ഉരുള്‍പൊട്ടലും പ്രളയവും: ആകെ മരണം 23 ആയി, കൂട്ടിക്കലില്‍ മാത്രം 10 പേര്‍
തിരുവനന്തപുരം: കനത്ത മഴ വിതച്ച ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി. ഉരുള്‍പൊട്ടലില്‍ മാത്രം കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 10 പേരും ഇടുക്കിയിലെ കൊക്കയാറില്‍ ആറു പേരുമാണ് മരിച്ചത്. കൊക്കയാറില്‍ ഒരു കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 16 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഏറാമലയില്‍ പെരിയാട്ടു നൂര്‍ജഹാന്‍ മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞ് വെള്ളക്കെട്ടില്‍ വീണു മരിച്ചു. കല്ലാറില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. കൂട്ടിക്കല്ലിലും കാഞ്ഞിരപ്പള്ളിയിലും ഒഴുക്കില്‍പെട്ട് മൂന്നു പേര്‍ മരിച്ചു. കഴിഞ്ഞദിവസം തൊടുപുഴയില്‍ കാര്‍ ഒഴുക്കിപ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു.
സംസ്ഥാനത്ത് 156 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 4,713 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ അഞ്ചു ടീമുകളെ കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കരസേനയുടെ രണ്ടു സംഘങ്ങളെ തിരുവനന്തപുരത്തും കോട്ടയത്തുമായി വിന്യസിച്ചിട്ടുണ്ട്.
ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ടു ടീമുകളും രംഗത്തുണ്ട്. എന്‍ജിനീയര്‍ ടാസ്‌ക് ഫോഴ്‌സ് ബംഗളൂരുവില്‍ നിന്നു മുണ്ടക്കയത്ത് എത്തി. എയര്‍ ഫോഴ്‌സിന്റെ രണ്ടു ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തി. വ്യോമസേനയുടെ ഒരു ഹെലികോപ്റ്റര്‍ പത്തനംതിട്ടയിലേക്ക് നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്ററിനെ കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചിട്ടുണ്ട്. അതിനിടെ കോട്ടയം ജില്ലയ്ക്ക് അടിയന്തര സഹായമായി 8.60 കോടി അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."