കോഴക്കേസില്‍ വീണ്ടും ശബ്ദ പരിശോധന ; സി.കെ ജാനുവിന്റെ ശബ്ദസാംപിള്‍ ശേഖരിക്കും
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും ശബ്ദ പരിശോധന നടത്താന്‍ ഉത്തരവ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി.കെ ജാനു, ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിക്കാന്‍ സുല്‍ത്താന്‍ ബത്തേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇരുവരും നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരായി ശബ്ദ സാമ്പിളുകള്‍ നല്‍കണം.
കേസന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കേസില്‍ നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജെ.ആര്‍.പി മുന്‍ ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ കെ. സുരേന്ദ്രന്‍, സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും സുല്‍ത്താന്‍ ബത്തേരിയിലെ ഹോംസ്റ്റേയില്‍ വച്ച് ബി.ജെ.പി ജില്ലാ ഭാരവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഹോംസ്റ്റേയില്‍ വച്ച് പ്രശാന്താണ് പണം നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്ത് മലവയലിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴിന് ജാനുവിന്റെ തിരുനെല്ലിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഫോണുകളും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. പ്രശാന്തിന്റെ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാനുവും പ്രശാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. ഇതിന്റെ ആധികാരികത പരിശോധിക്കാനാണ് ശബ്ദസാമ്പിളുകള്‍ ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."