ലോകസംസകൃതിയുടെ വിളവെടുപ്പുത്സവം
ആദില്‍ ആറാട്ടുപുഴ
ഭാഷ ദേശാന്തരങ്ങള്‍ക്കതീതമായി കല തീര്‍ക്കുന്ന വിശാലമായ ആകാശത്തിലേക്ക് നിറച്ചാര്‍ത്തെറിഞ്ഞ ഒരുപിടി ചിത്രങ്ങള്‍, കല്ലും മണ്ണും കമ്പിയും എന്നുവേണ്ട കൈയില്‍ കിട്ടുന്നതെല്ലാം ഉപയോഗിച്ച് ശില്‍പങ്ങളുടെയും നിര്‍മിതികളുടെയും നൃത്തം, വിഷ്വല്‍ എഫക്ടുകളെ പ്രൊജക്ടറിലേക്ക് ഒതുക്കിനിര്‍ത്തി മിനി തിയേറ്ററുകള്‍ ഒരുക്കുന്ന ദൃശ്യവിസ്മയങ്ങള്‍, നഗര ചുവരുകളിലോ വരവിസ്മയത്തിന്റെ നിറച്ചാര്‍ത്തുകള്‍. ലോകമേ തറവാട് കാഴ്ചക്കാരെ കാത്തിരിക്കുന്നത് ഒരു കലാ വസന്തവുമായാണ്. ആലപ്പുഴയിലെ ഏഴ് വേദികളിലും എറണാകുളം ദര്‍ബാര്‍ ഹാളിലുമായി 56 വനിതകളുള്‍പ്പെടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളായ 267 കലാ പ്രവര്‍ത്തകരുടെ 3400 സൃഷ്ടികളാണ് ലോകമേ തറവാട് എന്ന പേരില്‍ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 18ന് ആരംഭിച്ച പ്രദര്‍ശനം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഓഗസ്റ്റ് 14ന് പുനഃരാരംഭിച്ച പ്രദര്‍ശനം നവംബര്‍ 30 വരെ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് നടക്കുന്നത്. കൊവിഡ് തീര്‍ത്ത ഇടവേള മറികടക്കാന്‍ പ്രദര്‍ശനം കുറച്ചുകൂടി നീട്ടുമെന്ന പ്രതീക്ഷയിലാണ് ഇതിന് പിന്നിലുള്ള കലാകാരന്മാര്‍. ആലപ്പുഴ നഗരത്തോടു ചേര്‍ന്നുള്ള കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍, ന്യൂ മോഡല്‍ സൊസൈറ്റി കെട്ടിടം, പോര്‍ട്ട് മ്യൂസിയം, ഈസ്റ്റേണ്‍ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുന്നത്.
അതിജീവനത്തിന്റെ കലാമേള
ലോകം ഒരു കുടുംബം (The World is One Family) എന്നതാണ് ലോകമേ തറവാടിന്റെ പ്രധാന സങ്കല്‍പം. കൊവിഡിനിടയിലും ഇന്ത്യയിലെ സമകാലീന കലയുടെ ഏറ്റവും വലിയ പ്രദര്‍ശനമായാണ് കലാലോകം ലോകമേ തറവാടിനെ വിശേഷിപ്പിക്കുന്നത്. കൊവിഡില്‍ നിന്നുള്ള അതിജീവനം സ്വന്തം ജീവിതത്തില്‍ നിന്ന് നെയ്‌തെടുത്ത ഒരുകൂട്ടം കലാപ്രദര്‍ശനങ്ങള്‍ ഈ കലാമേളയിലുണ്ട്. ഗെയിം ഓഫ് സര്‍വൈവല്‍ എന്ന സൃഷ്ടികളില്‍ തന്റെയും ഭര്‍ത്താവിന്റെയും പോര്‍ട്രെയ്റ്റുകള്‍ തയാറാക്കി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ് എറണാകുളം ജില്ലക്കാരിയായ മോന എസ്. മോഹനന്‍. ഗ്രേറ്റ ടുന്‍ബെര്‍ഗ്, മലാല യൂസുഫ്‌സായി, ജോര്‍ജ് ഫ്‌ളോയ്ഡ് തുടങ്ങിയവരുടെയൊക്കെ പോര്‍ട്രെയ്റ്റുകള്‍ മോനയുടെ ശേഖരത്തിലുണ്ട്.
കൊവിഡ് തീര്‍ത്ത പ്രതിസന്ധി മറികടക്കാന്‍ ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് തൃപ്പൂണിത്തുറ സ്വദേശി രതീഷിന് ലോകമേ തറവാട് പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വിളിയെത്തുന്നത്. രണ്ട് വമ്പന്‍ ക്യാന്‍വാസുകളില്‍ അക്രലിക് പെയിന്റുകൊണ്ട് രണ്ടുമാസമെടുത്ത് പൂര്‍ത്തീകരിച്ച ചിത്രങ്ങളെ രതീഷ് അടയാളപ്പെടുത്തുന്നതും അതിജീവനമായിട്ടാണ്.
കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കലാകാരന്മാര്‍ക്ക് കിട്ടിയ വലിയ അവസരമായാണ് ഈ പ്രദര്‍ശനത്തെ വിലയിരുത്തുന്നത്. 22,000 രൂപ മുതല്‍ 28 ലക്ഷം രൂപയ്ക്കു വരെയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വിറ്റുപോകുന്നത്. ഏറ്റവും വലിയ തുകയ്ക്ക് വിറ്റത് കണ്ണൂര്‍ സ്വദേശി സി. ഭാഗ്യനാഥിന്റെ ഷോസ് ആര്‍ ഗോയിങ് ഓണ്‍ എന്ന ചിത്രമാണ്. 110 ഇഞ്ച് വ്യാസത്തിലുള്ള ക്യാന്‍വാസില്‍ ഓയിലും അക്രലിക്കും കൊണ്ട് വരച്ച ഈ ചിത്രം സമകാലിക സംഭവങ്ങളുടെ ദൃശ്യ കമന്ററിയായാണ് വരച്ചിരിക്കുന്നത്. ലക്ഷങ്ങളെണ്ണിക്കൊടുത്ത് കൊണ്ടുപോകുന്ന ഈ കലാവിരുന്നുകളുടെ മൂല്യം പണത്തിലല്ലെന്ന് പ്രദര്‍ശനം കാണാനെത്തുന്നവരുടെ സാക്ഷ്യപ്പെടുത്തല്‍.
കൃഷ്ണമാചാരി, ദ ബോസ്
ലോകമേ തറവാടിന്റെ തല പ്രശസ്ത കലാകാരന്‍ ബോസ് കൃഷ്ണമാചാരിയാണ്. ക്യുറേറ്ററും ബിനാലെ സംഘാടകനുമായ അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ ഇതൊരു നിമിത്തമാണ്. കൊച്ചിയില്‍ നടന്നുവന്നിരുന്ന ബിനാലെയുടെ അലയൊലി ആലപ്പുഴയിലേക്ക് കടന്നുവരാന്‍ ആലപ്പുഴയുടെ പൈതൃക പാരമ്പര്യമാണ് കാരണമായത്. ആലപ്പുഴയുടെ ചരിത്രവും പൈതൃകവും ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ പ്രദര്‍ശനത്തിനായെന്നും അദ്ദേഹം പറയുന്നു.
പൊന്നാനി മഷിയില്‍
വരവിസ്മയം
ഖുര്‍ആന്‍ എഴുതാനും പിഞ്ഞാണമെഴുതാനുമൊക്കെ മാത്രം ഉപയോഗിക്കുന്ന പൊന്നാനി മഷിയില്‍ ചിത്രങ്ങളൊരുക്കി വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശി താജ് ബക്കര്‍. 27 ചിത്രങ്ങളുള്‍പ്പെടുത്തി അഞ്ച് സീരീസുകളാണ് താജിന്റെ സംഭാവന. വരയില്‍ ഒരു വ്യത്യസ്തത വേണമെന്ന ചിന്തയില്‍ നിന്നാണ് പൊന്നാനി മഷിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് താജ് പറയുന്നു. പൊന്നാനിയുടെ പശ്ചാത്തലത്തിലാണ് താജിന്റെ ചിത്രങ്ങളൊക്കെയും. മലയാളി മരങ്ങള്‍, അദര്‍ ഈസ് എ ഹീലിങ് ഹെര്‍ബ്, നാടന്‍ കാഴ്ചകള്‍, 'ചക്ക, മാങ്ങ, തേങ്ങ' എന്നിവയും സോള്‍ട്ട് വാട്ടര്‍ എന്ന രണ്ട് പോര്‍ട്രെയ്റ്റുകളുമാണ് താജിന്റെ വക ലോകമേ തറവാടിന് സംഭാവന. പുന്നക്കായയുടെ തൊലി വെയിലത്തിട്ട് ഉണക്കിയെടുത്ത് കരിച്ച് പൊടിച്ച് പുന്നമരത്തിന്റെ കറയും ചേര്‍ത്താണ് പൊന്നാനി മഷി തയാറാക്കിയതെന്നും താജ് പറയുന്നു.
ചരിത്രവും രാഷ്ട്രീയവും
ഇഴചേര്‍ത്ത ബ്ലോസ്‌ഡോ
ആലപ്പുഴ നഗരത്തിലെ പ്രധാന തുണിക്കടകളിലൊന്നില്‍ വീട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ കണ്ണില്‍പ്പെട്ട വിവിധ നിറങ്ങളില്‍പ്പെട്ട ബ്ലൗസിന്റെ തുണിക്കഷ്ണങ്ങളിലാണ് വി.എസ് ബ്ലോസ്‌ഡോ വിപ്ലവകരമായ കല കണ്ടെത്തിയത്. ആലപ്പുഴയിലെ ഒരു തുണിക്കടയില്‍ നിന്ന് തന്നെ കൊണ്ടുവന്ന 99 നിറങ്ങളിലുള്ള തുണികള്‍, അതില്‍ നെയ്‌തെടുത്ത 19 മാസ്‌കുകള്‍, ഈ മാസ്‌കുകളണിഞ്ഞ 19 ശില്‍പങ്ങള്‍, ഇതിന്റെ രാഷ്ട്രീയമോ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19. അത്ഭുതം കൂറുന്ന കലാസൃഷ്ടിയാണ് ബ്ലോസ്‌ഡോ നിറഭേദങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുത്തിരിക്കുന്നത്. അന്തരിച്ച പ്രശസ്ത അമേരിക്കന്‍ കലാകാരനായ എല്‍സ്വര്‍ത്ത് കെല്ലിയുടെ സൃഷ്ടിയെ അശോകസ്തൂപങ്ങള്‍ക്ക് സമാനമായ തൂണുകള്‍ക്ക് മുകളിലേക്ക് പുനഃസൃഷ്ടിച്ച് അവയ്ക്ക് നല്‍കിയിരിക്കുന്ന മാസ്‌കുകളില്‍ ഇന്ത്യന്‍ ഭരണഘടന നെയ്‌തെടുത്താണ് ബ്ലോസ്‌ഡോ പ്രദര്‍ശനത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ഗൃഹാതുരത്വത്തിന്റെ
ചിത്രവിസ്മയം
വെള്ളകടലാസില്‍ തീര്‍ത്ത കുട്ടിക്കാലത്തിന്റെ ചിത്രസ്മരണകളുമായാണ് കുവൈത്തില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുന്ന സുനില്‍ പൂക്കോട്, തലശേരി പാട്യത്തെ മണ്ണിന്റെ ഈര്‍പ്പമുള്ള ഗൃഹാതുരതയെ വര്‍ണങ്ങളില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ്.
നാട്ടുവഴികളും വഴിയിലെ കാഴ്ചകളും നിറയെ മനുഷ്യരുമൊക്കെയടങ്ങിയ ഈ ചിത്രങ്ങള്‍ നൊസ്റ്റാള്‍ജിയയുടെ പെരുന്നാളാണ് കാഴ്ചക്കാര്‍ക്ക് വച്ചുനീട്ടുന്നത്. വീട്ടുമുറ്റത്തെ കളികള്‍, നാട്ടുവഴിയിലെ കൂട്ടുകൂടല്‍, സിനിമാ കൊട്ടക, ബസ് യാത്രയുടെ അത്ഭുതങ്ങള്‍, സ്‌കൂള്‍കാല പ്രണയം.. എന്നുവേണ്ട കാഴ്ചക്കാരെ മധുരം നിറഞ്ഞ ഗൃഹാതുരത്വത്തിലാക്കുന്ന ഓരോ ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ ഹൃദയം കവര്‍ന്നുകഴിഞ്ഞു.
ആലപ്പുഴയില്‍ നിന്ന് 10
കലാകാരന്മാര്‍
പ്രളയം വിഴുങ്ങിയ ആലപ്പുഴയുടെ കാഴ്ചകളൊപ്പിയെടുത്ത കാജല്‍ ദത്ത്, സമകാലിക കലയെ ജനജീവിതവുമായി കോര്‍ത്തിണക്കി ഫൈബര്‍ ഗ്ലാസ്, കളിമണ്ണ് എന്നിവയില്‍ ശില്‍പങ്ങളുമായെത്തിയ കെ. രഘുനാഥന്‍, ആലപ്പുഴയിലെ ആളുകളെയും സ്ഥലങ്ങളെയും ചിത്രീകരിച്ച സുനില്‍ ലൈനസ് ഡേ, രാജ്യത്തിന്റെ ഭരണഘടനയെ സമകാലിക രാഷ്ട്രീയ പ്രതിബിംബവുമായി ബന്ധപ്പെടുത്തി സൃഷ്ടിയുമായെത്തിയ വി.എസ് ബോസ്‌ഡോ തുടങ്ങിയ 10 കലാകാരന്മാരാണ് ലോകമേ തറവാടിനെ ആലപ്പുഴയില്‍ പ്രതിനിധീകരിക്കുന്നത്.
പെണ്‍തിളക്കമായി 56 പേര്‍
ലോകമേ തറവാടിന്റെ പെണ്‍തിളക്കമായി 56 കലാകാരികളാണ് സൃഷ്ടികളുമായി എത്തിയിരിക്കുന്നത്. കുട്ടിക്കാലം, സ്വാതന്ത്ര്യം, വിവേചനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി ജീവിതത്തിന്റെ രാഷ്ട്രീയം പറയുന്ന സൃഷ്ടികളാണ് ലോകമേ തറവാട് പ്രദര്‍ശനത്തിലെത്തിയ കലാകാരികളെല്ലാം ഒരുക്കിയിരിക്കുന്നത്. മണ്ണും മണ്ണില്‍ പണിയെടുക്കുന്നവരും ലോകത്തിന്റെ തുറിച്ചുനോട്ടവുമെല്ലാം കൂര്‍ത്ത കാഴ്ചകളായിത്തന്നെയാണ് പ്രദര്‍ശനത്തില്‍ ഇടംനേടിയിരിക്കുന്നത്.
നഗരവല്‍ക്കരണം, കുടിയേറ്റം, നോഹയുടെ പേടകം...
കാഴ്ചകള്‍ അനവധി
ലോകത്തെ സ്വാധീനിച്ച വിഷയങ്ങളെല്ലാം ഒരു കുടക്കീഴില്‍ എന്ന് ഒറ്റവാക്കില്‍ ലോകമേ തറവാടിനെ അടയാളപ്പെടുത്താം. മനുഷ്യനുണ്ടായ കാലം മുതലുള്ള എല്ലാ വിഷയങ്ങളിലേക്കും പ്രദര്‍ശനത്തിലെ കലാകാരന്മാര്‍ ചാട്ടുളിയെറിയുന്നുണ്ട്. നഗരവല്‍ക്കരണം മുതല്‍ കുടിയേറ്റവും പ്രണയവും വിവേചനവുമടക്കം പൊള്ളുന്ന വിഷയങ്ങള്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ ലോകമേ തറവാടിനായി എന്നതില്‍ തര്‍ക്കമില്ല. റോഡിലൂടെ പോകുന്നവര്‍ക്ക് പോലും വിസ്മയക്കാഴ്ചയൊരുക്കുന്ന തരത്തില്‍ പോര്‍ട്ട് മ്യൂസിയത്തിന്റെ മതിലില്‍ ചിത്രീകരിച്ചിരിക്കുന്ന നോഹയുടെ പേടകം, ട്രാന്‍സ്പറന്റ് നിറങ്ങള്‍ ഉപയോഗിച്ച് സ്‌റ്റെയിന്‍ലസ് സ്റ്റീലില്‍ പൂക്കള്‍ വിരിയിച്ചിരിക്കുന്ന മൂഡി ബ്ലൂംസ്, ചാണകവും ചുണ്ണാമ്പും വെട്ടുകല്ലും മണ്ണും ഉപയോഗിച്ച് 20 അടി നീളത്തിലും 15 അടി വീതിയിലും രണ്ടടി ഉയരത്തിലും തീര്‍ത്ത പ്രകൃതിയുടെ നേര്‍ക്കാഴ്ച കാണിക്കുന്ന ഇന്‍സ്റ്റലേഷന്‍, ആപ്പില്‍ വരച്ചെടുത്ത 87 ചിത്രങ്ങള്‍, ആലപ്പുഴയുടെ ചരിത്രം പറയുന്ന വാഗീശ്വരി എന്ന അത്ഭുത ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍... തുടങ്ങി പറഞ്ഞാല്‍ തീരാത്ത കാഴ്ച വസന്തമാണ് ആലപ്പുഴ കാത്തുവച്ചിരിക്കുന്നത്. ലോകമേ തറവാട് വെറുതേ കണ്ട് കളയേണ്ട പ്രദര്‍ശനമല്ല, ഇതൊരു ലോകസംസ്‌കൃതിയുടെ വിളവെടുപ്പുത്സവമാണ്. കണ്ടവര്‍ക്ക് കാഴ്ചവിസ്മയം, കാണാത്തവര്‍ക്ക് നഷ്ടം! തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."