മഴക്കെടുതി: സംസ്ഥാനത്ത് മരണം 16ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 12 ആയി.
കോട്ടയം കൂട്ടിക്കലില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു.
കാണാതായ അഞ്ച് പേര്‍ക്കായി കൊക്കയാറില്‍ തിരച്ചില്‍ തുടരുകയാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്നും കുട്ടികളാണ്. അഫ്ന ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തില്‍ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തല്‍.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."