തിരുവനന്തപുരം നഗരസഭ തട്ടിപ്പ് കേസ്: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: നഗരസഭ നികുതി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫിസ് അറ്റന്‍ഡന്റ് ബിജുവാണ് അറസ്റ്റിലായത്.
ഒളിവിലായിരുന്ന ബിജുവിനെ തിരുവനന്തപുരം കല്ലറയില്‍ നിന്നാണ് ശ്രീകാര്യം പൊലിസ് കസ്റ്റഡിയിലെടുത്തത്. നികുതി പണം തട്ടിപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്.
സംസ്ഥാന കണ്‍കറന്റ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി വിവരം പുറത്തായത്.
തിരുവനന്തപുരം നഗരസഭ പരിധിയിലെ ഉള്ളൂര്‍, ആറ്റിപ്ര, ശ്രീകാര്യം, നേമം, സോണല്‍ ഓഫിസുകളില്‍ നിന്നായി 33.96 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടത്തിയെന്നായിരുന്നു കണ്ടെത്തല്‍.
നികുതിയിനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ തട്ടിയത്. 33.96 ലക്ഷത്തില്‍ 25 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നത് നേമം സോണല്‍ ഓഫിസിലാണ്. സംഭവത്തില്‍ കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥരെ നഗരസഭ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."