HOME
DETAILS
MAL
പാലക്കാട്ട് കനത്ത മഴ; ജാഗ്രതയില്‍ ജില്ലാ ഭരണകൂടം
backup
October 19 2021 | 05:10 AM
പ്രത്യേക ലേഖകന്‍
പാലക്കാട്: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കനത്ത മഴ തുടരുന്ന പാലക്കാട്ട് അതീവ ജാഗ്രതയില്‍ ജില്ലാ ഭരണകൂടം. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ചുള്ളിയാര്‍, ശിരുവാണി എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ വെള്ളം തുറന്നുവിട്ടിട്ടും വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതിനാല്‍ അധികൃതര്‍ ആശങ്കയിലാണ്.
നാളെ മുതല്‍ മഴ ഇനിയും കനക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് ഡാമുകളില്‍ നിന്നുള്ള നീരൊഴുക്ക് പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മലമ്പുഴ ഡാമിലെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 13 സെന്റിമീറ്ററും കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകള്‍ 20 സെന്റിമീറ്ററും മംഗലം ഡാമിലെ ഷട്ടറുകള്‍ 35 സെന്റിമീറ്ററും ചുള്ളിയാര്‍ ഡാമിലെ ഷട്ടറുകള്‍ മൂന്നു സെന്റീമീറ്ററും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 70 സെന്റിമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. അതേസമയം ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതില്‍ ക്രമീകരണം വരുത്തുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടി അവലോകന യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ അപകട സാധ്യത കുറയ്ക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 24 മണിക്കൂറും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കര്‍ശനമായി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."