ഇശല്‍ രംഗത്തെ സുരഭില സാന്നിധ്യം
കാനേഷ് പൂനൂര്‍
എല്ലാവര്‍ക്കും സ്വീകരിക്കാന്‍ കഴിയും വിധം മാപ്പിളപ്പാട്ടിനെ ജനാധിപത്യവല്‍ക്കരിച്ചതില്‍ വി.എം കുട്ടി എന്ന അതുല്യപ്രതിഭാധനനായ വ്യക്തിക്കുള്ള പങ്ക് വളരെ വലുതാണ്. അദ്ദേഹത്തെ ഒഴിച്ച് നിര്‍ത്തി ഇശല്‍ ചരിത്രം പറയുന്നത് യാഥാര്‍ഥ്യത്തോട് മുഖം തിരിച്ചു നില്‍ക്കലാവും എന്ന കാര്യത്തില്‍ സംശയമില്ല. സാംസ്‌കാരിക പ്രവര്‍ത്തകന്‍, സംഗീതസംവിധായകന്‍, ഗായകന്‍, നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകകളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ടദ്ദേഹം.
പഴയരചനാ രീതിയിലെ കമ്പിയും കഴുത്തും ചിറ്റെഴുത്തും വാല്‍ക്കമ്പിയും വാലുമ്മക്കമ്പിയും എല്ലാമുള്ള വരികളോടുള്ളത് പോലെയുള്ള അഭിനിവേശം പുതിയ കാലത്തെ കാവ്യാത്മകമായ മാപ്പിളപ്പാട്ടുകളോടും വി.എം കുട്ടി മാഷിനുണ്ടായിരുന്നു. കല്ല്യാണപ്പന്തലുകളിലും ബീഡി തെറുപ്പുകടകളിലും മാത്രം ഒതുങ്ങി നിന്ന മാപ്പിളപ്പാട്ടിന് ഒരു പുതിയ ആകാശം തുറന്ന് കൊടുത്തത് മാഷിന്റെ നിരന്തരമായ പരിശ്രമങ്ങളാണ്. താളമേളങ്ങളുടെ അകമ്പടിയോടെ മലബാറിന്റെ അതിര്‍ത്തികള്‍ കടന്നു ഭാരതത്തിന്റെ വിവിധഭാഗങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേയ്ക്കും ഈ ഗാനശാഖ പറന്നുയര്‍ന്നതിന് പ്രചോദനമായതില്‍ പ്രധാനി അദ്ദേഹം തന്നെ. ഈ ഗാനശാഖയുടെ ചരിത്രത്തില്‍ വി.എം കുട്ടിക്ക് ഇടം നേടാന്‍ കഴിഞ്ഞതിനു ഹേതു ആധുനിക കാലത്തിന്റെ പ്രവണതകളില്‍ ഞെരിഞ്ഞു തീരാന്‍ ഇട കൊടുക്കാതെ പലതും നവീകരിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും വിധം വ്യതിരിക്തമായി നീങ്ങാന്‍ കഴിഞ്ഞത് കൊണ്ടാണ്. സാധാരണ ഗായകര്‍ പാട്ടു പഠിക്കുന്നതില്‍ മാത്രം ജാഗരൂകരാകും. എന്നാല്‍ ഇദ്ദേഹം പാട്ടിനെപ്പറ്റി പഠിക്കാനും അതേ താല്‍പര്യം കാട്ടി. മാപ്പിളപ്പാട്ട് മലബാറിലെ സാമൂഹിക ജീവിതരീതിയുമായി സമ്പര്‍ക്കം പുലര്‍ത്തി പുഷ്ടിപ്പെട്ടതിന്റെ വിവിധവശങ്ങള്‍ അദ്ദേഹം നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ വാമൊഴി പാരമ്പര്യത്തിലേയ്ക്ക് അനുവാചകനെ കൊണ്ട് പോകാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. എട്ടരപതിറ്റാണ്ടിന്റെ സംഭവബഹുലമായ ജീവിതത്തിനാണ് ഇന്നലെയുണ്ടായ ആ വേര്‍പാടോടെ തിരശീല വീണത്. ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഏത് കലാകാരനേയും കൂടെ നിര്‍ത്തി അവസരങ്ങള്‍ കിടുക്കാനദ്ദേഹംഅത്യുത്സാഹം കാണിച്ചു. വിളയില്‍ ഫസീല, അയിഷാ സഹോദരിമാര്‍, മുക്കം സാജിദ, നിസമോള്‍, ഫൗസിയ, സരസ്വതി, പാലാടന്‍ സുബൈദ, പുളിക്കല്‍ ഗിരിജ, ഇശ്‌റത്ത്, ഇന്ദിര, സോണിയ, ഡെയ്‌സി, പ്രമീള, ജയ, ലീന, ബീന, ജയഭാരതി, പ്രഭാവതി തുടങ്ങി ആലാപനവൈഭവം കാഴ്ച്ച വെച്ച ഗായികമാരുടെ നീണ്ട നിര തന്നെ, വി.എം കുട്ടിയുടെ ട്രൂപ്പിന് ആസ്വാദകരുടെ ഇടയില്‍ അനല്‍പമായ സ്വാധീനം നേടിക്കൊടുത്തു.
മാഷിന്റെ കാലത്ത് അദ്ദേഹത്തെക്കാള്‍ തിളങ്ങി നിന്ന ഒത്തിരി ഗായകന്മാരുണ്ടായിട്ടുണ്ടാവാം. എന്നാല്‍ തന്റെ സംഗീതട്രൂപ്പിലെപ്പോലെ അവതരണത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ ഗായകസംഘങ്ങള്‍ അധികമുണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. തന്റെ ആകാശത്ത് കൂടുതല്‍ സൂര്യന്മാര്‍ ഉദിച്ചു നില്‍ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന സംഘാടക വൈദഗ്ധ്യത്തിന്റെ നിദര്‍ ശനമായിരുന്നു അദ്ദേഹം. അത് കൊണ്ടാണ് ഒരു കാലത്ത് മാപ്പിളപ്പാട്ടിലെ മുടിചൂടാമന്നന്മാരായിരുന്ന സി.എ അബുബക്കറിനെയും എസ്.എം കോയയെയും കൂടെ നിര്‍ത്തി അദ്ദേഹം ആഘോഷിച്ചത്. വടകര കൃഷ്ണദാസിനെപ്പോലെയുള്ളവരെയാണ് തന്റെ സംഘത്തെ സജീവമാക്കാനദ്ദേഹം ഉപയോഗപ്പെടുത്തിയത്. മെലഡിയുടെ മധുരം നിറഞ്ഞ ഒട്ടേറെ ഈണങ്ങള്‍ കൊണ്ട് മലയാള ചലച്ചിത്ര ശാഖയെ സമ്പന്നമാക്കിയ ബാബുരാജിനെ അദ്ദേഹത്തിന്റെ വസന്താസ്തമയത്തിന് ശേഷമാണെങ്കിലും തന്നോട് ചേര്‍ത്ത് നിര്‍ത്തിയത്.
അധ്വാനത്തിന് പകരം നല്‍കാന്‍ മറ്റൊന്നുമില്ലെന്നും സമയം തന്റെ അധീനതയില്‍ നിന്ന് ഒലിച്ച് പോവുംമുന്‍പ് ഉപയോഗപ്പെടുത്തണമെന്നുമുള്ള തികഞ്ഞ ബോധ്യം മാഷിനുണ്ടായിരുന്നു. ഡിറ്റര്‍മിനേഷന്‍ എന്ന വാക്കിന്റെഅര്‍ഥം അദ്ദേഹം മനസിലാക്കിയപോലെ തന്റെ സമകാലികരായ ഗായകര്‍ ഉള്‍കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. എണ്‍പതിന്റെ നിറവിലും യൗവനത്തിന്റെ അടയാളങ്ങള്‍ ആ മനോഭാവത്തില്‍ ഉണ്ടാകാന്‍ കാരണം ആ നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു. ബഹുമുഖ പ്രതിഭ എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന പലരും സംഗീത, സാഹിത്യ കലാശാഖകകളില്‍ കലാപ്രകടനം വഴി അവയെ വെറുതെ മാനവഹം ചെയ്ത് പോയവരായിരുന്നു. എന്നാല്‍ കുട്ടിമാഷിന്റെ സര്‍ഗസിദ്ധി വിവിധ സൗരഭ്യങ്ങല്‍ പ്രസരിപ്പിക്കാന്‍ മാത്രം വൈഭവം ഉള്ളതായിരുന്നു.
മാപ്പിളപ്പാട്ടിനെ കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങിയപ്പോല്‍ മറ്റു കാമിനികളെ മാഷ് വിസ്മരിക്കാന്‍ ആരംഭിച്ചു എന്നതാണ് വാസ്തവം. കിടപ്പറകള്‍ എന്ന അദ്ദേഹത്തിന്റെ നോവല്‍ വായിച്ചാണ് ആ വ്യക്തിത്വത്തിലേക്ക് ഞാന്‍ എന്റെ ആദ്യത്തെ ചുവടുവെക്കുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ഉപചിത്രമായി വന്ന അദ്ദേഹത്തിന്റെ ഓയില്‍ പെയ്ന്റിങ്ങുകളും പെന്‍സില്‍ സ്‌കെച്ചുകളും പൂര്‍ണത നിറഞ്ഞതായിരുന്നു. ചിത്ര കലയേയും ആഖ്യായികകളേയുമൊക്കെ പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും ഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും ഓര്‍മക്കുറിപ്പുകളും നിരന്തരം എഴുതുക വഴി തന്റെ സജീവത മാഷ് നിലനിര്‍ത്തി.
പതിലൊന്നിലധികം ഗ്രന്ഥങ്ങല്‍ ആ തൂലികയില്‍നിന്ന് രൂപപ്പെട്ടിട്ടുണ്ട്. മനോഹരമായ മാപ്പിളപ്പാട്ടുകളും അദ്ദേഹത്തിന്റെ സംഭാവനയായി ഉണ്ട്. ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബ കിനാവുകണ്ടു എന്ന ഗാനത്തിന്റെ സമ്പുഷ്ടത വളരെക്കാലം പി.ടി അബ്ദുറഹ്മാന്റെ രചനയാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കി. പിന്നീടാണ് അത് മാഷിന്റെ തന്നെ വിചാരങ്ങള്‍ വിരിഞ്ഞ വാസനാ പുഷ്പമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
സഊദി അറേബ്യയില്‍ ജിദ്ദ ഇന്ത്യന്‍ എംബസിയില്‍ നടന്ന ഒരാഴ്ച നീണ്ട ഗാനമേളയുടെ കാലത്താണ് മാഷുമായി കൂടുതല്‍ ഇടപഴകാന്‍ ഇടവരുന്നത്. അതിനുമുമ്പ് സലാംകാഅജ്ശരി നിര്‍മിച്ച ഷീരി സംവിധാനം ചെയ്ത പതിനാലാം രാവില്‍ പൂവച്ചല്‍ ഖാദറിന്റെ ഒരുഗാനം പാടുന്നത് സംബന്ധിച്ച് ചന്ദ്രിക വീക്‌ലിയുടെ എഡിറ്ററായിരുന്നപ്പോഴും ബന്ധപ്പെട്ടരുന്നെങ്കിലും ഒരു സൗഹൃദമായി അത് വളര്‍ന്നത് എംബസിയുടെ പരിപാടിയില്‍ വച്ച്തന്നെ. എന്നും ഗാനമേളയുടെ കൊട്ടിക്കലാശത്തിന് മഅസ്സലാമ എന്ന ഗാനം മാഷ് എന്നെക്കൊണ്ട് എഴുതിക്കുകയുണ്ടായി. മഅസ്സലാമ എന്നാല്‍ ഗുഡ്‌ബൈ എന്നാണ് അവിടെ അര്‍ഥം. എച്ച്.എം.വിയുടെ റെക്കോര്‍ഡില്‍ പാട്ട് അവതരിപ്പിച്ചത് മാഷാണ്. കോഴിക്കോട് പപ്പനും ലീലയും ആഗാനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. അര്‍ഷിന്നും കുര്‍ഷിന്നും എന്ന് ഒരുപാട് ആഘോഷിക്കപ്പെട്ട പാട്ടായിരുന്നു അത്. തന്റെ കൂടെയുള്ള ഒരാളുടെ പേര് പോലും അനൗണ്‍സ്‌മെന്റില്‍ വിട്ടു പോകരുതെന്ന് മാഷ് നിര്‍ബന്ധം പിടിക്കും. കൂടെയുള്ള ഉപകരണ സംഗീത വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
കോഴിക്കോട് അബൂബക്കര്‍, വടകര കൃഷ്ണദാസ്, പപ്പന്‍, കൊച്ചിന്‍ അബ്ദു, ജോയി, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പി.ടി അബ്ദുറഹ്മാന്‍, പ്രേം സൂറത്ത്, കെ ജയകുമാര്‍ പൂവച്ചല്‍ ഖാദര്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭകവികളുടെ രചനകള്‍ക്ക് ഇമ്പമാര്‍ന്ന ഇശലുകള്‍ക്ക് ചാരുതയണക്കാനും മാഷിന് സാധിച്ചു. ഈ പതിനാലാം രാവ് കൊണ്ടോട്ടി നേര്‍ച്ചയെ അനുകരിച്ചുള്ള കഥയായത് കൊണ്ട് അവിടെയായിരുന്നു ഷൂട്ടിങ്. അന്ന് കലാകാരന്മാരെയെല്ലാം തന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസിപ്പിച്ചത്. അങ്ങനെയൊരു മഹാമനസ്‌കത അദ്ദേഹത്തിനുണ്ടായിരുന്നു. കനിവും നിനവും എന്ന അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ സാഹിത്യത്തിന്റെ ലാവണ്യംകൊണ്ട് ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ ആവേശവും പ്രചോദനവും നല്‍കുന്നു.
ചേതോഹരമായ കഴിഞ്ഞകാല നിമിഷം കൊണ്ട് സമ്പന്നമാണ് അദ്ധേഹത്തിന്റെ ഓരോ പുസ്തകവും. അദ്ദേഹത്തിന്റെ ഓരോ പുസ്തകവും ബാല്യകാലത്തിന്റെ കളിമുറ്റത്ത് കണ്ടെടുക്കുന്ന മാമ്പഴത്തിന്റെ മാധുര്യവും കണ്ണീരിന്റെ കലര്‍പ്പുമുള്ള ഓര്‍മകള്‍ക്ക് എന്തൊരു തെളിമയാണെന്നോ. മറ്റുള്ളവരെപ്പോലെ ആലസ്യംകൊണ്ട് ഒഴുക്കിക്കളഞ്ഞിട്ടില്ലെന്ന് അഭിമാന പൂര്‍വം പറയാവുന്ന ആയുസാണദ്ദേഹത്തിന്റേത്. ചൈതന്യമുള്ള ഒരുകാലഘട്ടത്തിന്റെ നിര്‍വൃതിയില്‍ വി.എം കുട്ടി മാഷിന്റെ പങ്ക് സ്‌നേഹ നിര്‍ഭരമായ വിധേയത്തോടെ മാത്രമേ സംഗീതാസ്വാദകര്‍ക്കും പുതിയ തലമുറക്കും ഒാര്‍ക്കാന്‍ കഴിയൂഎന്ന് ഉറപ്പിച്ച് പറയാന്‍ എനിക്ക് ധൈര്യമുണ്ട്.
ഇന്നലെ സൂര്യന്‍ ഉദിക്കുവാന്‍ വേണ്ടി ആകാശത്തിന്റെ കോണിലെവിടെയോ ഒരുങ്ങിനില്‍ക്കേ മാപ്പിളപ്പാട്ടിന്റെ സൂര്യന്‍ ഒരിക്കല്‍ കൂടി ഉദിക്കാന്‍ തയാറാകാതെ കാലത്തിന്റെ തിരശ്ശീലക്ക് പിന്നിലേക്ക് മാഞ്ഞു പോവുകയായിരുന്നു. നിറകണ്ണുകളോടെ മാത്രമേ ഏതൊരു ആസ്വാദകനും അദ്ദേഹത്തെ ഓര്‍മിക്കാന്‍ കഴിയൂ. ആ ഓര്‍മകള്‍ക്കു മുന്‍പില്‍ ശിരസ് നമിക്കട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."