'മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും, സംഘപരിവാര്‍ പട്ടം ചാര്‍ത്താന്‍ പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കൂ': കെ. സുധാകരന്‍
കൊച്ചി: ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ വാങ്ങിയ ദിനം തന്നെ തന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നരേന്ദ്ര മോദിക്കെതിരെ നാവുചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം.
'കോണ്‍ഗ്രസിന്റെ മതേതര ഗര്‍ഭപാത്രത്തില്‍ ജനനം കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൃഢപ്രതിജ്ഞയെടുത്ത് പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവന്നവനാണ് ഞാന്‍. നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. മഹാത്മാ ഗാന്ധിജിയും ജഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരായ കോണ്‍ഗ്രസിന്റെ പൂര്‍വ്വസൂരികള്‍ പകര്‍ന്ന് നല്‍കിയ മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും. അതിന്റെ ശുദ്ധി അളക്കാന്‍ സംഘപരിവാറിന്റെ അച്ചാരം വാങ്ങി,കേരളത്തില്‍ അവര്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ പണിയെടുക്കുന്ന ആരും മെനക്കെടണമെന്നില്ല.
നാടിന്റെ ബഹുസ്വരതയും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഒരു മതേതരവാദിയെ സംഘപരിവാറുകാരനെന്ന് ചാപ്പകുത്തി തകര്‍ക്കുകയെന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് കുറുച്ചുനാളുകളായി എനിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍. അത് നിങ്ങള്‍ തുടരുക. അതിന്റെ പേരില്‍ തളര്‍ന്ന് പിന്‍മാറാന്‍ എന്നെ കിട്ടില്ല. ഫാസിസത്തിന് എതിരായ സന്ധിയില്ലാത്ത പോരാട്ടം ഞാന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ശക്തമായി വിമര്‍ശിക്കും എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങളെന്നും സുധാകരന്‍ പറഞ്ഞു.
'മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും, സംഘപരിവാര്‍ പട്ടം ചാര്‍ത്താന്‍ പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കൂ': കെ. സുധാകരന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."