വ്യാജ റിക്രൂട്ടർമാർ വാഴും ഇന്ത്യ
റജിമോൻ കുട്ടപ്പൻ
കൊവിഡ് പടർന്നുപിടിച്ച സമയത്താണ് ഒമാനിൽ ഹോട്ടൽ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്ന കോട്ടയം സ്വദേശി സുധീഷ് കുമാറിന് ജോലി നഷ്ടമാവുന്നത്. സ്വദേശത്തേക്ക് മടങ്ങിയ ഇദ്ദേഹം നാട്ടിൽ ഉപജീവനം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. തെരുവ് കച്ചവടം ആരംഭിച്ചെങ്കിലും പച്ചപിടിച്ചില്ല. ഇതോടെ വീണ്ടും ഗൾഫിലേക്കുതന്നെ മടങ്ങാമെന്ന ആശയം ഉദിച്ചു. ഗൾഫ് രാജ്യങ്ങളിൽ ജോലി കണ്ടെത്താൻ പലതവണ ശ്രമിച്ചെങ്കിലും ഒടുവിൽ 2023 മാർച്ചിലാണ് ഇടനിലക്കാരന്റെ സഹായത്തോടെ സഉൗദി അറേബ്യയിലെ കഫ്റ്റീരിയയിൽ ഹോട്ടൽ വെയ്റ്ററായി ജോലി തരപ്പെട്ടത്.22,000 രൂപ പ്രതിമാസ ശമ്പളം എന്നായിരുന്നു ജോലി വാഗ്ദാനത്തിൽ ഉണ്ടായിരുന്നത്. ഔദ്യോഗികമായി ജോലി ഉറപ്പാക്കുന്ന കത്തുകളോ മറ്റ് അറിയിപ്പുകളോ ഒന്നും ലഭിച്ചിരുന്നില്ല.
എങ്കിലും ഇടനിലക്കാരന്റെ വാക്കിനും ഉറപ്പിനും പുറത്താണ് റിക്രൂട്ട്മെന്റ് ഫീസ് 65,000 രൂപ സുധീഷ് കുമാർ നൽകിയത്. തൊഴിൽ വിസയും സഉൗദി അറേബ്യയിലേക്കുള്ള ടിക്കറ്റും ശരിപ്പെടുത്താനാണ് ഇത്രയും പണം എന്നാണ് ഇടനിലക്കാരൻ പറഞ്ഞിരുന്നത്.
'ഭാര്യയുടെ പക്കൽ കുറച്ച് സ്വർണമുണ്ടായിരുന്നു. അത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചാണ് ഏജന്റിന് കൊടുക്കാനുള്ള പണം കണ്ടെത്തിയത്. മൂന്നാഴ്ചയ്ക്കകംതന്നെ വിസ ശരിയാവുകയും ഇവിടേക്ക് എത്തുകയും ചെയ്തു. ഇവിടത്തെ തൊഴിൽ സാഹചര്യങ്ങൾ ഒന്നും വളരെ മെച്ചപ്പെട്ടതല്ല, പക്ഷേ ഈ തൊഴിൽ ഉപേക്ഷിക്കാൻ സാധ്യമല്ല. കാരണം ഇന്നെന്റെ കുടുംബത്തിന് ഈ ജോലി അത്യാവശ്യമാണ്'- സഉൗദി അറേബ്യയിൽനിന്ന് സുധീഷ് കുമാർ പറഞ്ഞ വാക്കുകളാണിവ.
സുധീഷ് കുമാറിന്റെ അനുഭവവും ദുരിതവും ഒറ്റപ്പെട്ടതാണെന്ന് പറയാനാവില്ല. വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ തൊഴിലന്വേഷകർ എപ്പോഴും വലയിൽ പെട്ടുപോകുന്ന സ്ഥിരം സംഭവമാണ് ഇടനിലക്കാർക്ക് നൽകുന്ന ഉയർന്ന അളവിലുള്ള റിക്രൂട്ട്മെന്റ് ഫീസുകൾ. ഇത് പരിമിതപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനുമായി സർക്കാരിൽനിന്ന് വിവിധ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഇപ്പോഴും തുടരുന്നു.
സർക്കാരിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത ഒരു റിക്രൂട്ട്മെന്റ് ഏജൻസിക്ക് പരമാവധി ഈ ഇനത്തിൽ ഈടാക്കാവുന്ന തുക 30,000 രൂപയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ തൊഴിലിന് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്ന 1700 ഏജൻസികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. ഈ ഏജൻസികൾ ഏറ്റവും കൂടുതൽ കാണാനാവുക നഗരപ്രദേശങ്ങളിലാണ്. അങ്ങനെയാണ് ഗ്രാമപ്രദേശങ്ങളിൽ വളരെ അടിയന്തരമായി തൊഴിൽ അന്വേഷിക്കുന്ന പലരും ഒരിക്കലും കാണാത്ത ഇടനിലക്കാരുമായി തൊഴിൽ ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്നത്. ഇത്തരം ഇടനിലക്കാർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടാവില്ലെന്നു മാത്രമല്ല ഇവരെ പലപ്പോഴും നേരിട്ട് കാണാൻപോലും സാധിക്കില്ല. തൊഴിൽ അടിയന്തരമായി അന്വേഷിക്കുന്നവരാണെന്ന് ബോധ്യമായാൽ ഇവർ ഒരു രേഖകളും നൽകാതെ ഉയർന്നതോതിലുള്ള ഫീസാണ് അന്വേഷകരിൽനിന്ന് കൈപ്പറ്റുന്നത്.
സുധീഷിനെ പോലെ ഗ്രാമപ്രദേശങ്ങളിലുള്ള പല തൊഴിൽ അന്വേഷകരെയും സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഇടനിലക്കാരുടെ സഹായം അത്യാവശ്യമാണ്. നഗരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന റിക്രൂട്ട്മെന്റ് ഏജൻസികളിലേക്ക് തൊഴിൽ അന്വേഷണത്തിന് പോകുന്നത് വലിയ ബുദ്ധിമുട്ടായതിനാലാണ് ഇടനിലക്കാരെ ഉയർന്ന തുക നൽകി ഗ്രാമപ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ഇടനിലക്കാരിൽനിന്ന് സഹായം തൊഴിൽ അന്വേഷകർ കൈപ്പറ്റുമ്പോൾ ഈടാക്കുന്ന അമിത തുകകൾ പലപ്പോഴും പുറംലോകം അറിയുന്നില്ല. ഇത് അഴിമതിയുടെ മറ്റൊരു വശമാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒരു അറിയിപ്പ് പുറപ്പെടുവിക്കുകയുണ്ടായി. വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർ തട്ടിപ്പ് ഏജന്റുമാരിൽ പെടരുതെന്നായിരുന്നു ആ മുന്നറിയിപ്പ്. 'രജിസ്റ്റർ ചെയ്യപ്പെടാത്ത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ വഞ്ചനയ്ക്കിരയാവുന്ന തൊഴിൽ അന്വേഷകരുടെ എണ്ണം അടുത്തകാലത്തായി വളരെയധികം വർധിച്ചിട്ടുണ്ട്. ഇത്തരക്കാർ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയും രണ്ടുമുതൽ അഞ്ചുലക്ഷംവരെ റിക്രൂട്ട്മെന്റ് ഫീസായി കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമാനുസൃത അനുമതിയുള്ളവർക്ക് മാത്രമേ വിദേശത്തേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവൂ.
തട്ടിപ്പുകൾ നടത്തുന്ന ഏജൻസികൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും'- വിദേശകാര്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇത്തരം ഏജൻസികൾ തങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പലപ്പോഴും നൽകുന്നില്ല. പലപ്പോഴും തൊഴിൽ അന്വേഷകരുമായി ബന്ധപ്പെടുന്നത് വാട്സാപ്പിലൂടെ മാത്രമാണ്. അതിനാൽതന്നെ ബന്ധപ്പെടുന്നവർ ആരെന്നും എന്തെന്നും അറിയില്ല. ഇവർ വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ യാഥാർഥ്യത്തെക്കുറിച്ചുപോലും വ്യക്തതയുണ്ടാവില്ല.
അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ തൊഴിലാളികളെ പണിയെടുക്കാൻ നയിക്കുന്നെന്നു മാത്രമല്ല പലപ്പോഴും അപകടകരമായ തൊഴിലുകളായിരിക്കും ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇത്തരം പല കേസുകളും ഈയിടെയായി വർധിച്ചുവരികയാണ്. കിഴക്കൻ യൂറോപ്, ഗൾഫ്, മധ്യേഷ്യ എന്നിവകളിലെ രാജ്യങ്ങളിലും ഇസ്റാഇൗൽ, കാനഡ, മ്യാൻമർ, ലാവോ, പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കുമാണ് ഇത്തരം തട്ടിപ്പ് ജോലികൾ വാഗ്ദാനം ചെയ്യപ്പെടുന്നതെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ വർഷം ഒക്ടോബർ 30 വരെ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞത് 20295 അനധികൃത ഇടനിലക്കാരെയോ ഏജൻസികളെയോ ആണ്. 471 അനധികൃത ഇടനിലക്കാരോ സ്ഥാപനങ്ങളോ ആന്ധ്രാപ്രദേശിൽ മാത്രമുണ്ട്. ഇവരാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. 400 അനധികൃത സ്ഥാപനങ്ങളുമായി ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്ന കണക്കുകളിൽനിന്ന് വ്യക്തമാവുന്നത് ഒന്നോ രണ്ടോ ചാന്ദ്രയാൻ ദൗത്യങ്ങൾക്കോ അവതാർപോലുള്ള സിനിമകൾ പൂർണമായി ചിത്രീകരിക്കാനോ മതിയാവുന്ന തുക ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും കൈകളിലേക്ക് എത്തുന്നുണ്ട് എന്നാണ്.
2023 ഫെബ്രുവരിയിൽ പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ പറയുന്നത്, ഇന്ത്യയിലെ 14 ഓളം എമിഗ്രന്റ് ഓഫിസുകളിലായി പ്രതിദിനം ആയിരം വിദേശ തൊഴിൽ അപേക്ഷകൾ വ്യവഹരിക്കപ്പെടുന്നുണ്ട് എന്നാണ്. ഇതിൽ ഓരോ വ്യക്തിയും ശരാശരി 361 അമേരിക്കൻ ഡോളറാണ് നൽകുന്നത്. അങ്ങനെ വരുമ്പോൾ 361, 000 അമേരിക്കൻ ഡോളർ ദിനേന റിക്രൂട്ട്മെന്റ് ഏജൻസികളിലെത്തുന്നു. അഥവാ പ്രതിമാസം 10 മില്യൻ അമേരിക്കൻ ഡോളർ, പ്രതിവർഷം 129 മില്യൻ അമേരിക്കൻ ഡോളറുമാണ് റിക്രൂട്ട്മെന്റ് ഏജൻസികളിലെത്തുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾ 2500 മുതൽ 6000 അമേരിക്കൻ ഡോളർ വരെ ഓരോ അപേക്ഷയ്ക്കും ഈടാക്കുന്നതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ 2295 അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ അഞ്ച് പേരെ പ്രതിമാസം റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവരിൽനിന്ന് കുറഞ്ഞത് 2500 അമേരിക്കൻ ഡോളർ കൈപ്പറ്റുന്നുണ്ട്. അഥവാ പ്രതിമാസം ഉണ്ടാക്കുന്നത് 36.5 മില്യൻ അമേരിക്കൻ ഡോളർ, ഒരു വർഷത്തേക്ക് 438 മില്യൻ അമേരിക്കൻ ഡോളർ. ഈ പണംകൊണ്ട് തട്ടിപ്പ് റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് അഞ്ചു ചാന്ദ്രയാൻ ദൗത്യങ്ങൾക്ക് ഇന്ധനം നിറയ്ക്കുകയോ അല്ലെങ്കിൽ മൂന്ന് റാഫേൽ ജെറ്റ് യൂനിറ്റുകൾ സ്വന്തമാക്കുകയോ ചെയ്യാം. കാരണം അത്രയധികം പണമാണ് അനധികൃതമായി ഇത്തരം സ്ഥാപനങ്ങളിലേക്ക് എത്തുന്നത്.
കുടിയേറ്റത്തിന്റെ ആദ്യഘട്ടം റിക്രൂട്ട്മെന്റാണ്. അനധികൃത ഇടനിലക്കാർ ഇതിൽ ഇടപെടുമ്പോൾ അഴിമതി നടക്കും, കാരണം ഇവർ വൻ തുകയാണ് ഫീസായി തൊഴിൽ അന്വേഷകരിൽനിന്ന് കൈപ്പറ്റുന്നത്. ഈ തുക തൊഴിലാളിയെ കടക്കെണിയിലാക്കും. നിർബന്ധിത തൊഴിലിന് ഇരയാക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളിലെ തൊഴിലിന് അനധികൃത ഇടനിലക്കാരെയോ സ്ഥാപനങ്ങളെയോ സമീപിക്കുന്നത്
അപകടകരമാണെന്ന് മാത്രമല്ല വഞ്ചിക്കപ്പെടാനും പണം നഷ്ടപ്പെടാനുമുള്ള സാഹചര്യവും കൂടുതലാണെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇത്തരം അനധികൃത പ്രവർത്തനങ്ങളിലോ റിക്രൂട്ട്മെന്റുകളിലോ ഏർപ്പെടരുതെന്ന് ലൈസൻസുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. അത്തരം നടപടികൾ 1983ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനവും ശിക്ഷാർഹമായ മനുഷ്യക്കടത്തായി കണക്കാക്കുകയും ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
Content Highlights:India is ruled by fake recruiters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."