ഓർക്കണം നെഹ്‌റുവിനെ
ജേക്കബ് ജോർജ്
രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം പങ്കെടുക്കുമോ? അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാന പ്രചാരണായുധമായി രാമക്ഷേത്രം തുറന്നുകൊടുക്കുന്ന ചടങ്ങ് മാറ്റിയെടുക്കാന്‍ ബി.ജെ.പി നേതൃത്വം തന്ത്രങ്ങള്‍ മെനയുമ്പോള്‍ കോണ്‍ഗ്രസിന് അതിലെന്തു കാര്യം? ബി.ജെ.പിയുടെ തീവ്രഹിന്ദുത്വനിലപാടുകള്‍ക്ക് ബദലായി മൃദുഹിന്ദുത്വ കോണ്‍ഗ്രസിന്റെ ബദല്‍ തന്ത്രം?തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ മൗനവൃതത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.
എന്തായാലും കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊക്കെയും ഹൈക്കമാൻഡിന്റെ നീക്കത്തിനെതിരേ മുന്നോട്ടുവന്നു കഴിഞ്ഞു. കെ.പി.സി.സി മുന്‍ അധ്യക്ഷനായ വി.എം സുധീരനും കെ. മുരളീധരനും ഹൈക്കമാൻഡിനു മുന്നറിയിപ്പു നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി അജൻഡ നിശ്ചയിച്ചു മുന്നേറുമ്പോള്‍ അതിനിടയില്‍ കോണ്‍ഗ്രസിനെന്തു കാര്യമെന്ന് കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊക്കെയും ചോദിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും മൊറാര്‍ജി ദേശായിയുമൊക്കെ രാജ്യം ഭരിച്ച കാലത്ത് രാഷ്ട്രീയ അജൻഡകളെല്ലാം നിശ്ചയിക്കുന്നത് ഈ നേതാക്കളായിരുന്നു. അപ്പോഴെല്ലാം രാജ്യത്തിന്റെ ഭരണം അവരുടെ കൈകളിലൊതുങ്ങി നില്‍ക്കുകയും ചെയ്തു. ഒരു വെല്ലുവിളിയുമില്ലാതെ.
അയോധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നതിന് സമാനമായൊരു സംഭവം ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്നത് ഇപ്പോഴും വളരെ പ്രസക്തം. അന്ന് പ്രധാനമന്ത്രിയെന്ന നിലക്ക് ജവഹര്‍ലാല്‍ നെഹ്‌റു കൈക്കൊണ്ട നിലപാട് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലവും തിളങ്ങി നിൽക്കുന്ന ഒരധ്യായം തന്നെ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സമയത്ത് ഗുജറാത്തിലെ സോംനാഥ് ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തന്നെ മുന്‍കൈ എടുത്ത സംഭവത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞുവരുന്നത്.
1947ല്‍ തന്നെ ജനാധിപത്യ ഇന്ത്യയുടെ ആദ്യ സർക്കാർ അതായത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, സോംനാഥ് ക്ഷേത്രം പുനരുദ്ധരിക്കാനുള്ള തീരുമാനമെടുത്തിരുന്നു. നെഹ്‌റു ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രിയും 'ഉരുക്കു മനുഷ്യ'നുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തന്നെയാണ് അതിനു മുന്‍കൈ എടുത്തത്.
ഈ ഘട്ടത്തില്‍ പട്ടേല്‍ മഹാത്മാഗാന്ധിയെ കണ്ട് അഭിപ്രായം ചോദിക്കുകയും ചെയ്തു. ക്ഷേത്രം പുനര്‍നിര്‍മിക്കാം, പക്ഷെ, സര്‍ക്കാരിന്റെ പണം ഒരു തരത്തിലും വിനിയോഗിച്ചുകൂടാ എന്നതായിരുന്നു ഗാന്ധിജിയുടെ മറുപടി. സ്വകാര്യ വ്യക്തികളില്‍ നിന്ന് പണം സ്വരൂപിച്ചു തന്നെയാവാം ക്ഷേത്രം പുനര്‍നിര്‍മിക്കുക എന്ന് പട്ടേല്‍ ഗാന്ധിജിക്ക് ഉറപ്പ് നല്‍കി.
പലതരം വിദേശാക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു സോംനാഥ് ക്ഷേത്രം രണ്ടര നൂറ്റാണ്ടുകളോളം കാലം.
ക്ഷേത്ര നിര്‍മാണത്തില്‍ പട്ടേലിനെ സഹായിക്കാന്‍ കേന്ദ്രമന്ത്രി എന്‍.വി ഗാഡ്ഗില്‍ ഒപ്പം കൂടി. 1950 ഡിസംബറില്‍ സര്‍ദാര്‍ പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി കെ.എം മുന്‍ഷി ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തു.
തന്റെ മന്ത്രിസഭയിലെ അംഗം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം നടത്തുന്നതിനെ ശക്തമായി വിമര്‍ശിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭായോഗത്തില്‍ സംസാരിച്ചു. പിറ്റേന്ന് കെ.എന്‍ മുന്‍ഷി നിലപാട് സാധൂകരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യവും ചരിത്രരേഖകളിലുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ ഉന്നത തലങ്ങള്‍ വരെയെത്തിയ സന്ദര്‍ഭങ്ങളായിരുന്നു അവയൊക്കെയും. പുനരുദ്ധാരണത്തിന് ശേഷം സോംനാഥ് ക്ഷേത്രം തുറക്കുന്നതു സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയും ക്ഷണിച്ചിട്ടുണ്ടെന്നു കാണിച്ച് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പ്രധാനമന്ത്രി നെഹ്‌റുവിനു കത്തെഴുതിയതും വളരെ പ്രധാനം.
1951 മാര്‍ച്ച് രണ്ടിന് എഴുതിയ കത്തില്‍, അങ്ങനെയൊരു ചടങ്ങില്‍ സംബന്ധിക്കുന്നതില്‍ അപാകതയില്ലെന്നാണ് താന്‍ കരുതുന്നത് എന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാധാരണ ക്ഷേത്ര സന്ദര്‍ശനമായിരുന്നുവെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നു വിശദീകരിച്ച് പ്രധാനമന്ത്രി അന്നു തന്നെ രാഷ്ട്രപതിക്കു മറുപടി എഴുതി. 'ഭാവിയില്‍ പല പ്രത്യാഘാതങ്ങളുമുണ്ടാക്കാവുന്ന ചടങ്ങിലാണ് താങ്കള്‍ സംബന്ധിക്കാന്‍ പോകുന്നതെന്നോര്‍ക്കണം' ജവഹര്‍ലാല്‍ നെഹ്‌റു എഴുതി.
1951 മാര്‍ച്ച് 10ന് പ്രധാനമന്ത്രിക്കെഴുതിയ മറുപടിക്കത്തില്‍, മറ്റേത് ആരാധനാലയമായിരുന്നാലും അതൊരു മസ്ജിദ് ആവട്ടെ, ക്രിസ്ത്യന്‍ ദേവാലയമാവട്ടെ, താന്‍ പങ്കെടുക്കുമായിരുന്നുവെന്നാണ് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് വിശദീകരിച്ചത്. ബന്ധപ്പെട്ട സംസ്ഥാനത്തെ രാജപ്രമുഖര്‍ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികളുടെ ക്ഷണമായതിനാല്‍ നിരസിക്കാന്‍ പ്രയാസമുണ്ടെന്നും രാഷ്ട്രപതി വിശദീകരിച്ചു. ക്ഷണം നിരസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതു സ്വീകരിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി വീണ്ടും രാഷ്ട്രപതിക്ക് കത്തെഴുതി. ഇക്കാര്യത്തില്‍ താന്‍ ഇനി ഇടപെടില്ല എന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ഏതാണ്ട് ഒരു മാസത്തിനു ശേഷം 1951 ഏപ്രില്‍ 22ന് രാഷ്ട്രപതിക്ക് ഈ വിഷയം സംബന്ധിച്ച് നെഹ്‌റു വീണ്ടും കത്തെഴുതി.
സോംനാഥ് വിഷയം തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു എന്നു പറഞ്ഞാണ് നെഹ്‌റു കത്ത് തുടങ്ങിയത്. നെഹ്‌റു കത്തില്‍ പറഞ്ഞത് ഇങ്ങനെ: 'വിഷയം ഇപ്പോള്‍ അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. നമ്മുടേതുപോലെയുള്ള മതേതരരാഷ്ട്രത്തിന് ഇതുപോലെ മതപരമായ ചടങ്ങില്‍ എന്തുകാര്യം എന്ന ചോദ്യം എനിക്കു നേരെ ഉയരുന്നു. ഹിന്ദുത്വത്തിന്റെ പുനരുദ്ധാരണം എന്ന നിലയ്ക്കാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് ഇതിലൊരു കാര്യവുമില്ലെന്നു തന്നെയാണ് ഞാന്‍ മറുപടി പറയുന്നത്.
ഈ ചടങ്ങുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ അവരുടെ വ്യക്തിപരമായ കാര്യമായിത്തന്നെയാണ് ഇടപെട്ടിട്ടുള്ളതെന്നും എനിക്കു വിശദീകരിക്കേണ്ടിവരുന്നു.'
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മിലുള്ള തര്‍ക്കം എത്ര കണ്ട് മാന്യതയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് പുരോഗമിക്കുന്നതെന്നും നോക്കുക. എല്ലാറ്റിനുമുപരി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനാധിപത്യ-മതേതര കാഴ്ചപ്പാടിന്റെ അതുല്യമായ ഔന്നത്യത്തെ അങ്ങേയറ്റത്തെ സുതാര്യതയോടെ വെളിപ്പെടുത്തുകയും ചെയ്യുന്നു ഈ ആശയവിനിമയം.
ഇന്ത്യയുടെ ജനാധിപത്യ സങ്കല്‍പങ്ങള്‍ക്കും മതേതര ചിന്തകള്‍ക്കും ഊടുംപാവും പകര്‍ന്നു നല്‍കിയ അത്യുന്നതനായ നേതാവാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ത്യ ഇന്നും ഉയരത്തിലേക്ക് വളരുന്നത് അദ്ദേഹം നിര്‍മിച്ച വന്‍സ്ഥാപനങ്ങള്‍ തീര്‍ത്തെടുത്ത ശക്തമായ അടിത്തറയുടെ മേലാണ്.നാടിന്റെ വളര്‍ച്ചയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഐ.ഐ.ടികള്‍ സ്ഥാപിച്ചു. ഐ.ഐ.എം, എന്‍.ഐ.ഡി എന്നിങ്ങനെ വിവിധ വിജ്ഞാനശാഖകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന എത്രയെത്ര സ്ഥാപനങ്ങള്‍!
ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് ഗവേഷണ വികസന കേന്ദ്രം), ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം) എന്നിങ്ങനെ നിരവധി ഗവേഷണകേന്ദ്രങ്ങള്‍!
നെഹ്‌റു ഒരു ആരാധനാലയവും പ്രതിമയും പണിതില്ല. രാഷ്ട്രവും രാഷ്ട്രീയവും മതത്തില്‍ നിന്നും വിട്ടുമാറി നില്‍ക്കണമെന്ന ഭരണഘടനാ നിര്‍ദേശം നെഹ്‌റു പൂര്‍ണമായും വിശ്വസിച്ചു നടപ്പാക്കി.
രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തുമ്പോള്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം എന്തു ചെയ്യും? രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബാബരി മസ്ജിദ് തകര്‍ത്തതും അതേ നേട്ടത്തിന് രാമക്ഷേത്രം നിര്‍മിച്ചതും അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ക്ഷേത്രം ഉദ്ഘാടനത്തിനു കോപ്പുകൂട്ടുന്നതും കോണ്‍ഗ്രസ് എങ്ങനെ വിലയിരുത്തും? നെഹ്‌റുവിനെ ഓര്‍ക്കണം കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."