സി.പി.എമ്മില്‍ തുടരുന്ന ജാതീയാധിക്ഷേപങ്ങള്‍
എം.ജി സര്‍വകലാശാലാ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ വനിതാ നേതാവിനെ ചവിട്ടുകയും ലൈംഗികാതിക്രമം നടത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ മാനസികനിലയില്‍ അത്ഭുതപ്പെടേണ്ടതില്ല. സി.പി.എമ്മില്‍ ഇതൊരു പരമ്പരാഗത രോഗമാണ്. സി.പി.എമ്മിന്റെ പൂര്‍വകാല നേതാക്കളും ഇപ്പോഴുള്ളവരും സവര്‍ണ ജാതീയതയുടെ തടവുകാരായിരുന്നു. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വം വര്‍ഗരാഷ്ട്രീയ സിദ്ധാന്തം എന്നോ ഉപേക്ഷിച്ചതുമാണ്.
എ.ഐ.എസ്.എഫ് നേതാവായ പെണ്‍കുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുംവിധം എസ്.എഫ്.ഐ തരംതാണിട്ടുണ്ടെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. പൂര്‍വകാല നേതാക്കളില്‍നിന്നാണ് ഇതിന്റെ അന്വേഷണം തുടങ്ങേണ്ടത്. ഇപ്പോഴാകട്ടെ അവര്‍ക്ക് അതിനുള്ള മാതൃക സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ തന്നെയാണ്.ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രചാരണപരിപാടിക്കിടെ കോണ്‍ഗ്രസ് യുവജന നേതാവായ രമ്യാ ഹരിദാസിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച മേല്‍ക്കോയ്മ വിജയരാഘവനുണ്ട്. അദ്ദേഹം ലൈംഗികച്ചുവയോടെ രമ്യാ ഹരിദാസിനെ അവഹേളിച്ചതും മറക്കാറായിട്ടില്ല.
ഫാസിസ്റ്റ് സംഘടനയായി എസ്.എഫ്.ഐ മാറിയെന്നുപറയുന്നത് രക്തം രക്തത്തെ തിരിച്ചറിയുമെന്ന് കമ്യൂണിസ്റ്റുകാര്‍തന്നെ പറയുന്ന അതേ ചെങ്കൊടി പിടിക്കുന്ന, കമ്യൂണിസ്റ്റ് രക്തത്തില്‍ പിറന്ന സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവാണ്. 'അശ്ലീല ഭാഷയില്‍ എന്നെ ഭീഷണിപ്പെടുത്തി. മുതുകില്‍ തൊഴിച്ചു. ദേഹത്ത് കടന്നുപിടിച്ചു. ജീവന്‍പോകുന്ന വേദനയാണ് അനുഭവിച്ചത്. ആ വേദന സ്ത്രീകള്‍ക്കേ അറിയൂ'- എന്നുവരെ ഇടതുപക്ഷ വര്‍ഗരാഷ്ട്രീയവും സ്ത്രീപക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന വനിതാ നേതാവിനുവരെ പറയേണ്ടിവരുന്ന അവസ്ഥ സഹോദരസംഘടനയായ എസ്.എഫ്.ഐയില്‍ നിന്നുണ്ടായിയെന്നത് ആ വിദ്യാര്‍ഥി സംഘടനയുടെ അധഃപതനമാണ് അടയാളപ്പെടുത്തുന്നത്.
വര്‍ഗരാഷ്ട്രീയ സിദ്ധാന്തത്തില്‍നിന്ന് സി.പി.എം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റില്‍ ആദ്യമായെത്തിയപ്പോള്‍, പാര്‍ലമെന്റിന്റെ ആഡംബരം കണ്ട് താന്‍ വര്‍ഗരാഷ്ട്രീയ സിദ്ധാന്തത്തില്‍നിന്ന് വ്യതിചലിച്ചുപോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി എ.കെ.ജി പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എന്താണോ ഭയപ്പെട്ടത്, അതാണ് എത്രയോ മുമ്പ് സി.പി.എമ്മിലും ഇപ്പോള്‍ എസ്.എഫ്.ഐയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അധികാര രാഷ്ട്രീയത്തിന്റെ മധുരാലസ്യത്തിലാണ് സി.പി.എം ഇപ്പോള്‍. അതുകൊണ്ടാണവര്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കേണ്ട തത്വദീക്ഷകളെല്ലാം കാറ്റില്‍പ്പറത്തി ഇന്നലെ വരെ വര്‍ഗീയ, പ്രതിലോമ രാഷ്ട്രീയപാര്‍ട്ടികളെന്ന് അവര്‍ ആക്ഷേപിച്ചവരെ ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ തുടര്‍ന്ന് പുറത്തുവന്നുകൊണ്ടിരുന്ന സ്ഥാനമോഹികള്‍ക്കുവേണ്ടി വാതില്‍തുറന്ന് കാത്തിരുന്നത് സി.പി.എം നേതൃത്വത്തിന്റെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്.
പ്രത്യയശാസ്ത്രം മാറ്റിവച്ച് വര്‍ഗീയതയുടെയും ജാതീയതയുടെയും വക്താക്കളായി അവര്‍ മാറി. പുരോഗമന രാഷ്ട്രീയത്തിനുണ്ടായ മുരടിപ്പിന്റെ ഉദാഹരണമാണിത്. സി.പി.എം രാഷ്ട്രീയത്തിലെ നൈതികതയും മൂല്യവും എന്നോ ചോര്‍ന്നുപോയിരിക്കുന്നു. ഇ.എം.എസില്‍ നിന്നുതന്നെ ഇതാരംഭിച്ചിട്ടുണ്ട്. ഇ.എം.എസ് തനി നമ്പൂതിരിയും ജാതിവാദിയും താഴ്ന്ന ജാതിക്കാരോട് പുച്ഛവുമുള്ള ആളായിരുന്നുവെന്ന് പറഞ്ഞത് സാക്ഷാല്‍ കെ.ആര്‍ ഗൗരിയമ്മയാണ്. തന്നെ മുഖ്യമന്ത്രിയാക്കുന്നത് തടഞ്ഞത് ഇ.എം.എസ് ആയിരുന്നുവെന്നും അതിനുള്ള കാരണം ജാതീയതയായിരുന്നുവെന്നും ഗൗരിയമ്മ പലതവണ പറഞ്ഞിട്ടുണ്ട്.
യാഥാര്‍ഥ്യബോധത്തോടെ ഇ.എം.എസിനെ ചെറിയൊരുവിഭാഗം മാത്രമേ വിലയിരുത്തിയിട്ടുള്ളൂ. ഗൗരിയമ്മ ഉന്നയിക്കുന്ന ജാതീയത തന്നെയായിരുന്നു ഇ.എം.എസിന്റെ മുഖമുദ്ര. വര്‍ഗരാഷ്ട്രീയത്തിന്റെ നാവായി ഇ.എം.എസ് വാഴ്ത്തപ്പെട്ടെങ്കിലും സി.പി.എം അഖിലേന്ത്യാ സെക്രട്ടറിപദത്തില്‍ എത്തിയിട്ടുപോലും തന്റെ സവര്‍ണ അടരുകള്‍ പൊഴിച്ചുകളയാന്‍ അദ്ദേഹം സന്നദ്ധനായില്ല. എല്ലാ നമ്പൂതിരിമാര്‍ക്കും പുറത്തായിരുന്നു പൂണൂലെങ്കില്‍ ഇ.എം.എസിന് അകത്താണെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ വിലയിരുത്തിയിരുന്നത്. മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചിരുന്ന ഇ.എം.എസിന്റെ നാലു മക്കളും സ്വജാതിയില്‍ നിന്ന് വിവാഹംചെയ്തത് ആര്‍ക്കും ഒരു വിഷയം പോലുമായില്ല. മറ്റു സംസ്ഥാനങ്ങളില്‍ ദലിതര്‍ സംഘടിച്ച് മുഖ്യമന്ത്രിപദത്തില്‍ വരെ എത്തി. എന്നാല്‍, കേരളത്തില്‍ അവരെ ചെങ്കൊടിക്കുകീഴെ നിര്‍ത്തി ഷണ്ഡീകരിച്ചത് ജാതിബോധത്തില്‍ നിന്നുണ്ടായ സവര്‍ണ വിചാരത്താലായിരുന്നു. അംബേദ്കര്‍ ചിന്തകള്‍ കേരളത്തിലെ ദലിതരില്‍ പടരാതിരിക്കാന്‍ ഇ.എം.എസ് വളരെയധികം ശ്രദ്ധിച്ചിരുന്നു. ചെങ്കൊടിയേന്തിയ അധഃസ്ഥിതന്‍ വര്‍ഗബോധത്താല്‍ ഉത്തേജിതനായെങ്കിലും സി.പി.എമ്മിലെ സവര്‍ണ നേതൃത്വം ജാതീയതയെ മനസിന്റെ ഉള്ളറകളില്‍ സൂക്ഷിച്ച് അവരെ ഉയരാന്‍ അനുവദിച്ചില്ല. അതിന്റെയൊക്കെ തനിയാവര്‍ത്തനം തന്നെയാണിപ്പോഴും സി.പി.എമ്മിലും എസ്.എഫ്.ഐയിലും നടക്കുന്നത്. അവ തടുത്തുനിര്‍ത്താനാവാതെ വരുമ്പോഴാണ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലും ജാതീയമായി അധിക്ഷേപിക്കാനുള്ള ആസക്തിയായി വളരുന്നത്. അതുതന്നെയാണ് എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ കലഹത്തിനിടെ എസ്.എഫ്.ഐ നേതാവില്‍ നിന്ന് എ.ഐ.എസ്.എഫ് വനിതാ നേതാവിനുണ്ടായ തിക്താനുഭവവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."