ഒരു യാത്രയുടെ അന്ത്യം;പാരമ്പര്യത്തിന്റെയും
മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്ര അരങ്ങിൽനിന്ന് ഒഴിയുമ്പോൾ എന്താണത് ബാക്കിവയ്ക്കുന്നത്? തുടക്കം മുതൽ ഒടുക്കംവരെ വിവാദത്തിൽ ആണ്ടുമുങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളും ഈ കേരളപര്യടനം നടത്തിയത്. മിക്ക ദിവസങ്ങളിലും സർക്കാരിന്റെ പൊലിസ് മാത്രമല്ല, ഭരണകക്ഷി അനുയായികളും അവർ ഏർപ്പാടുചെയ്ത സ്വകാര്യസേനകളും യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനായി തെരുവിൽ പ്രതിപക്ഷ പ്രവർത്തകരുമായി ഏറ്റുമുട്ടുന്നതും പലരുടെയും തല തല്ലിപ്പൊളിക്കുന്നതും കേരളം കണ്ടു. മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം പലരും വേട്ടയിൽ സജീവമായി പങ്കാളികളായി. നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങളും അറിയപ്പെടുന്ന പൊതുപ്രവർത്തകരും അടക്കം പലരും മർദനം ഏറ്റുവാങ്ങി. തന്റെ നേരെയുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഗൺമാൻ ശ്രമിച്ചത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ജനാധിപത്യത്തിൽ ഏറ്റുമുട്ടലുകൾ സ്വാഭാവികമാണ്. ഭരണകക്ഷികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ സാധാരണനിലയിൽ നിയമസഭയിൽ ഒതുക്കിനിർത്തുന്നതാണ് ജനാധിപത്യത്തിൽ കണ്ടുവരുന്ന രീതി. അതൊരു ദീർഘകാല പാരമ്പര്യമാണ്. തർക്കങ്ങളും ഏറ്റുമുട്ടലും ജനസമൂഹത്തിലേക്ക് വലിച്ചിഴച്ചാൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് അധികാരികൾക്കു മാത്രമല്ല, പ്രതിപക്ഷത്തിനും ബോധ്യമുണ്ട്. അതിനാൽ അധികാരത്തിലുള്ള സർക്കാരുകളോടുള്ള ഭിന്നതയും വിയോജിപ്പും സഭാതലത്തിൽ ശക്തമായി പ്രകടിപ്പിക്കുമ്പോഴും സമൂഹതലത്തിൽ സംഘർഷങ്ങൾ പരമാവധി ഒഴിവാക്കുന്ന രീതിയാണ് വിവിധ കക്ഷികൾ അവലംബിക്കാറുള്ളത്. അങ്ങനെയുള്ള ഒരു ജനാധിപത്യ പാരമ്പര്യത്തെയാണ് ഇത്തവണ കേരളമണ്ണിൽ കുഴിച്ചു മൂടിയിരിക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കോ സർക്കാരിനോ ഒഴിഞ്ഞുമാറാനാവില്ല.
മറ്റൊരു പ്രശ്‍നം, ഈ യാത്രകൊണ്ട് സർക്കാരും ഭരണകക്ഷിയും എന്തുനേടി എന്ന ചോദ്യമാണ്. എന്തായിരുന്നു യാത്രയുടെ ലക്ഷ്യം? അതിന്റെ തുടക്കത്തിൽ ഉയർന്നുകേട്ട അവകാശവാദം ഭരണപരമായ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കാനായി മുഖ്യമന്ത്രിയും സകല വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ഒന്നിച്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്നു എന്നായിരുന്നു. അത് നല്ലൊരു കാര്യമാണ്. കാരണം നമ്മുടെ ഭരണകൂടം ഇന്നും പല കൊളോണിയൽ പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്നതാണ്. ചുവപ്പുനാട വലിയൊരു പ്രശ്നവുമാണ്. അതിനാൽ ജനകീയപ്രശ്നങ്ങൾക്ക് ഉടനുടൻ പരിഹാരം കാണാനുള്ള അദാലത്തുകൾ പോലുള്ള സംരംഭങ്ങൾ ഉണ്ടാവുന്നതു നല്ലതാണ്. ജനങ്ങൾക്ക് അധികാരികളുമായി നേരിട്ട് സംവദിക്കാൻ അത് അവസരമൊരുക്കും. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് അത്തരമൊരു പരീക്ഷണം അദ്ദേഹം വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു.
എന്നാൽ നവകേരള സദസ്സിന്റെ പ്രയാണത്തിൽ അതല്ല സംഭവിച്ചത്. അവിടെ ജനങ്ങൾ വേലിക്കു പുറത്തും പൗരപ്രമുഖർ അകത്തുമെന്നതായിരുന്നു നില. ജനാധിപത്യത്തിൽ പൗരസമൂഹത്തെ ഇങ്ങനെ വേർതിരിക്കുന്ന രീതി പൊതുവെ അംഗീകരിക്കപ്പെടുന്നതല്ല. ജനങ്ങളെ പ്രമുഖർ, അല്ലാത്തവർ എന്നൊക്കെ വേർതിരിക്കുന്നത് ഒരു ഫ്യൂഡൽ നാടുവാഴി പാരമ്പര്യത്തിന്റെ ഭാഗമാണ്. ഫ്യൂഡലിസത്തിന്റെ ഭാഗമായ ജന്മിത്തവും ജാതിവിവേചനവും സാമൂഹികമായ വേർതിരിവുകളും അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തെ നവകേരളമായി മാറ്റിയ പ്രധാന സംഗതി. ഇന്ത്യയിൽ മറ്റു പലയിടങ്ങളിലും സ്വാതന്ത്ര്യാനന്തരം പോലും അത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചിരുന്നില്ല. ജാതിവിവേചനവും ദലിത് പീഡനവും അടക്കമുള്ള അനീതികൾ അവിടെയൊക്കെ വ്യാപകമായി നിലനിൽക്കുകയും ചെയ്തു. ഇന്നും പലേടത്തും അതങ്ങനെ തന്നെ. എന്നാൽ കേരളത്തെ നവകേരളമാക്കി മാറ്റിയ ഒരു മഹനീയ സാമൂഹിക വിപ്ലവത്തിന്റെ ഓർമകൾ നമുക്ക് നഷ്ടമാവുകയാണ് എന്ന തോന്നലാണ് ഈ പൗരപ്രമുഖ പ്രതിഭാസം ഉണർത്തുന്നത്. സാധാരണനിലയിൽ സി.പി.എമ്മുമായി അകലം പുലർത്തുന്ന ബി.ജെ.പിയും അവരുടെ യാത്രയിൽ ഇതേ പൗരപ്രമുഖ പ്രാമാണ്യം ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നത് ആലോചനാമൃതമാണ്. സംഘ്പരിവാർ ഒരിക്കലും തങ്ങളുടെ ഫ്യൂഡൽ ആഭിമുഖ്യം മറച്ചുവെക്കുകയുണ്ടായില്ല. എന്നാൽ കമ്യൂണിസ്റ്റുകൾ അങ്ങനെയായിരുന്നില്ല.
എന്താണ് യാത്രയുടെ ലക്ഷ്യം എന്നതിനെക്കുറിച്ച് അതിന്റെ പര്യടനത്തിനിടയിൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾ കേൾക്കുകയുണ്ടായി. അവസാനം കേട്ടത് കേന്ദ്രസർക്കാരും ഗവർണർ അടക്കമുള്ള അധികാരികളും കേരളത്തോടു കാണിക്കുന്ന അവഗണനയും ചിറ്റമ്മനയവും സംബന്ധിച്ചു ജനങ്ങളെ ബോധവൽക്കരിക്കുകയാണ് യാത്രയുടെ ഉദ്ദേശ്യമെന്നാണ്. അതിനെന്തിനു നാട്ടിലെ മുഴുവൻ മന്ത്രിമാരും? അക്കാര്യങ്ങൾ പറയാൻ ഏറ്റവും യോഗ്യർ നമ്മുടെ രാഷ്ട്രീയനേതാക്കൾ തന്നെയാണ്. മുൻകാലങ്ങളിൽ ഇത്തരം രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യാനായി ബന്ധപ്പെട്ട കക്ഷികളുടെ നേതാക്കൾ ജാഥ നടത്താറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളാണ് ഇത്തരം ജാഥകൾ ഏറ്റവും ഫലപ്രദമായി നടത്തിവന്നത്. എ.കെ.ജിയുടെ നേതൃത്വത്തിൽ പണ്ടു നടന്ന പട്ടിണിജാഥയുടെ ഓർമകൾ പങ്കുവയ്ക്കുന്ന എത്രയോ സാധാരണക്കാരെ ഇന്നും മലബാറിൽ കാണാം.
അവിടെയാണ് പ്രധാന പ്രശ്‍നം. രാഷ്ട്രീയകക്ഷികൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ സർക്കാരുകൾ ഏറ്റെടുക്കുന്നത് ആത്യന്തികമായി രാഷ്ട്രീയത്തിനും ഭരണത്തിനും ആപത്തായി മാറാനുള്ള സാധ്യത കണക്കിലെടുക്കണം. ജനങ്ങൾ ഒരു സർക്കാരിനെ അവരോധിക്കുന്നത് അധികാരം കൈകാര്യം ചെയ്യാനാണ്; തെരുവിൽ സമരം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചുമതലയാണ്. അറുപതുകളിൽ ഇ.എം.എസ് അതിനൊരു പുതുവ്യാഖ്യാനം കൊണ്ടുവന്നിരുന്നു. തങ്ങൾ കമ്യൂണിസ്റ്റുകൾ ഭരണവും സമരവും ഒന്നിച്ചുനടത്തും എന്നാണദ്ദേഹം പറഞ്ഞത്. പക്ഷേ 1969ൽ ആ സർക്കാർ വീണശേഷം ഒരു പതിറ്റാണ്ടു കാലത്തേക്കു ജനങ്ങൾ അവരെ പുറത്തുതന്നെ നിർത്തി. അതോടെ ഭരണവും സമരവും രണ്ടും ഒരേസമയം ഒരേ കൂട്ടർക്ക് പറ്റിയ പണിയല്ല എന്ന് നമ്പൂതിരിപ്പാടിനും ബോധ്യം വന്നു. അന്നുമുതൽ അത്തരം പരീക്ഷണങ്ങൾ വേണ്ടെന്നുവെക്കുകയും ചെയ്തു.
പക്ഷേ ചരിത്രത്തിൽ നിന്നുള്ള വിലയേറിയ പാഠങ്ങൾ ഇന്ന് വിസ്മൃതിയിൽ ആണ്ടുപോയിരിക്കുന്നു. ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്നത് ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കാനാണ്. ഭരണഘടനയിൽ പൗരസമൂഹത്തെ ജാതിയുടെയോ മതത്തിന്റെയോ ധനത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരിൽ ഭിന്നിപ്പിക്കുന്ന ഒരു നടപടിയും അംഗീകരിക്കുന്നില്ല. അതിനാൽത്തന്നെ ഭരണഘടനാപരമായ പദവികൾ കൈകാര്യം ചെയ്യുന്നവർ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നുവെങ്കിൽ അതു ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
അങ്ങനെ ആലോചിക്കുമ്പോൾ ഈ യാത്രയുടെ ലക്ഷ്യവും അതിന്റെ ഫലപ്രാപ്തിയും സംബന്ധിച്ച ചർച്ചകൾ ഇനിയും ഉയർന്നുവരും എന്നാണ് വിചാരിക്കേണ്ടത്. കാരണം ലക്ഷ്യത്തെ സംബന്ധിച്ച കൃത്യമായ ബോധ്യം ഉണ്ടെങ്കിൽ മാത്രമേ അതിന്റെ ഫലപ്രാപ്തി സംബന്ധിച്ച നിഗമനങ്ങളിൽ എത്താനാവൂ. ഇവിടെ കളിക്കിടയിൽ ഗോൾപോസ്റ്റ് ഇടയ്ക്കിടെ മാറ്റുന്ന പ്രവണതയാണ് കാണപ്പെട്ടത്. അതിനാൽ എന്തിനു വേണ്ടി ഈ യാത്ര എന്നുപോലും കൃത്യമായി വ്യക്തമാക്കാൻ കഴിയാത്ത ഒരു അവസ്ഥയും നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടാവാം അങ്ങനെ സംഭവിച്ചത് എന്നാലോചിക്കുമ്പോൾ നരേന്ദ്രമോദിയുടെ ആദ്യഭരണത്തിലെ ചില തമാശകൾ ഓർമയിൽ വരും. അദ്ദേഹം നോട്ടുനിരോധനം നടപ്പാക്കിയ രീതി ഓർക്കുക. റിസർവ് ബാങ്കിന്റെ ചുമതലയിലുള്ള വിഷയമാണത്. എന്നാൽ അന്നത്തെ റിസർവ് ബാങ്ക് ഗവർണറുടെ വിയോജിപ്പുപോലും മറികടന്നു ഏകപക്ഷീയമായി പ്രധാനമന്ത്രി നേരിട്ടു നിരോധനം പ്രഖ്യാപിച്ചു. അതിന്റെ ആഘാതം രാജ്യത്തിനു താങ്ങാൻ വയ്യാത്ത വിധം ഭയാനകമായിരുന്നു. കള്ളപ്പണം പിടിക്കാനാണ് നിരോധനം എന്ന അവകാശവാദം പൊളിഞ്ഞു. പിന്നീട് പലവിധ മുട്ടുന്യായങ്ങളും നിരത്തി. എന്തുകൊണ്ട് അങ്ങനെ വേണ്ടിവന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. മോദി ഏകപക്ഷീയമായും വേണ്ടത്ര കൂടിയാലോചന ഇല്ലാതെയും മുൻകരുതലുകൾ എടുക്കാതെയും എടുത്തുചാടി. അതിന്റെ വില കൊടുക്കേണ്ടിവന്നത് രാജ്യത്തെ സാധാരണക്കാരാണ്. മോദി സമർഥനായ ഭരണാധികാരി ആയതിനാൽ വീണതു വിദ്യയാക്കി വീണ്ടും അധികാരത്തിലെത്തി എന്നതും സത്യം.
ഒരുപക്ഷേ പിണറായി വിജയന് പിണഞ്ഞതും അത്തരമൊരു അബദ്ധം തന്നെയായിരിക്കാം. ഉമ്മൻചാണ്ടിയും രാഹുൽഗാന്ധിയും ജനസമ്പർക്ക പരിപാടികൾ നടത്തി വമ്പിച്ച നേട്ടം കൊയ്തു; എന്തുകൊണ്ട് തനിക്കും ആയിക്കൂടാ എന്നായിരിക്കും അദ്ദേഹം ആലോചിച്ചത്. പാർട്ടിയിൽ ആലോചിച്ചോ, ആരെങ്കിലും എതിർപ്പു പറഞ്ഞോ എന്നൊന്നും ആർക്കും അറിയില്ല. ഇന്നത്തെ നിലയിൽ ആരും എതിർപ്പു ഉയർത്താനിടയില്ല. അങ്ങനെ യാത്ര തുടങ്ങിയപ്പോഴാണ് അതത്ര എളുപ്പമുള്ള ഏർപ്പാടല്ല എന്ന കാര്യം ബോധ്യമായത്. പരാതികൾ പരിഹരിക്കാനുള്ള ശ്രമം അതോടെ നിർത്തി. പരാതിയൊക്കെ പ്രാർഥനയും അപേക്ഷയുമായി മാറി. അതൊക്കെ വഴിയിൽ തള്ളപ്പെടുകയും ചെയ്തു. ഇനി അടുത്ത ജാഥ പാർട്ടി സെക്രട്ടറിയുടെ വകയാണ് നടക്കേണ്ടത്. ഇന്നത്തെ നിലയിൽ മുഖ്യമന്ത്രിയുടെ ജാഥ പോയ വഴിയിലൂടെ എം.വി ഗോവിന്ദനും സഖാക്കളും ജാഥ നടത്തിയാൽ നാട്ടുകാരോടു അവർക്കെന്താണ് പറയാനുണ്ടാവുക? രാഷ്ട്രീയപ്രസ്ഥാനങ്ങൾ അധികാര ശക്തികളുടെ മുന്നിൽ മുട്ടുമടക്കുന്ന അവസ്ഥ ജനാധിപത്യത്തിൽ ഗുണം ചെയ്യില്ല. കാരണം ഒരു കക്ഷിയും അധികാരത്തിൽ കൽപാന്തകാലത്തോളം തുടരാനുള്ള സാധ്യതയില്ല എന്നതുതന്നെ. ഗോവിന്ദൻ സഖാവിന് അതറിയാം; പക്ഷേ മുഖ്യമന്ത്രി ഗൗനിക്കാത്ത കാലത്തോളം അദ്ദേഹം എന്തുചെയ്യും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."