മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
തൊടുപുഴ: തമിഴ്‌നാട്ടിൽ മഴ ശക്തമായതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 138.55 അടിയാണ് അണക്കെട്ടിന്‍റെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിയാൽ അണക്കെട്ട് തുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം.
ഇന്നലത്തേതിനെ അപേക്ഷിച്ച് നിലവിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തിയിൽ കുറവ് വന്നതായി അധികൃതർ അറിയിക്കുന്നു. സെക്കൻഡിൽ 7,500 ഘനയടിയാണ് നിലവിലെ നീരൊഴുക്ക്. ഇന്നലെ സെക്കൻഡിൽ 15,000 ഘനയടിയായിരുന്നു.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പരമാവധി 10,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ, നീരൊഴുക്ക് കുറഞ്ഞതിനാൽ വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് തുടരുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ സജീവമാക്കിയത്. അതേസമയം തമിഴ്‌നാട്ടിൽ ശക്തമായ മഴയുള്ള സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും. കേരളത്തിലും തമിഴ്‌നാട്ടിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്.
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."