പെരുമഴ നനഞ്ഞ് കുഞ്ഞുമക്കള്‍ യാത്രയായി ഇനിയുണരാത്ത ഉറക്കത്തിലേക്ക്; പുതുവീട് കയറാന്‍ ഇനി അബൂബക്കറും സുമയ്യയും തനിച്ച്
അവരുടെ കുഞ്ഞിക്കാലടികള്‍ പതിയേണ്ടതായിരുന്നു അവിടെ. കാടപ്പടിക്കാരന്‍ അബൂബക്കര്‍ സിദ്ദീഖിന്റേയും സുമയ്യയുടേയും പണിതു തീരാത്ത ആ വീട്ടില്‍. കിനാക്കള്‍ സ്വരുക്കൂട്ടി ആ വീടു പണിതു തുടങ്ങിയതു തന്നെ അതിനായിരുന്നല്ലോ. എന്നാല്‍ ഇന്നലെ രാത്രി നിലക്കാതെ പെയ്ത പേമാരിക്കൊടുവിലെ ഒരു നിമിഷം ആ കിനാക്കളില്‍ കണ്ണീര് നിറച്ചിരിക്കുന്നു. പുത്തന്‍ വീടിന്റെ മതിലിനടിയില്‍ പെട്ട് അവരുടെ ജീവന്റെ ജീവനുകള്‍ യാത്രയായിരിക്കുന്നു. എട്ടുവയസ്സുകാരി റിസ്‌വാനയും ഏഴുമാസം മാത്രം പ്രായമുള്ള റിന്‍സാനയും.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ആ അപകടമുണ്ടായത്. മലപ്പുറം കരിപ്പൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലേക്ക് സമീപത്തു തന്നെയുള്ള മകള്‍ സുമയ്യയുടെ പണിനടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. സുമയ്യയുടെ രണ്ട് മക്കളും ആ മണ്ണിനടിയില്‍ പെട്ട് മരിച്ചു. സുമയ്യയും ഉണ്ടായിരുന്നു അവരോടൊപ്പം. എന്നാല്‍ അവര്‍ക്ക് കാര്യമായ പരുക്കൊന്നും ഉണ്ടായിരുന്നില്ല.
പുലര്‍ച്ചെ അലച്ചെത്തിയ മരണം
രാവിലെ ഏതാണ്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മുഹമ്മദ് കുട്ടിയും ഭാര്യ ഫാത്തിമയും ഇവരുടെ സഹോദരി ജമീലയും മുഹമ്മദ് കുട്ടിയുടെ മറ്റൊരു മകള്‍ ഹഫ്‌സത്തും പിന്നെ സുമയ്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍മക്കളാണ് മുഹമ്മദ് കുട്ടിക്ക്. വീടുപണി നടക്കുന്നതിനാല്‍ സുമയ്യ ഉപ്പയോടും ഉമ്മയോടും ഒപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉമ്മ ഫാത്തിമക്ക് ഒരു പരുക്ക് പറ്റിയതിനാല്‍ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു ഹഫ്‌സത്ത്.
സുമയ്യയും മക്കളും മതിലിനോട് ചേര്‍ന്നുള്ള റൂമിലാണ് കിടന്നിരുന്നത്. ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടയുടനെ ഹഫ്‌സത്ത് ആണ് പുറത്തേക്കൊടി തങ്ങളെ വിളിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. അടുത്തുള്ളവരെല്ലാം വന്ന് ആദ്യം റൂമിന് പുറത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പിന്നെ സുമയ്യയും മക്കളും ഉറങ്ങിക്കിടന്ന മുറിയുടെ വാതില്‍ ചവിട്ടപ്പൊളിച്ച് അകത്തു കടന്നു. മണ്ണില്‍ പൂണ്ട നിലയിലായിരുന്നു സുമയ്യയും മക്കളും. പുറത്തെടുക്കുമ്പോള്‍ കുട്ടികള്‍ മരിച്ചിരുന്നതായും ഇവര്‍ പറയുന്നു. സുമയ്യയെ ആശുപത്രിയിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരിച്ചയച്ചു.
മതിലിടിഞ്ഞ് പകുതി മണ്ണും സമീപത്തെ കിണറ്റിലേക്കാണ് വീണത്. അതുകൊണ്ട് വലിയൊരു അപകടം ഒഴിവായെന്നും അയല്‍വാസികള്‍. കുട്ടികളുടെ ഉപ്പ അബൂബക്കര്‍ കാസര്‍കോട് കച്ചവടം നടത്തുകയാണ്. അപകടം നടക്കുമ്പോള്‍ അബൂബക്കര്‍ കാസര്‍കോടായിരുന്നു.
കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതാങ്കുളം പള്ളിയില്‍ തന്നെയായിരിക്കും ഖബറടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."