HOME
DETAILS
MAL
സൗജന്യത്തിനുവേണ്ടി മൂലധനം കളഞ്ഞാല്‍
backup
October 17 2021 | 03:10 AM
വാങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടുണ്ടാവില്ല. അപ്പോഴേക്കും കാര്‍ മോഷണം പോയി..! അതും പട്ടാപ്പകലില്‍.. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. വൈകുന്നേരം വന്നുനോക്കുമ്പോള്‍ പോര്‍ച്ച് കാലി.. സങ്കടം താങ്ങാനാകുമോ..?
അയാള്‍ ഒട്ടും വൈകാതെ സ്റ്റേഷനില്‍ പരാതി കൊടുത്തു.
അത്ഭുതമെന്നു പറയട്ടെ, അടുത്ത ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ കാര്‍ അതാ പോര്‍ച്ചില്‍ തന്നെ.. നന്നായി കഴുതി വൃത്തിയാക്കിയ നിലയില്‍..!
എത്ര ചിന്തിച്ചിട്ടും എന്താണു സംഭവിച്ചതെന്നു മനസിലായില്ല. കാറിന്റെ അകം പരിശോധിച്ചപ്പോഴാണ് ഒരു കുറിപ്പ് കണ്ടത്. അതില്‍ എഴുതിയതിങ്ങനെയാണ്: ''ക്ഷമിക്കണം.. ഭാര്യയുടെ പ്രസവമടുത്തപ്പോള്‍ ആശുപത്രിവരെ പോകാന്‍ വണ്ടിയൊന്നും കിട്ടിയില്ല. അപ്പോള്‍ കിട്ടിയ വണ്ടിയെടുത്ത് പോയതാണ്. നിങ്ങളോട് ചോദിക്കാനൊന്നും സമയം ലഭിക്കാത്തതില്‍ വിഷമമുണ്ട്. ബുദ്ധിമുട്ടായെങ്കില്‍ മാപ്പ്. ഭാര്യ പ്രസവിച്ച സന്തോഷം കൂടി പങ്കുവയ്ക്കുന്നു. കാറിന്റെ പിന്‍സീറ്റില്‍ നിങ്ങള്‍ക്കും കുടുംബത്തിനും സമ്മാനപ്പൊതി വച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ച സന്തോഷമാണെന്നു കരുതിയാല്‍ മതി. കുടുംബാംഗങ്ങള്‍ക്കെല്ലാം വണ്ടര്‍ലായില്‍ പോകാനുള്ള ടിക്കറ്റുകളും കൂട്ടത്തിലുണ്ടാകും..!''
അയാള്‍ ആകാംക്ഷയോടെ കാറിന്റെ പിന്‍സീറ്റ് പരിശോധിച്ചു. നോക്കുമ്പോഴതാ രണ്ടുമൂന്നു ചോക്ലേറ്റു പൊതികള്‍. കൂടെ അഞ്ചു ടിക്കറ്റുകളും..!
പിന്നെ സന്തോഷം പറയണോ.. അയാള്‍ കണ്ണുതുടച്ച് എല്ലാം പുറത്തെടുത്തു. സങ്കടപ്പെയ്ത്തിനുശേഷം വിരിഞ്ഞ സന്തോഷച്ചിരി.. നഷ്ടപ്പെട്ടതു തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷം ചെറുതല്ലല്ലോ.. അന്നുതന്നെ അയാള്‍ കുടുംബസമേതം വണ്ടര്‍ലായിലേക്കു വിട്ടു.. അന്നു മുഴുവന്‍ ആഘോഷം തന്നെ..
രാത്രി വീട്ടിലെത്തി നോക്കുമ്പോള്‍ മറ്റൊരു കാഴ്ച. വീടു മുഴുവന്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു...! വീട്ടുവാതില്‍ക്കല്‍ ഇങ്ങനെയൊരു എഴുത്തും:
''എങ്ങനെയുണ്ടായിരുന്നു ട്രിപ്പ്...?!''
എങ്ങനെയുണ്ട് ട്രിക്ക്.. കള്ളന്‍, പഠിച്ച കള്ളന്‍ തന്നെ; അല്ലേ..
എല്ലാ അനുഗ്രഹങ്ങളും അനുഗ്രഹങ്ങളാണെന്നു ധരിക്കരുത്. എല്ലാ സന്തോഷവും സന്തോഷമാണെന്നു കരുതരുത്. എല്ലാ വളര്‍ച്ചയും വളര്‍ച്ചയാണെന്നു വിചാരിക്കരുത്. ചില സന്തോഷം സന്താപത്തിനുള്ളതായിരിക്കും. ചില വളര്‍ച്ച തളര്‍ച്ചയ്ക്കുള്ളതായിരിക്കും. ചില അനുഗ്രഹങ്ങള്‍ നിഗ്രഹത്തിനുള്ളതായിരിക്കും.
മത്സ്യത്തെ പിടിക്കാന്‍ മത്സ്യത്തിനിഷ്ടമുള്ള ഇരയെ ചൂണ്ടയില്‍ വച്ചുകൊടുക്കാറുണ്ട്. ഇര കിട്ടിയ സന്തോഷത്തില്‍ മതിമറക്കുമ്പോഴായിരിക്കും മുകളില്‍നിന്ന് ഒറ്റ വലി...! അതോടെ ഒന്നു ഖേദം കൊള്ളാന്‍ പോലും കഴിയാത്തവിധം ജീവന്‍ പോയിട്ടുണ്ടാകും. കുറ്റത്തില്‍നിന്നു രാജിയാകാന്‍ തയാറല്ലാത്തവരോട് അല്ലാഹു കാണിക്കുന്ന നടപടിയില്‍ ഈ രീതി കാണാം. അനുഗ്രഹങ്ങള്‍ അവര്‍ക്ക് വാരിക്കോരി കൊടുക്കും. അതില്‍ മതിമറന്നാറാടുന്നതിനിടയിലായിരിക്കും ഒരു വലി..
തിരുനബിയുടെ വാക്കുകള്‍ നോക്കൂ: ''പാപപങ്കിലമായ ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കെ ഒരാള്‍ക്ക് അല്ലാഹു വര്‍ധിതമായ അനുഗ്രഹങ്ങള്‍ നല്‍കുന്നതായി കണ്ടാല്‍ അപകടവലയത്തിലകപ്പെടുത്താനുള്ള പരീക്ഷണമാണതെന്നു മനസിലാക്കണം..''
ഖുര്‍ആന്‍ സൂറഃ അന്‍ആമില്‍ പറയുന്നു: ''അനുസ്മരിക്കപ്പെട്ട കാര്യങ്ങള്‍ വിസ്മരിച്ചുകളഞ്ഞപ്പോള്‍ സകലവിഭവകവാടങ്ങളും അവര്‍ക്കു നാം തുറന്നുകൊടുക്കുകയുണ്ടായി. എന്നിട്ട് അതിലവര്‍ തിമര്‍ത്താഹ്ലാദിച്ചപ്പോള്‍ യദൃച്ഛയാ നാമവരെ പിടികൂടി. തത്സമയമതാ അവര്‍ ഭഗ്നാശരായിരിക്കുന്നു..''
സന്തോഷമുണ്ടാകുമ്പോള്‍ മതിമറക്കുന്നത് നന്നല്ല. അതിന്റെ മറുവശം സന്താപമായിരിക്കും. സന്താപമുണ്ടാകുമ്പോള്‍ നിരാശയും ആശാവഹമല്ല. അതിന്റെ മറുവശം സന്തോഷമായിരിക്കും.
ഓഫറുകളില്ലാതിരിക്കുമ്പോപ്പോള്‍ അനാവശ്യങ്ങളായിരുന്നവ ഓഫറുകളുണ്ടാകുമ്പോള്‍ അത്യാവശ്യങ്ങളായി മാറുന്ന കാഴ്ചകള്‍ സര്‍വസാധാരണമാണ്. ചെറിയൊരു ലാഭം കാണുമ്പോഴേക്കും അതില്‍ കാലിടറി വിലപ്പെട്ട അധ്വാനഫലങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍.. അനാവശ്യങ്ങളെപോലും അത്യാവശ്യങ്ങളാക്കി അവതരിപ്പിക്കാന്‍ മിടുക്കുള്ള കോര്‍പ്പറേറ്റു ഭീമന്മാരുടെ അടിമകളായി അറിഞ്ഞോ അറിയാതെയോ നാം മാറിപ്പോകുന്നു.
ആരെങ്കിലും എന്തെങ്കിലും വച്ചുനീട്ടുമ്പോള്‍ വെറുതെ കിട്ടുകയാണല്ലോ എന്നു കരുതി അതു വാങ്ങാന്‍ കൈ നീട്ടരുത്. ഏറ്റവും ചുരുങ്ങിയത് തനിക്കത് വേണ്ടതാണോ അല്ലെയോ എന്ന് ചിന്തിക്കുകയെങ്കിലും വേണം..
കണ്ണടച്ചു വാങ്ങിവയ്ക്കാന്‍ പറ്റുന്നതല്ല എല്ലാ സൗജന്യങ്ങളും. തീന്‍മേശയില്‍ വിളമ്പിവച്ചതെല്ലാം തനിക്കു കഴിക്കാനുള്ളതാണെന്നാണ് ചിലര്‍ കരുതിവച്ചത്. തനിക്ക് കഴിക്കാന്‍ പറ്റുന്നതാണോ അല്ലെയോ എന്നൊന്നും അവിടെ നോട്ടമില്ല. വെറുതെ കിട്ടുന്നത് വാങ്ങാനായി അധ്വാനിച്ചുണ്ടാക്കിയത് നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം സങ്കടകരം തന്നെ.
മിഠായി തന്ന് ഊറ്റാന്‍ വരുന്നവരെ കരുതിയിരിക്കുകതന്നെ വേണം. ഖുര്‍ആന്‍ പറയുന്നു: ''ഹേ മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. അതിനാല്‍ ഐഹികജീവിതവും പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചനയിലകപ്പെടുത്താതിരിക്കട്ടെ..''(35:5)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."