പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച്ച; എട്ട് ലോക്‌സഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച്ച; എട്ട് ലോക്‌സഭാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ എട്ട് ലോക്‌സഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്ത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഇന്നലെയുണ്ടായ ഗ്യാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകര്‍ ദ്വാര്‍ ഗേറ്റിലൂടെ എംപിമാരെ മാത്രമാണ് പാര്‍ലമെന്റിന് അകത്തേക്ക് കടത്തിവിടുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കുന്നവരെ, അവരുടെ ഷൂസുകള്‍ അഴിച്ചും മറ്റും കര്‍ശന പരിശോധനയാണ് നടത്തുന്നത്.
ലോക്‌സഭയില്‍ നടന്ന സംഭവത്തില്‍ തീവ്രവാദ സ്വഭാവമില്ലെന്ന് ഡല്‍ഹി പൊലിസ് ഇന്നലെ അറിയിച്ചിരുന്നു. പല സംസ്ഥാനത്ത് നിന്നുള്ള പ്രതികള്‍ ആറുപേരും പരസ്പരം പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴിയാണ്. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. പ്രതികളിലൊരാളായ 37കാരി നീലം ആസാദ് ദേവി ജന്തര്‍ മന്ദറിലെ ഗുസ്തിക്കാരുടെ സമരത്തിലും പങ്കെടുത്തിരുന്നു. അന്ന് സാക്ഷി മാലികിനൊപ്പം അറസ്റ്റിലാകുകയും ചെയ്തു.
ഭഗത് സിങ്, ബി.ആര്‍ അംബേദ്കര്‍ എന്നിവര്‍ നീലത്തെ സ്വാധീനിച്ചിട്ടുണ്ട്. എം.എഡും എംഫിലും നേടിയ നീലം നീറ്റ് യോഗ്യത നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ അധ്യാപക ജോലിക്കായി ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. നീലത്തിന്റെ സഹോദരന്‍ 2020ലെ കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും ഏതെങ്കിലും സംഘടനയുടെ ഭാഗമല്ലെന്നും പൊലിസ് അറിയിച്ചു.
പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ശൂന്യവേള പുരോഗമിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് ഒന്നോടെ ലോക്‌സഭയില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. സന്ദര്‍ശക ഗാലറിയില്‍നിന്ന് രണ്ടുപേര്‍ ലോക്‌സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയും എം.പിമാര്‍ക്കു നേരെ കളര്‍ സ്‌മോക് സ്‌പ്രേ (കളര്‍ ഗ്യാസ് കാനിസ്റ്റര്‍) പ്രയോഗിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പാര്‍ലമെന്റ് ഹാളിലാകെ മഞ്ഞ നിറത്തിലുള്ള പുക പരന്നു. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് ചാടിയത്.
ഇവര്‍ സ്പീക്കറുടെ ചെയറിനു നേരെ പാഞ്ഞടുക്കാന്‍ ശ്രമിക്കുകയും എം.പിമാരുടെ ഡെസ്‌കിന് മുകളിലൂടെ ഓടുകയും ചെയ്തു. തുടര്‍ന്ന് എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടി. പാര്‍ലമെന്റിനു പുറത്ത് സമാനമായ പ്രതിഷേധം നടത്തിയ മറ്റു രണ്ടുപേരും പിടിയിലായി. സമ്മേളിച്ചു.
ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമാണെന്നും ആരുടെയും പിന്തുണയില്ലെന്നും പിടിയിലായ നീലം ദേവി അവകാശപ്പെട്ടു.
ജയ് ഭാരത്, ഭാരത് മാതാ കീ ജയ്, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."