സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച പ്രവാസി മലയാളി സഊദിയിൽ ജയിലിലായി; ഒടുവിൽ രക്ഷകനായി എം.എ യൂസഫലിയുടെ ഇടപെടൽ
സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച പ്രവാസി മലയാളി സഊദിയിൽ ജയിലിലായി; ഒടുവിൽ രക്ഷകനായി എം.എ യൂസഫലിയുടെ ഇടപെടൽ
റിയാദ്: വ്യവസായി എം.എ യൂസഫലിയുടെ കാരുണ്യത്തിൽ രണ്ടര വർഷമായി ജയിലിൽ കഴിയുകയായിരുന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശി റഷീദിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുടെ ഇടപെടലിൽ സഊദി അറേബ്യയിലെ ജയിലിൽ നിന്ന് മോചനം ലഭിച്ചത്. സാമൂഹിക പ്രവർത്തകൻ ചമഞ്ഞെത്തിയ സുഹൃത്തായ ഷാൻ എന്നയാളുടെ വാക്ക് വിശ്വസിച്ചതിനെ തുടർന്ന് നാട്ടിലെത്താൻ എളുപ്പവഴി നോക്കിയതിനെ തുടർന്നാണ് റഷീദിന് 28 മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നത്.
നാല് വർഷം മുൻപാണ് ഹൗസ് ഡ്രൈവർ വിസയിൽ സഊദിയിലെ ജിദ്ദയിലെത്തുന്നത്. എന്നാൽ ഡ്രൈവർ ജോലിക്ക് പകരം സ്വദേശിയായ സ്പോൺസർ നൽകിയത് സ്പെയർ പാർട്സ് കടയിലെ ജോലിയായിരുന്നു. സ്‌പോൺസറുടെ നിർബന്ധത്തിൽ ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് സ്വദേശി വത്കരണ പരിശോധനയുമായി അധികൃതർ റഷീദ് ജോലി ചെയ്തിരുന്ന ഷോപ്പിൽ എത്തിയത്. സ്വദേശി തൊഴിലെടുക്കേണ്ട തസ്തികയിൽ വിദേശിയായ റഷീദിനെ കണ്ട പൊലിസ് റഷീദിന് മുന്നറിയിപ്പ് നൽകി. അടുത്ത തവണ പരിശോധനയ്ക്ക് എത്തുമ്പോൾ ഇവിടെ കണ്ടാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.
പൊലിസിന്റെ മുന്നറിയിപ്പ് കേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിന്‍റെ അടുത്ത് അഭയം തേടി. പാസ്പോർട്ട് സ്പോൺസറുടെ അടുത്ത് ആയതിനാൽ ഉടൻ നാട്ടിലെത്താൻ സാധിക്കില്ലായിരുന്നു. ഈ സമയത്താണ് സാമൂഹിക പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ ഷാൻ ഒരു ഉപദേശം റഷീദിന് നൽകുന്നത്. ജിദ്ദയിലെ നാട് കടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി 4,000 റിയാൽ റഷീദിന്റെ കയ്യിൽ നിന്ന് ഷാൻ വാങ്ങുകയും ചെയ്തു. ഇത് വിശ്വസിച്ച് ജിദ്ദയിലെ കേന്ദ്രത്തിലെത്തിയ റഷീദിന് ചതിപറ്റുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് 28 മാസമാണ് ജയിലിൽ കിടന്നത്. പണം വാങ്ങിയ ഷാനിനെ പിന്നീട് കണ്ടതുമില്ല. ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്പോൺസർ കൊടുത്തിരുന്നു.
ജയിൽ മോചനത്തിനായി റഷീദിന്‍റെ മാതാപിതാക്കൾ പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയിലാണ് എം.എ യൂസഫലി വിഷയം അറിയുന്നത്. തുടർന്ന് റിയാദ് ലുലു ഗ്രൂപ്പ് അധികൃതരോട് വിഷയത്തിൽ ഇടപെടാനും റഷീദിനെ മോചിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. തുടർന്ന് നിയമപ്രശ്നങ്ങളെല്ലാം ഇടപെടൽ മൂലം പരിഹരിച്ച് റിയാദ് ലുലു ഗ്രൂപ്പ് അധികൃതർ റഷീദിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിച്ചു. റഷീദിന്റെ മോചനത്തിനായി പരിശ്രമിച്ച എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും അദ്ദേഹത്തിന്റെ സഹോദരൻ റമീസ് നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."