HOME
DETAILS

പാരിതോഷികമാവരുത് രക്ഷകന്റെ ലക്ഷ്യം

  
backup
October 07 2021 | 04:10 AM

the-reward-should-not-be-the-saviors-goal

 

നിരത്തില്‍ പൊലിയുന്ന ജീവിതങ്ങളെക്കുറിച്ചു ദിവസേന നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. നിരവധിയാളുകള്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. അതിലേറെപ്പേര്‍ക്ക് ഗുരുതരമായ പരുക്കുപറ്റി ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടിവരുന്നു. മിക്കവര്‍ക്കും അംഗഭംഗമുള്‍പ്പെടെ സംഭവിക്കുകയും ചെയ്യുന്നു. സ്വന്തം തെറ്റുകൊണ്ടോ അശ്രദ്ധകൊണ്ടോ അല്ല മിക്കവരും വാഹനാപകടത്തില്‍ പെട്ടു മരിക്കുകയോ ശിഷ്ടജീവിതം നരകതുല്യമായ അവസ്ഥയില്‍ തള്ളിനീക്കുകയോ ചെയ്യുന്നത്. തീര്‍ത്തും അശ്രദ്ധമായി മറ്റുള്ളവര്‍ വാഹനമോടിക്കുന്നതു കൊണ്ടാണ്. റോഡപകടങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് പൊലിയുന്ന ഓരോ ജീവനും ഓരോ കുടുംബത്തെയും അനാഥമാക്കുകയാണ്. ഇങ്ങനെ നിരവധി കുടുംബങ്ങളുടെ തീരാക്കണ്ണീരിനാണ് റോഡപകടങ്ങള്‍ കാരണമാകുന്നത്.


ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചാല്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്നത് നേരാണ്. ഭരണകൂടവും നിയമപാലകരും അതിനായി വ്യാപകമായ ബോധവല്‍ക്കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, അവയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് അപകടങ്ങള്‍ വിതയ്ക്കുന്ന രീതിയില്‍ എല്ലാ റോഡ് നിയമങ്ങളും അവഗണിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ഇവിടെയാണ് റോഡപകടത്തില്‍ പെടുന്നവരെ ഉടനടി ആശുപത്രിയിലെത്തിച്ചു ജീവന്‍ രക്ഷിക്കാനുള്ള സമൂഹത്തിന്റെ കടമയുടെ പ്രസക്തി. അപകടം വരുത്തുന്നവരെ നമുക്കു മുന്‍കൂട്ടി നിയന്ത്രിക്കാനാകില്ലെങ്കിലും ഓരോ അപകടത്തിനും സാക്ഷികളാകുന്നവര്‍ക്ക് ആ അപകടത്തില്‍ പൊലിഞ്ഞേയ്ക്കാവുന്ന ഒന്നോ അതിലേറെയോ ജീവന്‍ രക്ഷിക്കാനാകും. അപകടമുണ്ടാകുന്ന ആ നിമിഷം തന്നെ രക്ഷാപ്രവര്‍ത്തനത്തിനു തയാറായാല്‍ മാത്രം മതി.


റോഡപകടത്തില്‍ പെടുന്ന മിക്കവരും മരിക്കുന്നത് ചോരവാര്‍ന്നാണെന്ന് എല്ലാവര്‍ക്കുമറിയാം. അപകടമുണ്ടായി ആദ്യ മണിക്കൂറില്‍ തന്നെ ഗുരുതരമായി പരുക്കുപറ്റിയ ആളെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ജീവിതത്തിനും മരണത്തിനുമിടയിലെ വിധി നിശ്ചയിക്കുന്ന ആ ഒരു മണിക്കൂറിനെ സുവര്‍ണ മണിക്കൂര്‍ (ഗോള്‍ഡന്‍ അവര്‍) എന്നാണ് പറയുക. ആ ഗോള്‍ഡന്‍ അവറില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ഥ 'മാലാഖമാര്‍'. അത്തരം മനോഭാവം വളര്‍ത്തിയെടുക്കാന്‍ കേരളത്തില്‍ വളരെ വര്‍ഷങ്ങളായി ട്രോമാകെയര്‍ പരിശീലനം നല്‍കിവരുന്നുണ്ട്. ദിവസത്തില്‍ ഭൂരിഭാഗം സമയത്തും നിരത്തിലുണ്ടാകുന്ന ഓട്ടോഡ്രൈവര്‍മാരും മറ്റുമാണ് സ്വയം സന്നദ്ധരായി ട്രോമാകെയര്‍ വോളണ്ടിയര്‍മാരായി പരിശീലനത്തിനെത്തുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ നല്ലൊരു ശതമാനം പേരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുമുണ്ട്.
പക്ഷേ, ഇത്തരത്തില്‍ ജീവന്‍രക്ഷകരായി മുന്നോട്ടുവരുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. നല്ലൊരു ശതമാനം പേരും അപകടങ്ങളുടെ കൗതുകക്കാഴ്ചക്കാര്‍ മാത്രമായിരിക്കും. അപകടക്കാഴ്ചകളില്‍ വിരണ്ടുപോകുന്നവരാണ് കുറേപ്പേര്‍. അത്തരം കാഴ്ചകള്‍ കണ്ടുനില്‍ക്കാന്‍ പലര്‍ക്കും പറ്റാറില്ല. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ കൗതുകത്തോടെ തടിച്ചു കൂടുകയും രക്ഷാപ്രവര്‍ത്തനത്തിനു പോലും തടസ്സമായിത്തീരുകയും ചെയ്യുന്നവര്‍ ഏറെയാണ്. സ്മാര്‍ട്ട് ഫോണുകളുടെ പിറവിയോടെ ഇത്തരം അപകടക്കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്തുന്നതിലായി പലരുടെയും ശ്രദ്ധ. അത്തരക്കാരുടെ എണ്ണം അനുദിനം കൂടി വരികയാണ്. ബോധവല്‍ക്കരണത്തിലൂടെ അത്തരക്കാരെ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞായിരിക്കണം കേന്ദ്രസര്‍ക്കാര്‍ പാരിതോഷിക പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കയാണ്. റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5,000 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളില്‍ സഹായമനോഭാവം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും പ്രഖ്യാപനത്തില്‍ പല അപാകതകളുമുണ്ട് എന്നു പറയാതെ വയ്യ.


അപകടത്തില്‍ പരുക്കേറ്റ് അതിഗുരുതരാവസ്ഥയിലാകുന്ന ആളെ ഒട്ടും വൈകാതെ ആശുപത്രിയിലെത്തിച്ചാലാണ് പാരിതോഷികം നല്‍കുക. അപകടത്തില്‍ പരുക്കേറ്റയാള്‍ ഗുരുതരാവസ്ഥയിലാണോ അല്ലയോ എന്നു നോക്കി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലല്ലോ. പണം മോഹിച്ചു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ അങ്ങനെ നോക്കിയെന്നു വരും. അവരുടെ കണ്ണില്‍ അത്ര ഗുരുതരമല്ല എന്നു തോന്നുന്നയാളായിരിക്കും ഏറ്റവും ഗുരുതരമായി പരുക്കേറ്റയാള്‍.
അപകടത്തില്‍ പെടുന്ന പലര്‍ക്കും പുറമേയ്ക്കു കാര്യമായ മുറിവോ ഒടിവോ ഒന്നുമുണ്ടാകണമെന്നില്ല. അല്‍പ്പം പോലും രക്തവാര്‍ച്ച ഉണ്ടാകണമെന്നുമില്ല. അപകടമുണ്ടായ ഉടന്‍ എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നു പറഞ്ഞ് എഴുന്നേറ്റുനില്‍ക്കുകയോ നടക്കുകയോ ഒക്കെ ചെയ്യുന്നവരുണ്ട്. ചിലപ്പോള്‍ വൈകാതെ അവര്‍ കുഴഞ്ഞുവീണ് മരിക്കാറുമുണ്ട്. ആന്തരികാവയവങ്ങളില്‍ ഉണ്ടാകുന്ന ഗുരുതരമായ പരുക്കാണ് അതിന് കാരണം.


ഗുരുതരമായി പരുക്കേറ്റവരെ രക്ഷിച്ചാല്‍ മാത്രമേ പാരിതോഷികം ലഭിക്കൂ എന്ന പ്രഖ്യാപനത്തില്‍ ആകൃഷ്ടരായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരുടെ കണ്ണില്‍ ഗുരുതരാവസ്ഥയിലല്ലെന്നു തോന്നുന്നവരില്‍ നല്ല പങ്കും വിധിക്കു കീഴടങ്ങേണ്ട അവസ്ഥയാകും. ഗുരുതരാവസ്ഥയിലുള്ള ഒരാളെ പലര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നതെങ്കില്‍ പാരിതോഷികത്തുക വീതിച്ചുനല്‍കുമെന്നതും തര്‍ക്കത്തിലേയ്ക്കും മത്സരത്തിലേയ്ക്കുമൊക്കെ നയിച്ചേക്കാം.എങ്കിലും, ഇപ്പോള്‍ അപകടമുണ്ടായ ഇടങ്ങളില്‍ കൗതുകക്കാഴ്ചക്കാരായി തടിച്ചുകൂടുന്നവരില്‍ ഇത്തിരിയെങ്കിലും കരുണാമനോഭാവമുണ്ടാക്കാന്‍ ഈ പാരിതോഷികം സഹായിക്കുമെങ്കില്‍ നല്ല കാര്യമാണ്. അപകടത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലേയ്ക്കു പറത്തിവിടുന്ന കുടിലചിന്തയില്‍ നിന്ന് ഒരാളെയെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതു നല്ല കാര്യമാണല്ലോ. അതുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനത്തെ വിമര്‍ശിക്കുന്നില്ല.


പക്ഷേ, ഈ പാരിതോഷിക പ്രഖ്യാപനഘട്ടത്തില്‍ പൊതുജനങ്ങള്‍ നടത്തേണ്ട ഒരു വീണ്ടുവിചാരത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാന്‍ വയ്യ. മനുഷ്യജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക് പാരിതോഷികത്തിന്റെ പ്രലോഭനം വേണമോ എന്നതാണത്. കാരുണ്യം പ്രതിഫലത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അതു കാരുണ്യമാകില്ല. സഹാനുഭൂതിയും പരോപകാരചിന്തയുമെല്ലാം സ്വാര്‍ഥരഹിതമായ മനസില്‍ നിന്നാണ് ഉണ്ടാകേണ്ടത്. പ്രതിഫലേച്ഛ കൂടാതെ ഇത്തരം ഇത്തരം പ്രവൃത്തികള്‍ക്കു തുനിയുന്നവരാണ് ശരിയായ മനുഷ്യസ്‌നേഹികള്‍.


അങ്ങനെ ചെയ്യുന്ന നിരവധിപ്പേര്‍ നമുക്കു ചുറ്റുമുണ്ട്. ഒരു കാര്യം പറയട്ടെ, അവരില്‍ ബഹുഭൂരിപക്ഷവും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചുമട്ടുകാരും കൂലിപ്പണിക്കാരുമൊക്കെയാണ്. കാറില്‍, പ്രത്യേകിച്ച് ആഡംബരവാഹനത്തില്‍ സഞ്ചരിക്കുന്ന പലരും കണ്‍മുന്നില്‍ കാണുന്ന അപകടങ്ങള്‍ കണ്ടില്ലെന്നു നടിച്ചു വാഹനങ്ങള്‍ക്ക് വേഗത കൂട്ടി പോകുന്ന സന്ദര്‍ഭങ്ങള്‍ക്ക് നാമെല്ലാം എത്രയോ തവണ സാക്ഷികളായിട്ടുണ്ട്. തന്റെ വാഹനം അവിടെ നിര്‍ത്തിയാല്‍ ചോരവാര്‍ന്നു റോഡില്‍ കിടക്കുന്നവനെ അതില്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവരുമോ എന്ന ചിന്തയായിരിക്കും അവര്‍ക്ക്. അതല്ലെങ്കില്‍ എന്തിന് ഒരു പൊല്ലാപ്പ് തലയിലെടുത്തുവയ്ക്കണം എന്നായിരിക്കും ചിന്ത.സാധാരണക്കാര്‍ അങ്ങനെയല്ല. അവര്‍ സംഭവസ്ഥലത്തേയ്ക്കു കുതിച്ചെത്തും. തങ്ങളുടെ തിരക്കിനെക്കുറിച്ചെല്ലാം മറക്കും. പരുക്കേറ്റു പിടയുന്നവരെ കോരിയെടുക്കും. തൊട്ടടുത്തുള്ള വാഹനങ്ങള്‍ക്കു കൈകാണിച്ച് അതില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കും. പരുക്കേറ്റവര്‍ക്ക് രക്തം നല്‍കേണ്ടതുണ്ടെങ്കില്‍ സ്വന്തം ചോരനല്‍കാനും അവര്‍ തയാറാകും.


അത്തരക്കാര്‍ നിരവധിയുണ്ട്. അവരാരും പ്രതിഫലം കാംക്ഷിക്കുന്നവരല്ല. നിരത്തില്‍ പിടയുന്നവന്റെ ജീവന്‍ രക്ഷിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നു ചിന്തിക്കുന്നവരാണ്. നാം കണ്ടു പഠിക്കേണ്ടത് അവരെയാണ്. നാം ഓരോരുത്തരും ലക്ഷ്യമാക്കേണ്ടത് അത്തരം മഹാമനസ്‌കരുടെ പട്ടികയില്‍ സ്ഥാനം പിടിക്കാനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago