'14 വര്‍ഷം ആറ്റുനോറ്റുണ്ടായ കുഞ്ഞാ, നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലേ'; കോടതിവളപ്പില്‍ അലറിക്കരഞ്ഞ് അമ്മ, വൈകാരിക നിമിഷങ്ങള്‍
'14 വര്‍ഷം ആറ്റുനോറ്റുണ്ടായ കുഞ്ഞാ, നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലേ'; കോടതിവളപ്പില്‍ അലറിക്കരഞ്ഞ് അമ്മ, വൈകാരിക നിമിഷങ്ങള്‍
കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ടതിന് പിന്നാലെ വൈകീരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി കോടതി പരിസരം. വിധി കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിന്റെ അമ്മ ചോദിച്ച ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ലായിരുന്നു.
'നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം അവന്‍ ചെയ്ത കാര്യങ്ങള്‍. എന്റെ മകളെ അവന്‍ കൊന്നതാണ്. പൂജാമുറിയില്‍ ഇട്ടാണ് കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷര്‍ട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിന് ചോറ് കൊടുത്ത് പുറത്തേയ്ക്ക് പോയ സമയത്തായിരുന്നു അവന്‍ വീട്ടില്‍ കയറിയത്. 14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കിട്ടിയതാണ്. അറിയാമോ?. നീതി ലഭിച്ചില്ല. എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ.. അവന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നത്. അതാണ് സത്യം.. അവള്‍ക്ക് നീതി കിട്ടിയില്ല'- കോടതിവളപ്പില്‍ ആ അമ്മ അലറി പറഞ്ഞു.
കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."