പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോളിന്റെ വിജയം
ന്യൂഡല്‍ഹി: തുടര്‍തോല്‍വികള്‍ക്കൊടുവില്‍ മഞ്ഞപ്പടയുടെ തിരിച്ചുവരവ്. ഐ ലീഗ് ചാംപ്യന്മാരായ പഞ്ചാബ് എഫ്.സിയെ അവരുടെ ഹോംഗ്രൗണ്ടായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം തോല്‍പിച്ചത്. പരുക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെയും വിലക്ക് നേരിടുന്ന കോച്ച് ഇവാന്‍ വുകമനോവിച്ചിന്റെയും അഭാവത്തിലാണ് ഡല്‍ഹിയില്‍ മഞ്ഞപ്പടയുടെ വിജയം. മറുവശത്ത് ആദ്യ ഐ.എസ്.എല്‍ ജയത്തിനായുള്ള പഞ്ചാബിന്റെ സ്വപ്‌നം നീളുകയാണ്.
50ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നത്. മുഹമ്മദ് ഐമനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് തുറന്നുകിട്ടിയ സുവര്‍ണാവസരം. കിക്കെടുത്ത ഡയമന്റകോസ് പന്ത് അനായാസം വലയിലാക്കി. സീസണിലെ അഞ്ചാം ഗോളാണ് താരം സ്വന്തം പേരിലാക്കിയത്. ആദ്യ ഗോള്‍ വീണ ശേഷം തിരിച്ചടിക്കാന്‍ പഞ്ചാബ് പലതവണ ആഞ്ഞുപിടിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല.
ബ്ലാസ്‌റ്റേഴ്‌സിന്റെ നിരവധി നീക്കങ്ങള്‍ കണ്ട ആദ്യ പകുതിയില്‍ പക്ഷെ ഇരുഭാഗത്തും ഗോളൊന്നും പിറന്നില്ല. രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമത്തിനു തുടക്കമിട്ടിരുന്നു. മുഹമ്മദ് ഐമന്‍ നല്‍കിയ പാസില്‍നിന്ന് ക്വാമി പെപ്രയുടെ മിന്നലാക്രണം. ക്രോസ് ഷോട്ട് പഞ്ചാബ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 12ാം മിനിറ്റില്‍ പഞ്ചാബിന്റെ ലൂക്കയ്ക്കുനേരെയുള്ള വിബിന്‍ മോഹന്റെ ഫൗളില്‍നിന്ന് പഞ്ചാബിനു മുന്നില്‍ ഒരു ഫ്രീകിക്ക് അവസരം തുറന്നുലഭിച്ചെങ്കിലും മുതലാക്കാനായില്ല. വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റഴ്‌സ്.
പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോളിന്റെ വിജയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."