HOME
DETAILS

കോളിന്‍ പവലിനെ അടയാളപ്പെടുത്തുമ്പോള്‍

  
backup
October 22 2021 | 19:10 PM

4865256346-2

ഡോ. സനന്ദ് സദാനന്ദന്‍


അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനുമായിരുന്ന കോളിന്‍ പവല്‍ അന്തരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍, ഏറ്റവും പ്രായംകുറഞ്ഞ സംയുക്ത സൈനിക മേധാവി എന്നിങ്ങനെ അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ നിരവധിയാണ്. നൂറ്റാണ്ടുകളായി മാറ്റിനിര്‍ത്തപ്പെട്ട കറുത്തവര്‍ഗക്കാരുടെ ഉയര്‍ച്ചയായും അമേരിക്കന്‍ ജനാധിപത്യത്തിന്റെ മേന്മയ്ക്ക് മാതൃകയായും പവലിന്റെ നേട്ടങ്ങളെ മുന്‍ പ്രസിഡന്റുമാര്‍ അനുസ്മരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ അവസാന വര്‍ഷങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തുടക്കത്തിലും അമേരിക്കന്‍ വിദേശനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പവലിന്റെ മരണം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വലിയ താരപരിവേഷത്തോടുകൂടിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ഭീകരവാദത്തെ നേരിട്ട യുദ്ധവീരന്‍, ലോക ചരിത്ര ശില്‍പി എന്നൊക്കെ അദ്ദേഹത്തെ ന്യൂയോര്‍ക് ടൈംസ് പോലെയുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പുകഴ്ത്തുന്നു. അതേസമയം, സെപ്റ്റംബര്‍ 11ന് മുന്‍പും ശേഷവും നിരവധി അമേരിക്കന്‍ യുദ്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, രണ്ടാം ഇറാഖ് യുദ്ധത്തിന് കാരണക്കാരനായ ഇദ്ദേഹത്തെ ലോകചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് ഇത്തരത്തില്‍ തന്നെയാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.


ജമൈക്കന്‍ കുടിയേറ്റ ദമ്പതികളുടെ മകനായി ജനിച്ച പവല്‍ വര്‍ഷങ്ങള്‍നീണ്ട സൈനിക സേവനത്തിലൂടെയാണ് അമേരിക്കന്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. എഴുപതുകളിലെ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത പവല്‍ ആദ്യം പരുക്കുപറ്റി പിന്‍വാങ്ങിയെങ്കിലും രണ്ടാം ഘട്ടത്തില്‍ നിരവധി സൈനിക മെഡലുകളോട് കൂടിയാണ് സേവനം അവസാനിപ്പിക്കുന്നത്. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1987 ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ജോര്‍ജ് ബുഷ് സീനിയര്‍ പ്രസിഡന്റായിരുന്നപ്പോള്‍, 1989ല്‍ 52ാം വയസില്‍ സംയുക്ത സൈനിക മേധാവിയായും നിയമിതനായി. 1991ലെ ഗള്‍ഫ് യുദ്ധത്തില്‍ യു.എസ് വിജയത്തിന് ചുക്കാന്‍പിടിച്ച് അമേരിക്കക്കാര്‍ക്ക് ജനപ്രിയനായകനായി. 2001ല്‍ ജോര്‍ജ് ബുഷ് ജൂനിയര്‍ പ്രസിഡന്റായപ്പോള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി. മൂന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുടെ കീഴില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് 1996ല്‍ അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റാവാനുള്ള എല്ലാ സാധ്യതകളും ഒത്തുവന്നതായിരുന്നു എന്നത് ചരിത്രസത്യമാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം റിപ്പബ്ലിക്കന്‍ പാളയം വിട്ട് ഡെമോക്രാറ്റ് അനുഭാവിയാവുകയും ബറാക് ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. അതുകൊണ്ടാണ് പവലിന്റെ മരണശേഷം ഡൊണാള്‍ഡ് ട്രംപ്, റിപ്പബ്ലിക്കന്‍ വേഷമിട്ട ഡെമോക്രാറ്റ് എന്നും ഭരണത്തില്‍ നിരവധി തെറ്റുകള്‍ വരുത്തിയ നേതാവെന്നും വിമര്‍ശിച്ചത്. ട്രംപ് വിടുവായനാണെങ്കിലും അദ്ദേഹത്തിന്റെ രണ്ടാമത്തെ വിമര്‍ശനം പരിഗണനയര്‍ഹിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് ഭൂരിപക്ഷ മാധ്യമങ്ങളും കോളിന്‍ പവലിനെ വാഴ്ത്തുമ്പോള്‍.


ഇറാഖിലെ നുണകള്‍


2001 സെപ്റ്റംബര്‍ 11ന് അല്‍ ഖാഇദ നടത്തിയ തീവ്രവാദിയാക്രമണത്തോടുകൂടി അമേരിക്കയുടെ ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍ ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്നാണ് അമേരിക്ക ഇറാഖിലേക്ക് ശ്രദ്ധതിരിച്ചത്. 2013 ഫെബ്രുവരി 5, ഐക്യരാഷ്ട്രസംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അന്നത്തെ അമേരിക്കന്‍ സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ നടത്തിയ 76 മിനിറ്റ് നീണ്ട അവതരണത്തോടുകൂടിയാണ് അമേരിക്ക രണ്ടാം ഇറാഖ് യുദ്ധത്തിന്റെ ആവശ്യം ലോകത്തെ അറിയിക്കുന്നതും രാഷ്ട്രങ്ങളുടെ സമ്മതം നേടിയെടുക്കുന്നതും. സദ്ദാം ഹുസൈനും ഇറാഖും ലോകത്തിനുതന്നെ ഭീഷണിയാണെന്നാണ് കോളിന്‍ പവല്‍ ചിത്രങ്ങളും ഡയഗ്രങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയിലുള്ള രേഖകളും മുന്നോട്ടുവച്ച് ലോകത്തിനെ ബോധ്യപ്പെടുത്തിയത്. വന്‍ നാശങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ജൈവ, രാസായുധങ്ങള്‍ ഇറാഖ് വലിയ തോതില്‍ സംഭരിച്ചിരിക്കുന്നു എന്ന് പവല്‍ സമര്‍ഥിച്ചു. ജൈവായുധമായ ആന്ധ്രാക്‌സ് ഒരു സ്പൂണ്‍കൊണ്ട് നിരവധിപേരെ രോഗവാഹകരാക്കാമെങ്കില്‍ പതിനായിരക്കണക്കിന് സ്പൂണുകളിലേക്കുള്ള ജൈവായുധങ്ങളാണ് ഇറാഖ് കൈവശംവച്ചിരിക്കുന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മറ്റു രാഷ്ട്രങ്ങളുടെ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് പവല്‍ ചെയ്തത്. ഇതിന്റെ വെളിച്ചത്തില്‍ ആറാഴ്ച നീണ്ട അമേരിക്കയുടെ ഇറാഖ് അധിനിവേശം നടക്കുന്നത്. പതിനായിരക്കണക്കിന് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു, അടിസ്ഥാന സൗകര്യങ്ങള്‍ പോലും തകര്‍ക്കപ്പെട്ടു. സദ്ദാം ഹുസൈനെ പിടികൂടി അമേരിക്കന്‍ ഭരണകൂടം തൂക്കിലേറ്റി. ഈ അമേരിക്കന്‍ അധിനിവേശം 2011 വരെ തുടരുന്നുണ്ട്. അധിനിവേശാനന്തരം ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള നിരവധി സംഘങ്ങളുടെ രണഭൂമിയായി ബഗ്ദാദ് അവശേഷിച്ചു. ഇന്നും നിരവധി പേര്‍ പ്രാണരക്ഷാര്‍ഥം അഭയാര്‍ഥികളായി ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ട്. പക്ഷേ ആത്യന്തികമായ ചോദ്യം, കോളിന്‍ പവല്‍ ഉദ്ധരിച്ച ഈ സര്‍വനാശസ്വഭാവമുള്ള ആയുധങ്ങള്‍ ഇറാഖില്‍നിന്ന് കണ്ടെത്താനായോ എന്നുള്ളതാണ്.
ഐക്യരാഷ്ട്ര സംഘടനയും മറ്റു അന്താരാഷ്ട്ര ഏജന്‍സികളും നടത്തിയ തിരച്ചിലില്‍ ഇത്തരത്തില്‍ ലോകത്തിനു ഭീഷണിയായ ജൈവ, രാസായുധങ്ങളുടെ യാതൊരു അവശേഷിപ്പുകളുമില്ല എന്നാണ് കണ്ടെത്തിയത്. ലോകത്തിനു മുമ്പില്‍ അമേരിക്ക നിരത്തിയ രേഖകളും തെളിവുകളും വസ്തുതാപരമല്ലെന്ന് വര്‍ഷങ്ങള്‍ക്കുശേഷം കോളിന്‍ പവല്‍ തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. അതിന്റെ കറ സ്വന്തം ജീവചരിത്രത്തിന്റെ ഭാഗമായിരിക്കുമെന്ന ധാരണയുണ്ടെന്നും അദ്ദേഹം 2015ല്‍ ബാര്‍ബറ വാള്‍ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റസമ്മതം നടത്തുന്നുണ്ട്.


ഇറാഖില്‍ സര്‍വനാശശേഷിയുള്ള ആയുധങ്ങളുണ്ടെന്ന പവലിനെ തെറ്റായ വാദം കേവലം രഹസ്യന്വേഷണ വിഭാഗത്തിന്റെ പിഴവുമൂലം സംഭവിച്ചതല്ല. അതിനു മുന്‍പുതന്നെ അല്‍ഖാഇദയും സദ്ദാം ഹുസൈനും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ നിരവധി പ്രചാരണങ്ങള്‍ പവല്‍ അഴിച്ചുവിട്ടിരുന്നു. അക്കാലത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന അബു മുസാബ് അല്‍ സര്‍ഖാവി ഉസാമ ബിന്‍ ലാദന്റെ ഇറാഖിലെ അനുയായാണെന്നും സദ്ദാം ഹുസൈനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നും കെനിയയിലും ടാന്‍സാനിയയിലും നടന്ന അല്‍ഖാഇദ ബോംബാക്രമണങ്ങളില്‍ സദ്ദാം ഹുസൈന്‍ സഹായം വാഗ്ദാനം ചെയ്തുവെന്നുമാണ് കോളിന്‍ പവല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സി.ഐ.എയില്‍ നിന്ന് പുറത്തുവന്ന തെളിവുകള്‍ പ്രകാരം അക്കാലത്ത് സര്‍ഖാവിക്കോ സദ്ദാം ഹുസൈനോ അല്‍ഖാഇദയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 2002- 2003 കാലഘട്ടത്തില്‍ തീവ്രവാദ നേതാവായിരുന്ന സര്‍ഖാവിയെ വധിക്കാന്‍ സി.ഐ.എക്ക് നിരവധി അവസരങ്ങളുണ്ടായിട്ടും പവല്‍ അത് തടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനായി തിരശ്ശീലയ്ക്ക് പിറകില്‍ സര്‍ഖാവി ജീവിച്ചിരിക്കണമെന്ന് പവല്‍ ആഗ്രഹിച്ചെന്നാണ് ന്യൂയോര്‍ക് ടൈംസ് ലേഖകനായ പീറ്റര്‍ ബാക്കര്‍ അദ്ദേഹത്തിന്റെ ഡേയ്‌സ് ഓഫ് ഫയര്‍: ബുഷ് ആന്‍ഡ് ചെനി ഇന്‍ വൈറ്റ് ഹൗസ് എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്.

ഒന്നാം ഗള്‍ഫ് യുദ്ധം
1991ല്‍ നടന്ന ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ പ്രസിഡന്റ് ബുഷിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായി യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചത് കോളിന്‍ പവലായിരുന്നു. വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ട പവല്‍ ഡോക്ടറിന്‍ ലോക ശ്രദ്ധനേടുന്നത് ഓപറേഷന്‍ ഡെസര്‍ട്ട് സ്റ്റോം എന്ന ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. പരമാവധി അമേരിക്കന്‍ ആള്‍നാശം ഒഴിവാക്കി, രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിച്ച്, ലക്ഷ്യമുറപ്പാക്കിയുള്ള നീക്കങ്ങളായിരുന്നു പവല്‍ പദ്ധതി. അതിനൊപ്പംതന്നെ പൊതുജനസമ്മിതികൂടി ഇത്തരം നീക്കങ്ങളില്‍ അത്യാവശ്യമാണെന്ന് എടുത്തുപറയുന്നു. യുദ്ധങ്ങളുടെ ചരിത്രത്തില്‍ ടെലിവിഷന്‍ യുദ്ധം, വിഡിയോ ഗെയിം യുദ്ധം എന്നെല്ലാം അറിയപ്പെടുന്ന യുദ്ധം കൂടിയാണിത്. ടെലിവിഷനിലൂടെ ആളുകള്‍ ലൈവായി കണ്ട യുദ്ധമെന്ന രീതിയിലും പുത്തന്‍ ആയുധങ്ങളുടെ മാരക പ്രഹരശേഷി കണ്ട് ആളുകള്‍ സ്വീകരണ മുറിയിലിരുന്ന് കൈയടിച്ചു എന്നുള്ളതുമാണ് ഇത്തരം പേരുകള്‍ക്ക് നിദാനം. വാസ്തവത്തില്‍ അമേരിക്കന്‍ സൈനിക വിഭാഗം നല്‍കിയ വിഡിയോകളിലൂടെയാണ് മാധ്യമങ്ങള്‍ ഈ ലൈവ് ആഘോഷങ്ങള്‍ നടത്തിയത്. വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു പരിമിതമായി യുദ്ധരംഗത്തേക്ക് നേരിട്ട് പ്രവേശനം, അതും കൃത്യമായ സൈന്യത്തിന്റെ അകമ്പടിയോടെ. ഇത്തരത്തില്‍ എങ്ങനെയാണോ നിരവധി സാധാരണക്കാര്‍ അടക്കം മരണ ഹേതുവായ യുദ്ധത്തെ ഒരു ടെലിവിഷന്‍ ആസ്വാദന ദൃശ്യമായി അവതരിപ്പിച്ച് ജനസമ്മിതി നേടാമെന്ന് കാണിച്ച തന്ത്രത്തിന്റെ പേരാണ് പവല്‍ ഡോക്റ്ററിന്‍.

ഭരണകൂടത്തിന്റെ ചട്ടുകം


വിയറ്റ്‌നാം യുദ്ധത്തിലെ ഏറ്റവും നടുക്കുന്ന സംഭവമായ മൈ ലായ് കൂട്ടക്കൊല നടക്കുന്നത് 1968ലാണ്. നിരായുധരായ അഞ്ഞൂറിലധികം സാധാരണക്കാരെ അമേരിക്കന്‍ പട്ടാളക്കാര്‍ നിഷ്‌കരുണം കൊന്നുകളയുന്നു. നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി. ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് കൊടുക്കാന്‍ നിയുക്തനായ കോളിന്‍ പവല്‍ അമേരിക്കന്‍ പട്ടാളക്കാരുടെ ക്രൂരതകളെ വെള്ള പൂശുകയാണുണ്ടായത്. 2004ല്‍ ലാറി കിങ്ങിനോടുള്ള അഭിമുഖത്തില്‍ അദ്ദേഹം ഈ സംഭവത്തെപ്പറ്റി പറയുന്നത്, യുദ്ധത്തിന്റെ ഭാഗമായി ഇത്തരം ഭീകര സംഭവങ്ങള്‍ പലപ്പോഴും നടക്കുന്നുണ്ട്, അതില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് മാത്രമാണ്. മധ്യ അമേരിക്കന്‍ രാഷ്ട്രമായ പനാമയില്‍ 1989ല്‍ നടത്തിയ ഓപറേഷന്‍ ജസ്റ്റ് കോസ് വഴി മറ്റൊരു രാഷ്ട്രത്തിലേക്ക് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് കടന്നുകയറി, അമേരിക്കയ്ക്ക് അനഭിമതനായ മാനുവേല്‍ നോറിഗയില്‍നിന്ന് അധികാരം പിടിച്ചെടുത്തതിലും കോളിന്‍ പവലിന്റെ പങ്ക് വിമര്‍ശന വിധേയമായിട്ടുണ്ട്. 1985ല്‍ നടന്ന കുപ്രസിദ്ധമായ ഇറാന്‍ കോണ്‍ട്രാ ഇടപാടില്‍, ഇറാന് അനധികൃതമായി ആയുധം കൈമാറുകയും ആ പണം നിക്കരാഗ്വയിലെ കമ്യൂണിസ്റ്റ് വിരുദ്ധ ഗറില്ല ഗ്രൂപ്പുകള്‍ക്ക് നല്‍കിയതിലും പവലിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.


ഇത്തരത്തില്‍ തന്റെ കരിയറിലുടനീളം അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് കുടപിടിച്ച, നിരവധി ലോകരാഷ്ട്രങ്ങളിലെ അമേരിക്കന്‍ കടന്നുകയറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, ഒരു വിനീതവിധേയനായ സാമ്രാജ്യത്വ സേവകന്റെ ഇടം മരണാനന്തരം എങ്ങനെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതെന്നാണ് ഇവിടെ പ്രസക്തമായ ചോദ്യം. വംശീയതയുടെ അസ്പൃശ്യതയില്‍ നിന്ന് ലോകജനതയുടെ വിധി നിര്‍ണയിതാവ് എന്ന സ്ഥാനത്തേക്കുള്ള കോളിന്‍ പവലിന്റെ വളര്‍ച്ച ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ കൈകളില്‍ പറ്റിയിരിക്കുന്ന രക്തഗന്ധം അറേബ്യയിലെ അത്തറുകളാല്‍ മായ്ക്കാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago