നാളെ മുതല്‍ മഴ ശക്തമാകും: മലയോര മേഖലയിലും നദിക്കരയിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടര്‍ച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകള്‍ കൊണ്ട് തന്നെ വലിയ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം പുറപ്പെടുച്ചിട്ടുണ്ട്.
ജി.എസ്. ഐ യുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളില്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിര്‍ബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദിക്കരയോട് ചേര്‍ന്ന് അപകടകരമായ അവസ്ഥയില്‍ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിര്‍ദേശിച്ചു.
ഒക്ടോബര്‍ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഒക്ടോബര്‍ 21 ന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ക്യാമ്പുകള്‍ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്.
പൊതുജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും വേണം. അപകട സാധ്യതയുള്ള വീടുകളില്‍ അധിവസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഉടനടി മാറേണ്ടതുമാണ്.
പകല്‍ സമയത്ത് മഴ മാറി നില്‍ക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാന്‍ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരാവുന്നതും ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിര്‍ദേശം പിന്‍വലിക്കുന്നത് വരെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."