മലപ്പുറത്തെ കുഞ്ഞുമെസിയുടെ വീഡിയോ പങ്കുവച്ച് ലയണല്‍ മെസി
മലപ്പുറം: മമ്പാട് കാട്ടുമുണ്ട സ്വദേശി മിഷാല്‍ അബുലൈസിന്റെ വീഡിയോ പങ്കുവച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് അബുലൈസും ഉള്‍പ്പെട്ടത്.
മെസിയുടെ സ്‌പോണ്‍സറായ അഡിഡാസിനു വേണ്ടി മിഷാല്‍ അബുലൈസ് നേരത്തെ ചെയ്ത പരസ്യവീഡിയോയില്‍ നിന്നുള്ള ഷോട്ടാണ് മെസിയുടെ പുതിയ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗോളടിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്ന ദൃശ്യമാണിത്.
View this post on Instagram
കിക്കുകളുടെ രാജകുമാരന്‍
ലോക്ക്ഡൗണ്‍ ബോറടി മാറ്റാനാണ് മിഷാല്‍ മമ്പാട് കാട്ടുമുണ്ടയിലെ ഗ്രൗണ്ടില്‍ പ്രമുഖ താരങ്ങളുടെ കിക്കുകള്‍ അനുകരിച്ച് വീഡിയോകള്‍ ചെയ്തത്. ഫ്രീകിക്കിനായി പന്ത് നിലത്തുവയ്ക്കുന്നതു മുതല്‍ ഗോള്‍ ആഘോഷത്തില്‍ വരെ താരത്തിന്റെ മാനറിസങ്ങള്‍ അതേപോലെ അനുകരിക്കും. ജ്യേഷ്ഠന്‍ വാജിദ് അബുലൈസ് പൊലിമയൊട്ടും ചോരാതെ ഇത് ക്യാമറയില്‍ പകര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ലക്ഷങ്ങള്‍ കണ്ടു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായതോടെ, പ്രമുഖ താരങ്ങള്‍ ലൈക്കും അഭിനന്ദനങ്ങളുമായെത്തി.
റോണാള്‍ഡോ, മെസി, നെയ്മര്‍, ലംപാര്‍ഡ് എന്നിവരുടെ വ്യത്യസ്തവും ശ്രദ്ധേയവുമായ ഫ്രീകിക്ക് ഗോളുകളാണ് മിഷാല്‍ അതുപോലെ അനുകരിച്ചത്. മറഡോണ അന്തരിച്ചപ്പോള്‍ ഫ്രീകിക്ക് അനുകരിച്ചാണ് മിഷാല്‍ അനുശോചിച്ചത്. മെസിയുടെ ഇടംകാല്‍ ഗോളാണ് ഇതില്‍ ഏറ്റവും ഹിറ്റ് സമ്മാനിച്ചത്. പിന്നെയും ശ്രദ്ധേയമായ കിക്കുകള്‍ മിഷാലിന്റെ കാലില്‍ നിന്ന് പറന്നു.
ആഗ്രഹം
മെസിയെപ്പോലെ പ്രൊഫഷണല്‍ പ്ലേയറാവാനാണ് ആഗ്രഹം. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോഴത്തെ പരിശീലനമെല്ലാം അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീട്ടുകാര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. പഠനം കൂടി ഒപ്പം കൊണ്ടുപോകണമെന്നുള്ള നിര്‍ബന്ധമേ വീട്ടുകാര്‍ക്കുള്ളൂ. കളിക്കാനുള്ള സാധനങ്ങളൊക്കെ ആദ്യം വീട്ടുകാര്‍ തന്നെയാണ് വാങ്ങിച്ചുതന്നത്. പിന്നെ നിവ്യയില്‍ നിന്ന് എല്ലാം ഉള്‍പ്പെട്ടൊരു കിറ്റ് അയച്ചുതന്നു. പുറത്തുനിന്നും കിട്ടാറുണ്ട്. മമ്പാട് റെയിന്‍ബോ അക്കാദമി, അരീക്കോട് സാപ്പ് അക്കാദമികള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.
സന്തോഷം
ഡി മരിയയും കാള്‍സ് പുയോളും വരെ വീഡിയോയ്ക്ക് ലൈക്കും കമന്റുമിട്ടു. ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നൈമര്‍ ലൈക്കടിച്ചപ്പോഴായിരുന്നു. നൈമര്‍ വീഡിയോ സ്വന്തം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. മറഡോണ മരിച്ചപ്പോള്‍ നല്ല സങ്കടം വന്നു. ഇതിനെ തുടര്‍ന്നാണ് മറഡോണയുടെ ഗോള്‍ അനുകരിച്ചത്.
ഇഷ്ടം
നെയ്മറെയും റൊണാള്‍ഡോയെയും ഒക്കെ ഇഷ്ടമാണ്. കൂടുതല്‍ ഇഷ്ടം മെസിയെ ആണ്. ഇഷ്ടപ്പെട്ട ടീം മെസി കളിക്കുന്ന ബാഴ്‌സലോണ തന്നെ. ഇഷ്ടരാജ്യം അര്‍ജന്റീനയും. മെസി ലിവര്‍പൂളിനെതിരെ നേടിയ ഫ്രീകിക്ക് ഗോളാണ് ഇഷ്ടഗോള്‍. മെസിയുടെ ഡ്രിബ്ലിങ്ങൊക്കെ ഭയങ്കര ഇഷ്ടമാണ്. അതുപോലെ കളിക്കണമെന്ന് തോന്നാറുണ്ട്.
പരിശീലനം
ചേലേമ്പ്ര സ്‌കൂളിലായിരുന്നു പഠനവും പരിശീലനവും. കൊറോണ കാരണം സ്‌കൂള്‍ മുടങ്ങിയപ്പോള്‍ അരീക്കോട് സാപ്പിലായി പരിശീലനം. ജ്യേഷ്ഠന്‍ വാജിദ് തന്നെയാണ് കിക്ക് ചെയ്യുന്ന വീഡിയോസൊക്കെ ഇപ്പോഴും ഷൂട്ട് ചെയ്യുന്നത്. ഉപ്പ അബുലൈസും ഉമ്മ റുബീനയും സഹോദരിമാരായ സുമിന തസ്‌നി, ദില്‍ന ഫിന്‍ഷി എന്നിവരും കട്ടയ്ക്ക് സപ്പോര്‍ട്ടാണ്. സ്‌കൂളിലെ കോച്ച് മന്‍സൂര്‍ സാറും സാപ്പിലെ കോച്ച് നിയാസ് സാറും എന്തുസഹായവും ചെയ്തുതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."