ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് സംസ്ഥാനം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് സച്ചാര്‍ കമ്മിഷന്റെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെയും കണ്ടെത്തലുകളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കോളജ് പ്രവേശനത്തിന്റെ കാര്യത്തില്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പിന്നിലാണെന്ന് പാലോളി കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തില്‍ മറ്റു സമുദായങ്ങളേക്കാള്‍ ഏറെ പിന്നിലാണെന്ന കണ്ടെത്തലുമുണ്ട്. അതുകൊണ്ടാണ് ഭരണഘടനയുടെ 14(4) വകുപ്പിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി നീക്കിവച്ചത്.
2011 ജനുവരിയില്‍ ആനുകൂല്യത്തിന്റെ 20 ശതമാനം ക്രിസ്ത്യന്‍ സമുദായത്തിലെ ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ കണ്ടെത്തിയതിനാലാണിത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനങ്ങളൊന്നും നടത്തിയിട്ടില്ല.
ഇത്തരത്തില്‍, പഠനമില്ലാതെ ക്രിസ്ത്യന്‍ സമുദായത്തിന് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്ന മെയ് 28ലെ ഹൈക്കോടതി ഉത്തരവ് തെറ്റായ നടപടിയാണെന്നും ഹരജി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കാവസ്ഥ പരിശോധിക്കുന്നതിന് റിട്ട. ജഡ്ജി ജെ.ബി കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അതിന് ആനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഭരണഘടനാ ലംഘനമില്ല. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ കേരളം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."