പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സസ്പെന്‍റ് ചെയ്യപ്പെട്ട എംപിമാരും പ്രതിഷേധത്തിൽ, ആറ് ബില്ലുകൾ അജണ്ടയിലുൾപ്പെടുത്തി സർക്കാർ
പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സസ്പെന്‍റ് ചെയ്യപ്പെട്ട എംപിമാരും പ്രതിഷേധത്തിൽ, ആറ് ബില്ലുകൾ അജണ്ടയിലുൾപ്പെടുത്തി സർക്കാർ
ന്യൂഡൽഹി: പാർലമെന്റിന് അകത്തുണ്ടായ സുരാക്ഷാ വീഴ്ചയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. പ്രതിഷേധം ഉയർത്തിയ 92 എംപിമാരെയാണ് സഭയിൽ നിന്ന് സസ്പെന്‍റ് ചെയ്തത്. ഇവർ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമാകും.
അതേസമയം, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയതിന് പിന്നാലെ ഇവരുടെ അഭാവത്തിൽ ഇന്ന് ആറ് ബില്ലുകൾ സർക്കാർ അജണ്ടയിലുൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ഇവ പാസാക്കിയെടുക്കാനാണ് ഭരണപക്ഷ നീക്കം. സിആര്‍പിസി, ഐപിസി,എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ഇക്കൂട്ടത്തിലുണ്ട്.
പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായാണ് 78 എംപിമാരെ ഇന്നലെ കൂട്ടമായി സസ്പെൻഡ് ചെയ്തത്. അതും പാർലമെന്റിൽ ഉണ്ടായ ആക്രമണത്തിലെ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന്. രാജ്യത്തിന് തന്നെ അപമാനമായ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചവരെ ലോക്സഭയിലും രാജ്യസഭയിലും സസ്‌പെന്റ് ചെയ്തത് ചരിത്രത്തിലെ ആദ്യസംഭവമാണ്. ജനാധിപത്യത്തിലെ തന്നെ കറുത്ത ദിനമായാണ് ഈ ദിനത്തെ അടയാളപ്പെടുത്തുക.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭാ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നുമാണ് ബിജെപി വാദം. എന്നാൽ നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷനെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. കേരളത്തില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്‍റോ ആന്‍റണി, കെ മുരളീധരന്‍, ഇടി മുഹമ്മദ് ബഷീര്‍ , ബിനോയ് വിശ്വം , ജോണ്‍ബ്രിട്ടാസ്, ജെബി മേത്തര്‍, സന്തോഷ് കുമാര്‍, എഎ റഹിം എന്നിവരേയും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിനെയും സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും. കഴിഞ്ഞയാഴ്ച ലോക് സഭയിലും രാജ്യസഭയിലുമായി 14 പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."