കൊവിഡ് വ്യാപനചിത്രം വ്യക്തമാക്കി സിറോ സര്‍വേb ; 40 ശതമാനം കുട്ടികളില്‍ ആന്റിബോഡി സാന്നിധ്യം
രോഗം ബാധിച്ച അഞ്ചു ശതമാനം പേരില്‍ ആന്റിബോഡിയില്ല
തിരുവനന്തപുരം: ആരോഗ്യവകുപ്പ് കഴിഞ്ഞ മാസം നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ കുട്ടികളില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് 40.2 ശതമാനം പേരില്‍ മാത്രം.
അഞ്ചു വയസിനും 17 വയസിനുമിടയിലുള്ള കുട്ടികളിലെ ആന്റിബോഡി സാന്നിധ്യമാണ് സര്‍വേയുടെ ഭാഗമായി പരിശോധിച്ചത്. അറുപത് ശതമാനം കുട്ടികള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത ശേഷിക്കുന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ കൊവിഡ് കേസുകള്‍ കൂടാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ രോഗപ്രതിരോധ നടപടികളുടെ വിജയമായാണ് കുട്ടികളിലെ കുറഞ്ഞ സിറോ പോസിറ്റിവിറ്റിയെ കാണേണ്ടത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. പ്രതിരോധ നടപടികള്‍ ഫലപ്രദമായത് കൊണ്ടാണ് അറുപത് ശതമാനം കുട്ടികളെയും രോഗം പിടിപെടുന്നതില്‍നിന്ന് സുരക്ഷിതരാക്കാന്‍ കഴിഞ്ഞത്. രോഗവ്യാപനതോത് നേര്‍രേഖയിലേക്ക് മാറിയെന്ന ആശ്വാസകരമായ സൂചനയും ഇതു നല്‍കുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
വാക്‌സിന്‍ എടുത്തില്ലെങ്കിലും കുട്ടികള്‍ക്ക് കൊവിഡ് ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത വളരെകുറവാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനസമിതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്തവരില്‍ 70.01 ശതമാനം പേര്‍ക്കും കൊവിഡ് വന്നു പോയിയെന്നതാണ് സര്‍വേയിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. വാക്‌സിന്‍ എടുക്കാത്ത 18 വയസിനു മുകളിലുള്ള 847 പേരിലാണ് പരിശോധന നടത്തിയത്. ഇവരില്‍ 593 പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ഇവര്‍ക്ക് രോഗം വന്നുപോയി എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ രോഗം ബാധിച്ച അഞ്ചു ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇവര്‍ക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് 75 ശതമാനത്തിലേറെ പേര്‍ക്കും കൊവിഡ് വന്നുപോയിരിക്കാമെന്ന സൂചനയും സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."