തടവുകാരില്ലാത്ത ലക്ഷദ്വീപില്‍ പുതിയ ജയില്‍
ജലീല്‍ അരൂക്കുറ്റി
കവരത്തി: കുറ്റകൃത്യങ്ങള്‍ വിരളമായ ലക്ഷദ്വീപില്‍ നിലവിലുള്ള ജയിലുകള്‍ തടവുകാരില്ലാതെ കാലിയായിരിക്കെ പുതിയ ജയില്‍ നിര്‍മിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ തീരുമാനം.
കവരത്തിയില്‍ 26 കോടി രൂപ ചെലവഴിച്ച് പുതിയ ജയില്‍ കോംപ്‌ളക്‌സ് നിര്‍മിക്കുന്നതിനായി ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. 26 കോടി 27 ലക്ഷം രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന ജയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണം. നവംബര്‍ എട്ടിന് വൈകിട്ട് മൂന്ന് വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാവുന്നത്. വന്‍കിട നിര്‍മാണകമ്പനികളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ ജയില്‍ നിര്‍മിക്കാന്‍ പദ്ധതി ആസുത്രണം ചെയ്യുന്നതായി 2021 ജൂണ്‍ 28 ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 21 ന് ലക്ഷദ്വീപ് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.കെ അബ്ദുല്‍സലാമാണ് ടെന്‍ഡര്‍ നോട്ടിസ് പുറപ്പെടുവിച്ചത്.
നിലവില്‍ കവരത്തിയില്‍ ഉള്‍പ്പെടെ ലക്ഷദ്വീപില്‍ നാല് സബ്ജയിലുകളാണ് ഉള്ളത്. അമിനി, ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളിലാണ് മറ്റു ജയിലുകള്‍ ഉള്ളത്. കുറ്റകൃത്യങ്ങള്‍ തീരെ കുറഞ്ഞ ലക്ഷദ്വീപില്‍ വര്‍ഷങ്ങളായി ഇവ ഒഴിഞ്ഞുകിടക്കുകയാണ്. 20 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കവരത്തി ജയിലില്‍ ഇപ്പോള്‍ വിചാരണ തടവുകാരായി 14 പേര്‍ മാത്രമാണുള്ളത്. 10 പേരെ വീതം പാര്‍പ്പിക്കാന്‍ കഴിയുന്ന മറ്റു ജയിലുകളില്‍ ആരും തന്നെയില്ല.
ശിക്ഷിക്കപ്പെടുന്നവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവിടെ നിന്ന് അയക്കുന്നത്. നിലവില്‍ തടവുകാരുടെ എണ്ണം കുറഞ്ഞ ദ്വീപില്‍ കോടികള്‍ മുടക്കി വലിയ ജയില്‍ നിര്‍മിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ തീരുമാനത്തെ ജനങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ദ്വീപിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാതെ കോടികള്‍ മുടക്കിയുള്ള ജയില്‍ ധൂര്‍ത്താണെന്നും നിലവിലെ സാഹചര്യത്തില്‍ വലിയ ജയിലിന്റെ ആവശ്യം ദ്വീപില്‍ ഇല്ലെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഹസന്‍ ബൊഡുമുക്കഗോത്തിയും ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."