മുറതെറ്റാതെ പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗിലിനെതിരേ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല
ഫൈസല്‍ കോങ്ങാട്
പാലക്കാട്: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടികളും മതമേലധ്യക്ഷന്മാരും ദിവസങ്ങളായി തുടരുന്ന പ്രകൃതിക്ഷോഭത്തില്‍ മൗനം പാലിക്കുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു പ്രത്യേക സമുദായത്തിന് എതിരേയുള്ള നീക്കങ്ങളുടെ ഭാഗമാണെന്നുവരെ പ്രചരിപ്പിച്ചവര്‍ ദുരന്തത്തിന്റെ ഇരകളെ ആശ്വസിപ്പിക്കാന്‍പോലും തയാറാതെ മാറിനില്‍ക്കുകയാണ്.
കേരള കോണ്‍ഗ്രസാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ തുടക്കംമുതല്‍ സമരരംഗത്തുണ്ടായിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മുതല്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ തങ്ങളുടെ വരുമാനത്തിനും ബിസിനസ് താല്‍പര്യങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന ഭയമാണ് റിപ്പോര്‍ട്ടിനെതിരെ രംഗത്തുവരാന്‍ കോര്‍പറേറ്റുകളെയും രാഷ്ട്രീയപാര്‍ട്ടികളെയും പ്രേരിപ്പിച്ചത്.
റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ മലയോരമേഖലയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമെന്ന രീതിയിലായിരുന്നു പ്രചാരണം. വന്‍കിട മുതലാളിമാര്‍ ഇളക്കിവിട്ട സമരം പതുക്കെ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്നു.
മലയോരമേഖലയിലെ ജനങ്ങളുടെ അന്തകനായി മാധവ് ഗാഡ്ഗിലിനെ ചിത്രീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞത് മനസിലാക്കാന്‍ തയാറാകാതെയാണ് പലരും സമരരംഗത്തെത്തിയത്.
2018ല്‍ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായി. എന്നിട്ടും റിപ്പോര്‍ട്ട് അംഗീകരിക്കാനോ നടപ്പാക്കാനോ സര്‍ക്കാര്‍ തയാറായില്ല. പശ്ചിമഘട്ടത്തിലെ പ്രകൃതി ചൂഷണവും കാലാവസ്ഥാ മാറ്റവുമാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."