അനുപമയുടെ പിതാവിനും ഷിജുഖാനുമെതിരേ സി.പി.എം നടപടിയെടുത്തേക്കും
തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിനം കുഞ്ഞിനെ തട്ടികൊണ്ടുപോയി ദത്തുനല്‍കിയ സംഭവം സര്‍ക്കാരിനെയും സി.പി.എമ്മിനെയും കൂടുതല്‍ കുരുക്കിലാക്കിയതോടെ അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രനും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനുമെതിരേ പാര്‍ട്ടി നടപടിയെടുത്തേക്കും. ഷിജുഖാനെ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പി.എസ് ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കിയേക്കും. സംഭവത്തില്‍ സി.പി.എമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കളും സര്‍ക്കാരും അനുപമയ്ക്ക് പിന്തുണയുമായി രംഗത്തുവന്ന സാഹചര്യത്തിലാണിത്. കുഞ്ഞിനെ മാറ്റിയെന്ന് ജയചന്ദ്രന്‍ പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ വിശദീകരണം തേടാതെ തന്നെ നടപടിയിലേക്ക് നീങ്ങാന്‍കഴിയും. പാര്‍ട്ടി സമ്മേളനകാലമായതിനാല്‍ യോഗങ്ങളിലെല്ലാം കടുത്തതോതിലുള്ള വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് രണ്ടുപേര്‍ക്കുമെതിരേ നടപടി സ്വീകരിച്ച് മുഖംരക്ഷിക്കാനുള്ള നീക്കം സി.പി.എം ആലോചിക്കുന്നത്.
അനുപമയുടെ മാതാവ് സ്മിത ജെയിംസ് പേരൂര്‍ക്കട ബ്രാഞ്ച് അംഗമാണ്. നിയമവിരുദ്ധ ദത്തെടുക്കലിന് കൂട്ടുനിന്ന ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ ലോക്കല്‍ കമ്മിറ്റിയംഗം അനില്‍കുമാര്‍, കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ സഹായിച്ച ബ്രാഞ്ച് അംഗം രമേശന്‍ അമ്പലമുക്ക് എന്നിവര്‍ക്കെതിരേയും നടപടി വരും. സംഭവം ഇത്ര വഷളായിട്ടും ഇവരില്‍ ആരോടും പാര്‍ട്ടി ഇതുവരെ വിശദീകരണം തേടിയിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം നടന്ന പേരൂര്‍ക്കട ലോക്കല്‍ സമ്മേളനത്തില്‍ ജയചന്ദ്രനും അനില്‍കുമാറും വീണ്ടും ലോക്കല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ശനിയാഴ്ച പേരൂര്‍ക്കടക്ക് സമീപത്തെ കരകുളത്ത് നടന്ന ലോക്കല്‍ സമ്മേളനത്തില്‍ പ്രാദേശിക നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം വഷളാക്കിയത് പ്രാദേശിക നേതൃത്വമാണെന്ന പൊതുവികാരം ജില്ലയിലെ പാര്‍ട്ടിയംഗങ്ങള്‍ക്കുണ്ട്. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പ്രാദേശിക നേതൃത്വം ദയനീയമായി പരാജയപ്പെട്ടെന്നാണ് പൊതുവികാരം. കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ കടുത്ത തീരുമാനങ്ങള്‍ കോടതിയില്‍ നിന്നുണ്ടായാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. അതിന് മുമ്പ് തന്നെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."