അഞ്ചാറു പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അഹങ്കാരം മാറ്റിവെക്കണമെന്ന് ജി. സുധാകരന്‍
ആലപ്പുഴ: ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. ആലപ്പുഴയില്‍ എന്‍ബിഎസിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കുകയായിരുന്നു ജി. സുധാകരന്‍.
അഞ്ചാറു പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അങ്ങനെ പാര്‍ട്ടി വളരുമെന്നാണ് ചിലര്‍ കരുതുന്നത്. തെറ്റാണത്. ഇങ്ങനെയൊന്നുമല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ക്ക് നമ്മള്‍ സ്വീകാര്യനല്ലെങ്കില്‍ അസംബ്ലിയില്‍ നിങ്ങളെങ്ങനെ ജയിക്കും.
മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടു ചെയ്താല്‍ ജയിക്കാന്‍ പറ്റുമോ. അത് അപൂര്‍വം മണ്ഡലങ്ങളിലെയുള്ളൂ. കണ്ണൂരിലങ്ങാനും ഉണ്ടെങ്കിലേയുള്ളൂ. ആലപ്പുഴയിലെങ്ങുമില്ല. മറ്റുള്ളവര്‍കൂടി വോട്ടുചെയ്യണം. അവരാണ് ഭൂരിപക്ഷം കയറി വരുന്നത്. അങ്ങനെയാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളതും. അപ്പോള്‍ നമ്മള്‍ അങ്ങനെ തന്നെ വേണം. മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം. സുധാകരന്‍ പറഞ്ഞു.
പഴയ കാര്യങ്ങളൊന്നും പറയരുതെന്നൊരു എം.എല്‍.എ. പറഞ്ഞു. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ആള്‍ക്കാര്‍ക്ക് ഓര്‍മയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേള്‍ക്കണം. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാന്‍ വേണ്ടിയാണിത്. ഇതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ജീവിച്ചിരിക്കുന്നവര്‍ക്കാണ്.
രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ശതമാനമായി. കേരളത്തില്‍ 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി ക്ഷമയോടെ നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയല്ല. ജി. സുധാകരന്‍ വ്യക്തമാക്കി.
അഞ്ചാറു പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അഹങ്കാരം മാറ്റിവെക്കണമെന്ന് ജി. സുധാകരന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."