ആരും ആരുടെയും മേലെയല്ല
ഒരിക്കല്‍ ശരീരാവയവങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. ആരാണ് ഉന്നതന്‍ എന്നതായിരുന്നു തര്‍ക്കവിഷയം. തല തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു: ''എന്റെ അത്ര ഉന്നതനായ ഒരാളുമില്ല. എന്നെ സ്ഥാപിച്ചതു തന്നെ ഉന്നതമായ സ്ഥലത്താണ്. ഞാന്‍ ഉന്നതനാണെന്നതിനുള്ള വ്യക്തമായ തെളിവാണത്. ഞാനില്ലെങ്കില്‍ നിങ്ങളെല്ലാം ജീവച്ഛവങ്ങള്‍. അതുകൊണ്ടല്ലേ എന്നെ വെട്ടിമാറ്റിയാല്‍ നിങ്ങളെല്ലാം നിലംപരിശാവുന്നത്. അതിനാല്‍ എന്റെ ഒന്നത്യം നിങ്ങളെല്ലാം അംഗീകരിച്ചേ പറ്റൂ.''
തലയുടെ അവകാശവാദം കേട്ടപ്പോള്‍ കണ്ണിന് നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. കണ്ണ് കണ്ണുവിടര്‍ത്തി പറഞ്ഞു: ''താനില്ലെങ്കില്‍ ഒന്നുമില്ല എന്നാണല്ലോ തലയുടെ വാദം. ശരി, വാദത്തിനുവേണ്ടി അംഗീകരിക്കുന്നു. പക്ഷേ, ഒന്നും കാണാതെ തല മാത്രമുണ്ടായിട്ടെന്തു കാര്യം...? ഞാനാണ് നിങ്ങള്‍ക്കെല്ലാം വഴി കാണിച്ചുതരുന്നത്. ഇത്ര മനോഹരമായ ലോകത്തെ നിങ്ങള്‍ക്ക് ദൃശ്യമാക്കിത്തരുന്നതും ഞാന്‍. ഞാനില്ലെങ്കില്‍ നിങ്ങള്‍ എവിെടയെങ്കിലും ചെന്ന് ചാടും. അങ്ങനെ നിങ്ങളുടെ ജീവന്‍ പൊലിയും. അതിനാല്‍ എന്റെ ഔദാര്യത്തിലാണ് നിങ്ങളെല്ലാം ജീവിക്കുന്നതെന്നോര്‍ക്കുക. ഞാനാണ് നിങ്ങള്‍ക്കിടയില്‍ ഏറ്റവും ഉന്നതന്‍..''
കണ്ണിന്റെ വീരവാദം കേട്ടപ്പോള്‍ വായയ്ക്ക് സഹികെട്ടു. അതുവരെ മൗനിയായിനിന്ന വായ വലിയ വായില്‍ പറഞ്ഞു: ''എല്ലാം ദൃശ്യമാക്കിത്തരുന്നത് കണ്ണാണ്. ശരി, അതുമാത്രമുണ്ടായിട്ടെന്തു കാര്യം..? ഞാനില്ലെങ്കില്‍ നിങ്ങളെങ്ങനെ മറ്റുള്ളവരോട് ആശയവിനിമയം നടത്തും...? എങ്ങനെ അന്നം കഴിക്കും...? എങ്ങനെ മറ്റുള്ളവരോട് ചിരിക്കും...? അതു സഹിച്ചിരിക്കാന്‍ നിങ്ങള്‍ക്കാകുമോ..? ഞാനുള്ളതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു എന്ന് കരുതിക്കോളൂ. എന്നെ കവച്ചുവയ്ക്കാന്‍ മാത്രം നിങ്ങളിലൊരുത്തനും വളര്‍ന്നിട്ടില്ല..''
വായ തന്റെ വാദം പറഞ്ഞവസാനിപ്പിച്ചില്ല. അപ്പോഴേക്കും കൈ കൈയുയര്‍ത്തി പറഞ്ഞു: ''വരൂ, എന്നോട് മല്ലിടാന്‍ വരൂ. എന്നെ കീഴടക്കാന്‍ മാത്രം ആണത്തമുള്ളവരെയൊന്നു കാണട്ടെ. നിങ്ങള്‍ക്കെല്ലാം വേണ്ടി ദിവസവും അധ്വാനിക്കുന്നത് ഞാനാണ്. നിങ്ങളിലാര്‍ക്കെങ്കിലും വല്ല വേദനയുമനുഭവപ്പെട്ടാല്‍ ഉഴിഞ്ഞുതരുന്നത് ഞാനാണ്. നിങ്ങള്‍ക്കെതിരെ ഏതെങ്കിലും ശത്രു വന്നാല്‍ പ്രതിരോധിച്ചു നിങ്ങളുടെ ജീവന്‍ രക്ഷിക്കുന്നത് ഞാനാണ്. ജീവിതത്തിനാവശ്യമായ ഊര്‍ജം കിട്ടണമെങ്കില്‍ ഭക്ഷണം വേണം. ആ ഭക്ഷണം വായിലേക്ക് വച്ചുതരുന്നതും ഞാനാണ്. ഞാനില്ലെങ്കില്‍ നിങ്ങളുടെ കഷ്ടകാലം. അതുകൊണ്ട് എന്നെക്കാള്‍ പൊന്താന്‍ നോക്കണ്ട. അതിനു മാത്രം ആരും വളര്‍ന്നിട്ടില്ല.''
കൈ ഇമ്മട്ടില്‍ വീരവാദം മുഴക്കിയാല്‍ കാലിന് നില്‍പുറക്കുമോ..? കാല്‍ പറഞ്ഞു: ''കൈയിന്റെ അവകാശവാദം കേട്ടാല്‍ തോന്നും അവനില്ലെങ്കില്‍ ലോകം തന്നെയില്ലെന്ന്. അവന്‍ അധ്വാനിച്ചിട്ടാണ് ഭക്ഷണം കിട്ടുന്നതെന്നു പറഞ്ഞാല്‍ അതങ്ങനെയങ്ങ് അംഗീകരിച്ചുകൊടുക്കാനാകില്ല. ഞാനാണ് അവനെയും നിങ്ങളെയുമെല്ലാം കര്‍മരംഗത്തേക്കു കൊണ്ടുപോകുന്ന വാഹനം. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്ക് എഴുന്നേറ്റുനില്‍ക്കാന്‍ തന്നെ കഴിയില്ല; എന്നിട്ടല്ലേ ബാക്കി. എന്റെ സ്ഥാനം നിങ്ങള്‍ക്കെല്ലാം താഴെയാണെന്നതു ശരി. പക്ഷേ, അതു പ്രത്യക്ഷത്തിലേയുള്ളൂ. യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കെല്ലാം മേലെയാണു ഞാന്‍. നിങ്ങളുടെയെല്ലാം അടിത്തറയും അടിസ്ഥാനവുമായതുകൊണ്ടാണ് ഞാന്‍ അടിയില്‍ സ്ഥിതിചെയ്യുന്നത്.''
തര്‍ക്കങ്ങള്‍ മൂര്‍ച്ചിക്കുക തന്നെയാണ്. ആരെടാ എന്നെ തോല്‍പിക്കാന്‍ എന്ന ഭാവത്തില്‍ കാതും മൂക്കും നാക്കുമെല്ലാം വീരവാദങ്ങളുമായി മുന്നോട്ടുവരാന്‍ ഒരുങ്ങിനില്‍ക്കുന്നു. അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നു കണ്ടപ്പോള്‍ ബുദ്ധി മുന്നോട്ടുവന്നു പറഞ്ഞു:
''സഹോദരന്മാരേ, നിങ്ങളീ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക. അതില്‍ ഒരു കാര്യവുമില്ല. ഓരോരുത്തരും പറഞ്ഞല്ലോ ഞാനാണ് ഏറ്റവും ഉന്നതനെന്ന്. ഓരോരുത്തരും അതിനു ന്യായങ്ങള്‍ നിരത്തുകയും ചെയ്തു.. എല്ലാം ശരി തന്നെ. പക്ഷേ, 'ഞാനാണ്' എന്ന ഭാഗം ഒഴിവാക്കിയാല്‍ മാത്രം മതി. ആരും ആരെക്കാളും മേലെയല്ല, താഴെയുമല്ല. എല്ലാവരും ഉന്നതര്‍ തന്നെയാണ്. കണ്ണിനുള്ള കഴിവ് വായയ്ക്കില്ല. വായയ്ക്കുള്ള കഴിവ് കണ്ണിനുമില്ല. കൈകള്‍ക്കു ചെയ്യാന്‍ കഴിയുന്നത് കാലിനു ചെയ്യാനാകില്ല. കാലിന് ചെയ്യാനാകുന്നത് കൈകള്‍ക്കും ചെയ്യാനാകില്ല. ഓരോരുത്തരും വ്യത്യസ്ത കഴിവുകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അത് അഹങ്കരിക്കാനോ മറ്റുള്ളവരെ ഇകഴ്ത്താനോ അല്ല, ഒരേ ലക്ഷ്യത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കാനാണ്. വ്യത്യസ്ത കഴിവുകള്‍ ഒന്നിക്കുമ്പോള്‍ അവിടെ വലിയ വിപ്ലവങ്ങള്‍ ഉണ്ടാകും.
തനിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത കഴുവുണ്ടെന്നു കരുതി അഹങ്കരിച്ചാല്‍ മുന്നോട്ടുപോകാനാകില്ല. എല്ലാം കാണിക്കുന്നത് താനാണെന്നു പറഞ്ഞ് കണ്ണിന് സ്വന്തമായി ജീവിക്കാനാകുമോ..? അധ്വാനിക്കുന്നത് ഞാനാണെന്നും പറഞ്ഞ് നടന്നാല്‍ കൈകള്‍ക്ക് സ്വന്തമായി മുന്നോട്ടുപോകാനാകുമോ..? എല്ലാവര്‍ക്കും ഓരോ സ്ഥാനവും മാനവുമുണ്ട്. അതു സ്ഥാപിക്കാന്‍ മറ്റുള്ളവന്റെ സ്ഥാനമാനങ്ങള്‍ എന്തിനു നിഷേധിക്കണം..? ആര്‍ക്കും സ്വന്തം കഴിവുകള്‍ മാത്രം ഉപയോഗപ്പെടുത്തി തനിച്ചു ജീവിക്കാനാകില്ല. മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ തന്റെ കഴിവുകളെ പുറത്തെടുക്കാന്‍ തന്നെ കഴിയുകയുള്ളൂ. അതിനാല്‍ ആരും താഴെ നില്‍ക്കേണ്ട, മേലെയും നില്‍ക്കേണ്ട; ഒന്നിച്ചുനിന്നാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."