെ അര്‍ധനഗ്‌നരാക്കി ഇരുത്തിയതെന്നാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേശകന്‍ മാര്‍ക് റെഗെവ് നല്‍കുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു ഇയാളുടെ പ്രതികരണം.
'ഒന്നാമതായി, ഇത് മിഡില്‍ ഈസ്റ്റാണെന്നും ഇവിടെ ചൂട് കൂടുതലാണെന്നും ഓര്‍ക്കുക, പ്രത്യേകിച്ച് പകല്‍ സമയത്ത് നല്ല വെയിലുള്ളപ്പോള്‍, നിങ്ങളുടെ ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെടുന്നത് നല്ലതല്ലേ, പക്ഷേ ഇത് ലോകാവസാനമല്ല' റെഗെവ് പ്രതികരിച്ചു.
വടക്കന്‍ ഗസ്സയില്‍ നിന്ന് പിടികൂടിയ മാധ്യമപ്രവര്‍ത്തകനടക്കമുള്ള നൂറോളം വരുന്ന ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ സേന അടിവസ്ത്രം മാത്രം ധരിപ്പിച്ച് കണ്ണുകള്‍ മൂടിക്കെട്ടി തെരുവില്‍ മുട്ടുകുത്തി ഇരുത്തിയത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും അധിനവേശ രാഷ്ട്രത്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സിവിലിയന്മാരെയാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് ബി.ബി.സി, അല്‍ജസീറ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരെയും പലായനം ചെയ്യുന്നവരെയുമാണ് പിടികൂടി ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും അവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തടവുകാരോടുള്ള ഇസ്‌റാഈലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓര്‍മിപ്പിക്കുന്നതുമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.
പിടികൂടിയ ബന്ദികളോട് ഹമാസ് മാന്യമായി പെരുമാറുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ ലോകത്തിനു മുന്നില്‍ നിന്ന് പറയുമ്പോഴാണ് ഇസ്‌റാഈല്‍ സേനയുടെ ക്രൂരതകള്‍ പുറത്തുവരുന്നത്. തങ്ങളോട് ഹമാസ് നല്ല രീതിയിലാണ് പെരുമാറിയതെന്നും സുരക്ഷിതരായിരുന്നെന്നും ഇസ്‌റാഈല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബന്ദികളടക്കം മോചനത്തിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. മോചനം ലഭിച്ച് റെഡ്‌ക്രോസ് വാഹനങ്ങളില്‍ കയറുന്നതിന് മുമ്പ് ഹമാസ് പോരാളികളോട് ഇസ്‌ലാം ജൂത അഭിവാദന വാക്കുകളായ സലാം, ശാലോം എന്നിങ്ങനെ പറഞ്ഞും സല്യൂട്ട് നല്‍കിയുമാണ് അവരില്‍ പലരും മടങ്ങിയത്. തന്റെ കുട്ടി ഗസ്സയില്‍ രാജകുമാരിയെ പോലെയായിരുന്നെന്നും ബന്ദികളില്‍ ഒരാള്‍ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."