അറിവവകാശങ്ങൾ ഹനിക്കുന്നതാവരുത് നിയമനിർമാണം
ഇന്റർനെറ്റ് നിരോധനം നിയമവിധേയമാക്കാൻ സർക്കാരിനെ സഹായിക്കുന്ന ടെലികമ്യൂണിക്കേഷൻ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്നു. പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മണി ബില്ലായാണ് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അവതരിപ്പിച്ചത്. മണി ബില്ലായി അവതരിപ്പിച്ചതിനാൽ രാജ്യസഭയ്ക്ക് തള്ളാനോ ഭേദഗതി ചെയ്യാനോ കഴിയില്ല. വാട്‌സ്ആപ്പ്, സൂം, റെഡ്ഡിറ്റ്, ജിമെയിൽ, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയവയെ നിയന്ത്രിക്കാനും ദേശീയ സുരക്ഷയുടെ പേരിൽ ടെലികമ്യൂണിക്കേഷൻ സേവനങ്ങളും നെറ്റ്‌വർക്കുകളും കേന്ദ്രസർക്കാരിന് ഏറ്റെടുക്കാനും നിയന്ത്രിക്കാനും താൽക്കാലികമായി നിർത്തിവയ്ക്കാനും അധികാരം നൽകുന്നതാണ് ബിൽ.
പൗരൻമാരുടെ സ്വകാര്യതയെന്ന അവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമാണ് ബിൽ ഇല്ലാതാക്കുന്നത്.
ബിൽ നിയമമായാൽ ടെലികോംമേഖല നിയന്ത്രിക്കുന്ന 138 വർഷം പഴക്കമുള്ള ഇന്ത്യൻ ടെലഗ്രാഫ് ആക്ട്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ട്, 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ്(റെഗുലേഷൻ) ആക്ട് എന്നിവ ഇല്ലാതാകും. ഇതോടെ രാജ്യത്തെ ഇന്റർനെറ്റ് മേഖല പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാകും. ആര് ഏതു നെറ്റ്‌വർക്ക് ഉപയോഗിച്ചാലും രാജ്യസുരക്ഷ കാരണം പറഞ്ഞ് നെറ്റ്‌വർക്ക് നിയന്ത്രണം പൂർണമായും സർക്കാരിന് ഏറ്റെടുക്കാം;
തടഞ്ഞുവയ്ക്കാം. ഏതെല്ലാമാണ് രാജ്യസുരക്ഷ അപകടത്തിലാകുന്ന സാഹചര്യമെന്നത് വ്യാഖ്യാനിക്കുക സർക്കാരാണ്. അതിൽ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയതാൽപര്യമാവും മുന്നിൽ നിൽക്കുക, യുക്തിയും വസ്തുതയും ഉണ്ടാകണമെന്നില്ല. ജനാധിപത്യ പ്രതിഷേധത്തെ രാജ്യതാൽപര്യത്തിന് വിരുദ്ധമായി സർക്കാരിന് വ്യാഖ്യാനിക്കാനും അതിന്റെ അടിസ്ഥാനത്തിൽ നിയമം നടപ്പാക്കാനും കഴിയും.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ഇത് ഇല്ലാതാക്കും. ഇന്ത്യയിലെ ജനങ്ങളിൽ പകുതിയിലധികവും ഇന്റർനെറ്റിനാൽ ബന്ധിതരാണ്. ഇന്റർനെറ്റ് നിയന്ത്രണത്തിന്റെ ദൂഷ്യങ്ങൾ സി.എ.എവിരുദ്ധ സമരകാലത്തും കശ്മിരിലും മണിപ്പൂരിലും കണ്ടതാണ്. ദുരന്തനിവാരണം ഉൾപ്പെടെയുള്ള ഏതെങ്കിലും പൊതുവായ അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ പൊതു സുരക്ഷയുടെ താൽപര്യം മുൻനിർത്തി കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ അവർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കോ നെറ്റ്‌വർക്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അധികാരമുണ്ടെന്നാണ് ബിൽ പറയുന്നത്.
പൊതുവായ അടിയന്തര സാഹചര്യമെന്തെല്ലാമാണെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. അത് സർക്കാരിന്റെ വ്യാഖ്യാനത്തിന് വിട്ടിരിക്കുന്നു. പാർലമെന്റിൽ എം.പിമാർ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തെ അച്ചടക്ക ലംഘനമായി വ്യാഖ്യാനിക്കുകയും അതിന്റെ പേരിൽ 140ലധികം പ്രതിപക്ഷ എം.പിമാരെ ഒറ്റസമ്മേളനത്തിൽ സസ്‌പെൻഡ് ചെയ്തു പുറത്തിരുത്തുകയും ചെയ്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നത് പുതിയ ബിൽ ഉയർത്തുന്ന ആശങ്കകൾ അസ്ഥാനത്താക്കുന്നില്ല.
സബ് സെക്ഷൻ(2)ലെ ക്ലോസ് (എ) പ്രകാരം വിവരക്കൈമാറ്റം നിരോധിക്കാത്തിടത്തോളം സർക്കാരിന്റെ അംഗീകാരമുള്ള മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടസപ്പെടുത്തില്ലെന്ന് ബിൽ പറയുന്നുണ്ടെങ്കിലും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണ് ബിൽ. ഇന്റർനെറ്റ് നിരോധനം വന്നതോടെ കശ്മിരിൽ മാധ്യമപ്രവർത്തനം പൂർണമായും അസാധ്യമാവുകയും പത്രങ്ങൾ അച്ചടി നിർത്തുകയും വാർത്താ വെബ്‌സൈറ്റുകൾ അപ്‌ഡേഷൻ സാധ്യമാകാതെ സ്തംഭിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, സർക്കാരിന്റെ അംഗീകാരമുള്ളവരല്ല രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും.
നഗരകേന്ദ്രീകൃതമായ ഏതാനും മാധ്യമപ്രവർത്തകർക്ക് മാത്രമാണ് സർക്കാർ അംഗീകാരമുള്ളത്. അവരാകട്ടെ മറ്റു പലതരത്തിലുള്ള നിയന്ത്രണങ്ങൾക്കും വിധേയവുമാണ്. വ്യക്തികൾ തമ്മിലുള്ള സന്ദേശ കൈമാറ്റം തടസപ്പെടുത്തുന്നതിന് നിർദേശം നൽകാൻ സർക്കാരിന് ബിൽ അധികാരം നൽകുന്നുണ്ട്. മാധ്യമങ്ങൾക്ക് വിവരം ലഭിക്കാനുള്ള സ്രോതസുകൾ ഇല്ലാതാകുന്നതോടെ തന്നെ മാധ്യമപ്രവർത്തനം അസാധ്യമാകും.
ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് ആപ്ലിക്കേഷനുകൾ തുടങ്ങിയവയെല്ലാം ടെലികമ്യൂണിക്കേഷന്റെ നിർവചനത്തിന് കീഴിൽ വരുന്നതോടെ ഈ മേഖലയിൽ പൂർണ നിയന്ത്രണമാണ് സർക്കാരിന് ലഭിക്കുക. സമൂഹികമാധ്യമ അക്കൗണ്ട് ഉടമകൾ ബയോമെട്രിക് സംവിധാനത്തിലൂടെ കെ.വൈ.സി പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. സി.എ.എ-കർഷക സമരങ്ങൾക്ക് പിന്തുണ നൽകി സമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവരെ പൊലിസ് നോട്ടമിട്ടിരുന്നു. ഇൗ ആളുകളെ പിന്നീട് ഡൽഹി കലാപം പോലുള്ള കേസുകളിൽ കുടുക്കുകയും ചെയ്തു.
ബയോമെട്രിക് കെ.വൈ.സി നിർബന്ധമാക്കിയാൽ സർക്കാരിന് ആളുകളെ തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. ഇത് പുട്ടസ്വാമി കേസ് വിധിയിൽ സുപ്രിംകോടതി ഉറപ്പാക്കിയ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
ഒരേ സമയം സെൻസർഷിപ്പും നിരീക്ഷണവുമാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അഭിപ്രായം തുറന്നുപറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ടെന്നത് ശരിയാണെങ്കിലും അതിനുശേഷമുള്ള സ്വാതന്ത്ര്യത്തിന് ഉറപ്പില്ല. അനിഷ്ടകരമായത് തുറന്നുപറയുന്നവരെ ജയിലിലിടുന്നതാണ് സർക്കാർ നയം.
തുടർച്ചയായ സെൻസർഷിപ്പിനുപകരം പൊതു അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളിലായിരിക്കും സർക്കാർ ഈ നിയമത്തെ കൂടുതലായി ദുരുപയോഗം ചെയ്യുക. ഇത് ഇന്റർനെറ്റ് മേഖലയിൽ സർക്കാരിന്റെ ഏകാധിപത്യത്തിന് വഴിയിടുന്നതാണ്. ഭരണകൂട പിന്തുണയോടെ വിവരങ്ങൾ ചോർത്തുന്നുവെന്ന മുൻകാല ആരോപണങ്ങൾ കണക്കിലെടുക്കുമ്പോൾ ബില്ലിനെതിരേ ഉന്നയിക്കപ്പെടുന്ന ആശങ്കകൾ കണക്കിലെടുക്കാതെ പോകാനാവില്ല.
ബിൽ നിയമമാവും മുമ്പ് ഇതേക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ബില്ലിലെ വ്യവസ്ഥകൾ നൽകുന്ന വിപുല അധികാരങ്ങൾ ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനം വേണം. ബില്ലിൽ നല്ല ഉദ്ദേശ്യങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയായിരിക്കണം സർക്കാർ ഇൗ നിയമനിർമാണം നടത്തേണ്ടത്.
Content Highlights:today's editorial
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."