ഇന്ത്യയിലുള്ള ഇസ്‌റാഈൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
ഇന്ത്യയിലുള്ള ഇസ്‌റാഈൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്‌റാഈൽ എംബസിക്ക് സമീപമുണ്ടായ പൊട്ടിത്തെറി ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി ഇസ്‌റാഈൽ ദേശീയ സുരക്ഷാ കൗൺസിൽ. ചൊവ്വാഴ്ച വൈകീട്ട് എംബസിക്ക് സമീപത്തുനിന്ന് കേട്ട ‘സ്ഫോടന ശബ്ദം’ ഭീകരാക്രമണം ആകാമെന്ന് സംശയത്തിലാണ് ഇസ്‌റാഈലിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലുള്ള ഇസ്‌റാഈൽ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം. മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണം. പൊതു സ്ഥലങ്ങളിൽ (റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പബ്ബുകൾ ഉൾപ്പെടെ) അതീവ ജാഗ്രത പുലർത്തണം എന്നിങ്ങനെയാണ് ഇസ്‌റാഈൽ ദേശീയ സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഇസ്രായേലി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കാതിരിക്കുക, യാത്രാവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുക, തത്സമയം സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും പൗരന്മാർക്കായി ഇറക്കിയ സർക്കുലറിൽ പറയുന്നു.
പ്രദേശത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോൺകോൾ ലഭിച്ചുവെന്ന് ഡൽഹി പൊലിസും സ്ഥിരീകരിച്ചിരുന്നു. എംബസിക്ക് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ടുവെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്. സംഭവത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ഡൽഹി പൊലിസ് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡൽഹി പൊലിസും ഫയർഫോഴ്സും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."